രാഷ്ട്രീയം വേറെ, ക്രിക്കറ്റ് വേറെ! ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾക്ക് മുമ്പ് ഇങ്ങനെയാണ് പറയാറെങ്കിലും, ക്രീസിൽ അതൊരു യുദ്ധമാണ്. സ്പോർട്സ്മാൻ സ്പിരിറ്റൊക്കെ അവിടെ സൈഡായി രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമാകും. ഇന്നല്ല, പിന്നോട്ട് നോക്കിയാലും നമുക്ക് ആ പോരാട്ടം കാണാം. പക്ഷേ അന്നൊക്കെ ക്രിക്കറ്റിന്റെ സൗന്ദര്യമുണ്ടായിരുന്നു, കളിക്കാര്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. എന്നാൽ ഇന്ന് കളിക്കളത്തിനകത്തും പുറത്തും ഇന്ത്യ – പാക് മത്സരം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തുറന്ന പോരാട്ടമാണ്. 2026 ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ആ ‘പോര്’ നാം കണ്ടു.

എന്ത് വൈര്യം?
ക്രീസിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾക്ക് വൈര്യമില്ലെന്നാണ് ഇപ്പോഴത്തെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പോലും കരുതുന്നത്. രണ്ട് ടീമുകൾ 15-20 മത്സരങ്ങൾ കളിക്കുകയും ജയപരാജയങ്ങൾ 7-7 അല്ലെങ്കിൽ 8-7 എന്ന നിലയിലാവുകയും ചെയ്യുമ്പോഴാണ് അത് വൈര്യമായി മാറുന്നതെന്നാണ് കഴിഞ്ഞ ഏഷ്യാ കപ്പിൽ സൂര്യ പറഞ്ഞത്. എന്നാൽ, 13-0, 10-1 എന്നൊക്കെയാകുമ്പോൾ അതിൽ എന്ത് വൈര്യം? അവരേക്കാൾ മികച്ച ക്രിക്കറ്റ് ഇന്ത്യ കളിക്കുന്നു എന്ന സൂര്യയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ഇന്ത്യ–പാക് മത്സരവും.
ഹർഭജൻ സിങ് ഡാനിഷ് കനേരിയ തുടങ്ങിയ മുൻ താരങ്ങളും പരേശ് റാവൽ, അജയ് ദേവ്ഗൺ, ആയുഷ്മാൻ ഖുറാന തുടങ്ങിയ സെലിബ്രിറ്റികളും ഇന്ത്യയുടെ ആധിപത്യം കാരണം ഇന്ത്യ–പാക് പോരാട്ടത്തിന്റെ പഴയ ആവേശം കെട്ടടങ്ങിയതായി അഭിപ്രായപ്പെട്ടു.
ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയെ സ്പിൻ കെണിയിൽ പാകിസ്ഥാൻ കുരുക്കാൻ ശ്രമിച്ചെങ്കിലും 61 റൺസിനായിരുന്നു ‘മെൻ ഇൻ ബ്ലൂ’വിന്റെ ജയം. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ബൗളിങ്ങിൽ തിളങ്ങിയപ്പോൾ ഇഷാൻ കിഷൻ ബാറ്റിങ്ങിൽ തകർത്താടി. ഈ മത്സരം മാത്രം വിലയിരുത്തിയാൽ ഇരുടീമുകളുടെയും ജയ–പരാജയ കാരണങ്ങൾ മനസ്സിലാക്കാം.
പാക് തകർച്ചയ്ക്ക് ഇടയാക്കിയ ചില കാരണങ്ങൾ
- ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുന്നതിനു പകരം ബൗളിങ് തിരഞ്ഞെടുത്തതോടെയാണ് പാകിസ്ഥാനു അടിപതറിയത്. ബോളിങ് നിരയാണ് ടീമിന്റെ ശക്തിയെന്നിരിക്കെ, ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി അതു പ്രതിരോധിക്കുകയായിരുന്നു പാകിസ്ഥാൻ ചെയ്യേണ്ടിയിരുന്നത്.
- മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിഖിനെ 11–ാം ഓവറില്‍ ക്രീസിലിറക്കിയതാണ് പാകിസ്ഥാൻ തോൽവിക്ക് ആധാരമായ മറ്റൊരു കാരണം. ആദ്യ 10 ഓവറിൽ സമ്മർദമില്ലാതെ കളിക്കാനും ഭേദപ്പെട്ട സ്കോർ കണ്ടെത്താനും ഇന്ത്യയ്ക്കു സാധിച്ചു. ഉസ്മാന്റെ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനായിരുന്നു ഇന്ത്യയുടെ ശ്രദ്ധ.
- ആദ്യ 2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ പവർപ്ലേ അവസാനിക്കുന്നതുവരെയെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ മുന്നോട്ട് നയിക്കേണ്ട ബാബർ അസം അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ചു പുറത്തായതാണ് പാകിസ്ഥാന്റെ പതനം പൂർണമാക്കിയത്.
ഇന്ത്യൻ വിജയത്തിനു ഇടയാക്കിയ കാരണങ്ങൾ
∙ ഇഷാൻ കിഷന്റെ ആക്രമണം
ഓപ്പണർ അഭിഷേക് ശർമ്മ ഡക്കായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്നത് ടീമിലെ ബാക്ക് അപ്പ് ഓപ്ഷനായി വന്ന ഇഷാൻ കിഷനാണ്. പത്ത് ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 40 പന്തിൽ നിന്ന് 77 റൺസ് നേടിയാണ് ഇഷാൻ ഡഗൗട്ടിലേക്ക് മടങ്ങിയത്.
∙ ഫിനിഷ്
ഇഷാൻ കിഷൻ പുറത്തായതിനു പിന്നാലെ ബാറ്റിങിൽ ഇന്ത്യൻ താരങ്ങൾ താളം കണ്ടെത്താൻ വിയർക്കുന്നതാണ് കണ്ടത്. പിന്നാലെയെത്തിയ തിലക് വർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും വിക്കറ്റുകൾ വീണത് ഇന്ത്യൻ നിരയെ സമർദത്തിലാഴ്ത്തി. എന്നാൽ ശിവം ദുബെയുടെയും (17 പന്തിൽ 27) റിങ്കു സിങ്ങിന്റേയും ( 4 പന്തിൽ 11) ഇന്നിങ്സുകളാണ് ഇന്ത്യയെ 175 റൺസ് നേടാൻ സഹായിച്ചത്. ടി20 ലോകകപ്പിലെ ഇന്ത്യ– പാകിസ്ഥാൻ മത്സരത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറാണ്.
∙ പാകിസ്ഥാന്റെ ടോപ്പ് ഓർഡർ
വെറും 13 റൺസ് മാത്രമെടുത്ത് പാകിസ്ഥാന്റെ ടോപ് ഓർഡർ ക്രീസ് വിട്ടതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. ബാബർ അസം ഉൾപ്പെടെയുള്ളവരുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളയിൽ വീണതോടെ ഇന്ത്യ 61 റൺസിന്റെ വിജയത്തിലേക്ക് കുതിച്ചു.
എങ്കിലും, വികാരങ്ങളെ മാറ്റിനിർത്തി കണക്കുകൾ പരിശോധിച്ചാൽ, ചിരവൈരികളായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള മത്സരം മാത്രമായി ഇതിനെ കാണാൻ സാധിക്കുമോ? ഐസിസിയുടെ വരുമാനത്തിന്റെ ‘തോത്’ നിർണയിക്കുന്നതും ഈ മത്സരമാണ്. ബംഗ്ലാദേശിനു പിന്തുണയുമായി പാകിസ്ഥാൻ ടി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുന്നു എന്നാണ് ആദ്യം പറഞ്ഞത്. നാടകങ്ങള്‍ക്കൊടുവില്‍, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ മത്സരിക്കാനെത്തിയ പാകിസ്ഥാൻ തോൽവി വഴങ്ങുകയും ചെയ്തു.
ലോകകപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരെയും ഡിജിറ്റല്‍ പാര്‍ട്‌ണര്‍മാരെയും സംബന്ധിച്ച് ഏറ്റവും വരുമാനമേറിയ മത്സരമാണ് ഇന്ത്യ-പാക് ടീമുകള്‍ തമ്മിലുള്ളത്. സംപ്രേഷണാവകാശം, പരസ്യവരുമാനം, സ്പോണ്‍സര്‍ഷിപ്, ടിക്കറ്റിങ്, വാണിജ്യപരിപാടികള്‍, നിയമപരമായ ബെറ്റിങ് തുടങ്ങി ശതകോടികള്‍ മറിയുന്ന ഇവന്‍റാണ് ഓരോ ഇന്ത്യ–പാക്ക് പോരാട്ടവും. ഇവയെല്ലാം ചേര്‍ത്ത് ഒന്നും രണ്ടുമല്ല, 500 ദശലക്ഷം യുഎസ് ഡോളർ ( 4500 കോടി രൂപ) ആണ് ഒരു ഇന്ത്യ–പാക്ക് ക്രിക്കറ്റ് മത്സരത്തിന്‍റെ മൂല്യം. അസോസിയേറ്റ് രാജ്യങ്ങൾക്കുൾപ്പെടെ ഐസിസി നൽകുന്ന സഹായധനത്തിൽ ഈ മത്സരം വഹിക്കുന്ന പങ്ക് ചെറുതല്ല. കൊളംബോയിൽ ഇന്ത്യ – പാക് മത്സരം നടന്നതോടെ ഐസിസിയുടെ 174 മില്യൺ ഡോളർ (ഏകദേശം 1,560 കോടി രൂപ) വരുമാന നഷ്ടം ഒഴിവായതായാണ് റിപ്പോർട്ട്. മത്സരം നടക്കുമെന്ന് ഉറപ്പായതോടെ ഫ്ലൈറ്റ് ടിക്കറ്റ് റേറ്റും ഹോട്ടൽ മുറികളുടെ നിരക്കും ഇരട്ടിയായി ഉയർന്നു. ഇന്ത്യ – പാക് മത്സരത്തിൽ നിന്നുള്ള ഐസിസിയുടെ ശരാശരി വരുമാനം 180 മില്യൺ ഡോളറാണെന്നും (1,600 കോടിയിലധികം രൂപ) ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് 2026 ടി 20 ലോകകപ്പിലെ ഐസിസിയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 20% ത്തിലധികമാണ്.
2026 ടി20 ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യ – പാക് പോരാട്ടമുണ്ടാകുമോ?

സൂപ്പര്‍ 8ല്‍ ഇന്ത്യ ഗ്രൂപ്പ് എയിലും പാകിസ്ഥാൻ ഗ്രൂപ്പ് ബിയിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇരു ടീമുകളും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാൽ സെമിയിലോ ഫൈനലിലോ ആരാധകർക്ക് വീണ്ടുമൊരു ക്ലാസിക് പോരാട്ടം കാണാം. ഗ്രൂപ്പ് എയില്‍ മുന്നിലെത്തുന്നവരും ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരും തമ്മിലായിരിക്കും ആദ്യ സെമി. എ ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാമതും ബി ഗ്രൂപ്പില്‍ പാകിസ്ഥാന്‍ രണ്ടാമതുമായാല്‍ സെമിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം പ്രതീക്ഷിക്കാം.




