ഒരു ലോട്ടറി ടിക്കറ്റ്, അതിന് ഒന്നാം സമ്മാനം… മോഷ്ടിക്കപ്പെടുന്ന ആ ലോട്ടറി ടിക്കറ്റിന്റെ പേരിൽ വാക്കുതർക്കം, കയ്യാങ്കളി, കൊലപാതകം! നിറയെ ട്വിസ്റ്റുകളും സർപ്രൈസുകളുമുള്ള ഒരു കോമഡി – മിസ്റ്ററി ത്രില്ലർ. ആംഗലേയ പദപ്രയോഗങ്ങൾ കേട്ട് അടുത്തിടെ ഇറങ്ങിയ ഏതെങ്കിലും സിനിമയെക്കുറിച്ചാണ് എന്ന് കരുതിയെങ്കിൽ തെറ്റി. പറഞ്ഞു വന്നത് അൽപ്പം പഴയ സിനിമയെക്കുറിച്ചാണ്. പഴയതെന്ന് പറയുമ്പോൾ 1970ൽ. അതെ, ഈ 21-ാം നൂറ്റാണ്ടിലും പലരും സിനിയാക്കുന്ന പ്ലോട്ടിൽ ഗംഭീരമായൊരു ത്രില്ലർ 1970ൽ എടുത്ത് വെച്ചിട്ടുണ്ട് എ.ബി രാജ് എന്ന സംവിധായകൻ. ചിത്രത്തിന്റെ പേര് ‘ലോട്ടറി ടിക്കറ്റ്’.
ചങ്ങനാശ്ശേരി പട്ടണത്തിൽ ലോട്ടറി വിൽക്കുന്ന ലോട്ടറി മേനോനിൽ കഥ തുടങ്ങുന്നു. ലോട്ടറി മേനോനും സഹായികളും നഗരത്തിൽ ഓടി നടന്ന് ലോട്ടറി വിൽക്കുകയാണ്. നഗരത്തിലെ സ്റ്റുഡിയോ ഉടമയായ വേണുഗോപാലിനെയും നിർബന്ധിച്ച് ഒരു ടിക്കറ്റ് എടുപ്പിക്കുന്നു. ഭാഗ്യമോ നിർഭാഗ്യമോ, ആ ലോട്ടറിക്ക് ഒന്നാം സമ്മാനം അടിക്കുന്നു. എന്നാൽ തന്റെ പക്കലുള്ള ടിക്കറ്റ് മോഷ്ടിക്കപ്പെട്ടു എന്ന് വേണുഗോപാൽ തിരിച്ചറിയുന്നു. ലോട്ടറി ടിക്കറ്റ് എങ്ങനെ മോഷ്ടിക്കപ്പെട്ടു എന്ന വേണുഗോപാലിന്റെ അന്വേഷണവും
തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമ. എന്നാലിത് മാത്രവുമല്ല സിനിമ. വേണുഗോപാലായി നിത്യ ഹരിത നായകൻ പ്രേം നസീറും ലോട്ടറി മേനോനായി അടൂർ ഭാസിയുമാണ് വേഷമിടുന്നത്. ഇവർക്കു പുറമെ കെ.പി ഉമ്മർ, ഷീല, ജി.കെ പിള്ള, ജോസ് പ്രകാശ് എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

ട്വിസ്റ്റുകളുടെ പെരുമഴയാണ് ‘ലോട്ടറി ടിക്കറ്റി’ൽ നിറച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ഊഹങ്ങൾക്ക് യാതൊരു ഇടവും കൊടുക്കാതെ അതിവിദഗ്ധമായാണ് കഥ മുന്നോട്ട് നീങ്ങുന്നത്. അവസാന നിമിഷം വരെയും സിനിമ സർപ്രൈസുകൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവെക്കുന്നുണ്ട്. പുതിയ കാലത്തെ തിരക്കഥകളുടെ കെട്ടുറപ്പിൽ തൃപ്തിവരാത്തവർ തീർച്ചയായും കണ്ടിരിക്കണം ലോട്ടറി ടിക്കറ്റ്. അനാവശ്യമായ സീനുകളോ ഒരു തരി ലാഗോ ഇല്ലാതെയാണ് ചിത്രത്തെ കൊത്തിയെടുത്തിരിക്കുന്നത്.
ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ ശക്തമായ രാഷ്ട്രീയ വിമർശനം കൂടെ മുന്നോട്ട് വെക്കുന്നുണ്ട് സിനിമ. അവയെയൊന്നും ഒരു കാലത്തിന്റെ മാത്രം ഫ്രെയ്മിൽ ഒതുക്കി നിർത്താനാവുന്നതുമല്ല. ഒരു രൂപയ്ക്ക് ലോട്ടറി മേനോൻ തന്റെ ലോട്ടറികൾ വിൽക്കുമ്പോൾ എതിരാളി എത്തി ഇതേ കവലയിൽ 95 പൈസയ്ക്ക് ലോട്ടറി വിൽക്കാൻ ആരംഭിക്കും. ലോട്ടറി വിറ്റുപോകാൻ ഒരു മാർക്കറ്റിങ് തന്ത്രം കൂടെ ഇയാൾ പയോഗിക്കുന്നുണ്ട്,’ദേശസ്നേഹം’.ഇതോടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നു. സമകാലിക ഇന്ത്യയിൽ നിന്ന് ഈ രംഗം കാണുന്ന ഒരാൾക്ക് കണക്ട് ആകാതിരിക്കുന്നതെങ്ങനെ! എതിരാളിയായ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് മുഴുവൻ ലോട്ടറിയും 95 പൈസയ്ക്ക് വാങ്ങി, വിപണികീഴടക്കിയ ശേഷം ഇന്നിനി ഈ നാട്ടുകാർക്ക് ലോട്ടറി കൊടുക്കേണ്ട എന്ന് തീരുമാനിക്കുന്ന ലോട്ടറി മേനോൻ ഒരു കാലത്തിന്റേത് മാത്രമാണെന്ന് എങ്ങനെ പറയും? ഇന്ത്യൻ കമ്പോളത്തിലേക്ക് കണ്ണോടിച്ച ഒരാൾ ‘അതുതാനല്ലയോ ഇത്’ എന്ന് സംശയം പ്രകടിപ്പിച്ചാൽ കുറ്റം പറയാൻ ഒക്കുമോ?

മുതലാളിയെ കാണാൻ വീട്ടുപടിക്കൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് മുന്നിലേക്ക് ഗത്യന്തരമില്ലാതെ മുതലാളി ഇറങ്ങിചെല്ലുന്ന രംഗം തമാശരൂപേണയാണ് അവതരിപ്പിച്ചതെങ്കിലും അതിനെ തമാശ മാത്രമായി കാണാനാകില്ല. നർമത്തിലൂടെയാണെങ്കിലും സമരങ്ങളുടെ ആവശ്യകതയും അതുണ്ടാക്കുന്ന സുശക്തഫലവും കാട്ടിതരുന്നുണ്ട് ഈ കുഞ്ഞുരംഗം. 1970ൽ പുറത്തിറങ്ങിയ ‘ലോട്ടറിടിക്കറ്റ്’ കാലികപ്രസക്തമാക്കുന്നത് ഇതുകൊണ്ടുകൂടിയാണ്.

പണത്തോടുള്ള മനുഷ്യന്റെ ആസക്തി അതിമനോഹരമായി വരച്ചിടുന്നുണ്ട് സിനിമ. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വില്ലൻ കഥാപാത്രവും സിനിമയുടെ ഗതി മാറ്റുന്ന കൊലപാതകവും മറിച്ചൊരാലോചനയില്ലാതെ കാമുകിയെത്തന്നെ സംശയിക്കുന്ന നായകനുമെല്ലാം ഇതേ ആസക്തിയുടെ ഇരകളാണ്. വ്യക്തികൾ അന്യോന്യം വ്യത്യസ്തരെങ്കിലും പണത്തിന്റെ കാര്യത്തിലേക്ക് എത്തുമ്പോൾ ഇവരൊക്കെയും ഒരേ സ്വഭാവത്തിലുള്ളവരായി തീരുന്നത് കാണാം. ലോട്ടറിയുടെ പേരിൽ ഒരാളെ അടിക്കാൻ മടിയില്ലാത്ത നായകനും ഇതിൽ നിന്ന് വ്യത്യസ്തനാകുന്നില്ല. പാക്കനാരുടെ കഥയിലെന്ന പോലെ ‘പണം ആളെക്കൊല്ലിയാണ്’എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട് സിനിമ.

പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാത്ത കഥാസന്ദർഭങ്ങളിലൂടെയാണ് ലോട്ടറി ടിക്കറ്റ് കടന്നുപോകുന്നത്. സന്ദർഭോചിതമായ ഗാനങ്ങളും ചിത്രത്തെ ആസ്വാദ്യമാക്കുന്നു. ശ്രീകുമാരൻതമ്പിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വി. ദക്ഷിണാമൂർത്തിയാണ് സംഗീതം.
ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കിവെച്ചിട്ടുണ്ട് ലോട്ടറി ടിക്കറ്റ്. മുൻപ് പറഞ്ഞതുപോലെ, സിനിമയുടെ പ്ലോട്ട് ഉപയോഗിച്ച് ഇന്നും മലയാളത്തിൽ സിനിമകൾ ഇറങ്ങുന്നുണ്ട് എന്നതിനാൽ പലയിടത്തും പ്രേക്ഷകർക്ക് കണക്ഷൻ തോന്നിയേക്കാം. അവരെക്കാളൊക്കെ മുൻപേ കളം വിട്ടതാണ് ‘ലോട്ടറി ടിക്കറ്റ്’ എന്ന് കൂടി മനസ്സിൽ വെച്ചേക്കുക.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




