കൗമാര ക്രിക്കറ്റിലെ തങ്ങളുടെ അപ്രമാദിത്യം ഒരിക്കല്‍ കൂടി ഉറപ്പിച്ചു കൊണ്ടാണ് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് കിരീടത്തില്‍ ആറാം തവണയും മുത്തമിട്ടത്. ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ഈ കിരീട നേട്ടം. ടൂർണമെന്റിലെ പല താരങ്ങളും ക്രിക്കറ്റ് ലോകത്തെ സെൻസേഷനായി മാറി, സീനിയർ ടീം സ്വപ്നം കാണുന്ന താരങ്ങൾക്കുള്ള അടുത്ത പരീക്ഷയാണ് ‘ഇന്ത്യൻ പ്രീമിയർ ലീഗ്’.
മാർച്ച് 28–ന് ഐപിഎല്ലിനു കൊടികയറുമ്പോൾ ലോകജേതാകളിൽ ചിലർ വീണ്ടും പാഡ് അണിയും. ലോകചാമ്പ്യന്മാരുടെ പട്ടികയിൽ നിന്ന് ഐപിഎൽ പോരാട്ടത്തിനെത്തുന്ന യുവപ്രതിഭകൾ ആരൊക്കെ? അതോ വൈഭവിനെ പോലെ മറ്റൊരു താരോദയം ഈ സീസണിൽ പിറവിയെടുക്കുമോ?
∙ വൈഭവ് സൂര്യവംശി

‘വണ്ടർ കിഡ്’ എന്ന് വിളിപ്പേരുള്ള വൈഭവ് സൂര്യവംശി അണ്ടർ 19 ലോകകപ്പില്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഐപിഎല്ലിനു ഒരുങ്ങുന്നത്. പരിശീലന ക്യാമ്പുകളും ടൂർണമെന്റുകളും കാരണമാണ് സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നതിൽ നിന്ന് ഈ കുട്ടി ക്രിക്കറ്റർ വിട്ടുനിന്നത്. 2025–ൽ 14 വയസ്സുള്ളപ്പോഴാണ് രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ അരങ്ങേറിയത്. സീസണിൽ റോയൽസിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും ‘സെഞ്ച്വറി’യിലൂടെ വൈഭവ് ക്രിക്കറ്റ് ലോകത്തിന്റെ ഫേവ്റിറ്റായി മാറി. 2026 സീസണു മുന്നോടിയായി നടന്ന താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) തമ്മിലുള്ള വാശിയേറിയ ലേലംവിളിക്കൊടുവിൽ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയത്.
ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. 15 ഫോറും 15 സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ടൂർണമെന്റിലെ താരവും വൈഭവായിരുന്നു. ഏഴ് കളികളിൽ നിന്നായി 62.71 ശരാശരിയിലും 169.49 സ്ട്രൈക്ക് റേറ്റിലും 439 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കിയിരുന്നു. 2022-ൽ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് സ്ഥാപിച്ച റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. 439 റൺസാണ് വൈഭവ് ലോകകപ്പ് എഡിഷനിൽ അടിച്ചെടുത്തത്.
∙ ആയുഷ് മാത്രെ

ഇന്ത്യന്‍ കൗമാരപ്പട അണ്ടർ 19 ലോകകപ്പിന്റെ കിരീടത്തിൽ ആറാമത് മുത്തമിട്ടത് ആയുഷ് മാത്രെക്കു കീഴിലാണ്. ഓപ്പണിങ്ങിലെ പുതിയ താരോദയം 17 വയസ്സുകാരൻ ആയുഷ് മാത്രെ, ഋതുരാജ് ഗെയ്ക്‌വാദിനു പകരമാണ് കഴിഞ്ഞ സീസണിൽ സിഎസ്കെയിൽ എത്തിയത്. ഓപ്പണിങില്‍ അവസരം ലഭിച്ചപ്പോള്‍ ഫിഫ്റ്റിയടക്കം നേടി തന്റെ കഴിവു പുറത്തെടുക്കാനും മാത്രെക്ക് സാധിച്ചിരുന്നു. 30 ലക്ഷം രൂപക്കാണ് ഈ സീസണിലും മാത്രെയെ ചെന്നൈ നിലനിർത്തിയിരിക്കുന്നത്. ബോളർമാരെ കൂസാത്ത ഈ ഓപ്പണർ സിഎസ്കെയുടെ ഭാവി അടിത്തറയുടെ ഭാഗമാകും. അണ്ടർ 19 ലോകകപ്പിൽ 7 വിക്കറ്റും 214 റൺസുമാണ് താരം നേടിയത്.
∙ വിഹാൻ മൽഹോത്ര

ഡൽഹി സ്വദേശിയായ വിഹാൻ മൽഹോത്ര ഇടംകൈയ്യൻ ബാറ്റ്‌സ്മാനായും വലംകൈയ്യൻ ഓഫ് ബ്രേക്ക് ബൗളറായും അറിയപ്പെടുന്ന താരമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് താരത്തിനു ഐപിഎല്ലിലേക്കുള്ള വാതിൽ തുറന്നത്. അൺക്യാപ്പ്ഡ് വിഭാഗത്തിൽ ലേലത്തിനെത്തിയ താരത്തെ 30 ലക്ഷം രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) സ്വന്തമാക്കി. അണ്ടർ 19 ലോകകപ്പിൽ 5 വിക്കറ്റും 240 റൺസും സ്വന്തമാക്കിയിട്ടുണ്ട്.
∙ കനിഷ്ക് ചൗഹാൻ

മധ്യപ്രദേശിൽ നിന്നുള്ള കനിഷ്ക് ചൗഹാൻ ഓൾറൗണ്ടർ സ്പിൻ ബൗളിങ്ങിന് പേരുകേട്ടയാളാണ്. വാലറ്റത്തും മനോഹരമായ ഇന്നിങ്സ് കളിക്കാൻ സാധിക്കുന്ന താരത്തെ ആർസിബിയാണ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 2024–ൽ ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 മത്സരത്തിലൂടെയാണ് കനിഷ്ക് ഇന്ത്യൻ ടീമിലെത്തുന്നത്. അണ്ടർ 19 ലോകകപ്പിൽ 7 വിക്കറ്റും 113 റൺസും സ്വന്തമാക്കിയിട്ടുണ്ട്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ഐപിഎല്ലിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക് എന്ന്? | Vaibhav Suryavanshi, who broke