111
Views

ഫോർമുല വൺ (F1) എന്ന ലോകോത്തര റേസിങ് പോരാട്ടത്തിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ച ആദ്യ ഡ്രൈവർ. ഇന്ത്യയിൽ മോട്ടോർ സ്പോർട്സ് വെറുമൊരു വിനോദം മാത്രമായിരുന്ന കാലത്ത്, ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാരോട് മത്സരിക്കാൻ ഇറങ്ങിത്തിരിച്ച ഒരു കോയമ്പത്തൂർ സ്വദേശി. ഇന്ത്യൻ ട്രാക്കുകളിൽ നിന്ന് തുടങ്ങി ആഗോള തലത്തിൽ ഫോർമുല വണ്ണിൽ എത്തിയ നരേൻ കാർത്തികേയൻ.

നരേൻ കാർത്തികേയന്റെ റേസിങ് കമ്പം തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷുകാർ നിർമ്മിച്ച എയർസ്ട്രിപ്പുകളിൽ നടന്ന പ്രാദേശിക മത്സരങ്ങളിൽ നിന്നാണ്. എന്നാൽ 1989-ൽ തന്റെ ബന്ധു ലണ്ടനിൽ നിന്നും കൊണ്ടുവന്ന ഒരു F1 സീസൺ റിവ്യൂ വിഡിയോ ആണ് നരേന്റെ ജീവിതം മാറ്റിമറിച്ചത്. ‘ആ വിഡിയോയിൽ ആദ്യമായി ഓൺബോർഡ് ക്യാമറകൾ ഉപയോഗിച്ചിരുന്നു. ഡ്രൈവർമാർ കാർ നിയന്ത്രിക്കുന്നത് കാണുന്നത് ഒരു അദ്ഭുതമായിരുന്നു. അന്ന് ഇന്ത്യയിൽ ദൂരദർശൻ മാത്രമാണുള്ളത്, മോട്ടോർ സ്പോർട്സ് വാർത്തകൾ വല്ലപ്പോഴും മാത്രമേ വന്നിരുന്നുള്ളൂ. ആ വിഡിയോ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു; എനിക്ക് ഇന്ത്യയിലെ ആദ്യ F1 ഡ്രൈവർ ആകണം.’ അടിസ്ഥാന സൗകര്യങ്ങളോ കാർട്ടിംഗ് ട്രാക്കുകളോ ഇല്ലാത്ത അക്കാലത്ത് അതൊരു സ്വപ്നം മാത്രമായിരുന്നു.

15-ാം വയസ്സിൽ ശ്രീപെരുമ്പത്തൂരിലെ ട്രാക്കിൽ നിന്നാണ് നരേൻ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഫ്രാൻസിലെ പ്രശസ്തമായ എൽഫ് വിൻഫീൽഡ് റേസിംഗ് സ്കൂളിൽ (Elf Winfield Racing School) പരിശീലനം നേടി. യൂറോപ്പിലെ കടുത്ത മത്സരങ്ങളിൽ പങ്കെടുക്കുക എന്നത് സാമ്പത്തികമായും ശാരീരികമായും വലിയ വെല്ലുവിളിയായിരുന്നു. എന്നിരുന്നാലും, 1994-ൽ ബ്രിട്ടിഷ് ഫോർമുല ഫോർഡ് വിന്റർ സീരീസ് കിരീടം ചൂടിയ ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം ചരിത്രം കുറിച്ചു.

മാരുതി 800 എൻജിനിൽ നിന്ന് പോൾ റിക്കാർഡിലേക്ക്

നരേന്റെ ബന്ധുവും റേസ് എൻജിനീയറുമായ ഒരാൾ രൂപകൽപ്പന ചെയ്ത, മാരുതി 800-ന്റെ എൻജിൻ ഘടിപ്പിച്ച ചെറിയ സിംഗിൾ സീറ്റർ കാറിലായിരുന്നു തുടക്കം. കോയമ്പത്തൂരിലെ ഈ ‘ഫോർമുല മാരുതി’ മത്സരങ്ങളിൽ നരേൻ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. മകന്റെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് നരേനെ ഫ്രാൻസിലെ പ്രശസ്തമായ വിൻഫീൽഡ് റേസിങ് സ്കൂളിലേക്ക് അയക്കാൻ തീരുമാനിച്ചു. ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് ഫാക്സ് വഴി ബന്ധപ്പെട്ട്, ഏകദേശം 2,000 ഡോളർ ഫീസ് നൽകിയാണ് ഫ്രാൻസിലെ പോൾ റിക്കാർഡ് സർക്യൂട്ടിൽ നരേൻ എത്തുന്നത്. അവിടെ യൂറോപ്യൻ ഡ്രൈവർമാരോട് മത്സരിച്ച് അദ്ദേഹം സ്കോളർഷിപ് സ്വന്തമാക്കി.

Two men interacting with a red Formula One car in a pit area, with a promotional background and checkered flooring.
നടൻ അജിത്തിനൊപ്പം നരേൻ കാർത്തികേയൻ. Image Credit: Instagram/narainkarthikeyan

പ്രതിബന്ധങ്ങളുടെ ‘ലോങ്ങ് റൺ’

കഴിവുണ്ടായിരുന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ നരേനെ തളർത്തി. 1995-ൽ ഫണ്ടില്ലാത്തതിനാൽ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. ഫോർമുല വൺ എന്നത് അക്കാലത്ത് ഇന്ത്യക്കാർക്ക് അപ്രാപ്യമായ ഒരു ലക്ഷ്യമായിരുന്നു.

എന്നാൽ 1996-ൽ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് സിഗരറ്റ് ബ്രാൻഡായ മാർൽബോറോ എത്തിയത് നരേന്റെ കരിയറിൽ വഴിത്തിരിവായി. ഫോർമുല ഏഷ്യ ചാംപ്യൻഷിപ്പിൽ അദ്ദേഹം ആധിപത്യം സ്ഥാപിച്ചു. പിന്നീട് ടാറ്റ, കിങ്ഫിഷർ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ പിന്തുണ ലഭിച്ചതോടെ ബ്രിട്ടിഷ് ഫോർമുല 3യുടെ ട്രാക്കിൽ നരേൻ എത്തി.

അങ്ങനെ 1999ൽ ജെൻസൺ ബട്ടണെപ്പോലുള്ള ഇതിഹാസങ്ങൾക്കൊപ്പം മത്സരിച്ചു. രണ്ട് പ്രാവശ്യം വിജയമധുരം നുണഞ്ഞ് ചാംപ്യൻഷിപ്പിൽ ആറാം സ്ഥാനത്തെത്തി. 2000ൽ മക്കാവു ഗ്രാൻഡ് പ്രിക്സിൽ ലാപ്പ് റെക്കോർഡും പോൾ പൊസിഷനും നേടി. പക്ഷേ ഒറ്റൊരു ക്രാഷിൽ അന്ന് കിരീടം നഷ്ടമായി.

2005 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീ ആയിരുന്നു നരേന്റെ ആദ്യ മത്സരം. അതേ വർഷം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്രാൻഡ് പ്രീയിൽ നാലാം സ്ഥാനത്ത് എത്തി. എഫ്.വണ്ണിൽ പോയിന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. വില്യംസ് എഫ്.വൺ ടീമിന്റെ ടെസ്റ്റ് ഡ്രൈവർ, A1GP, നാസ്‌കർ (NASCAR) തുടങ്ങിയ ലോകോത്തര റേസിങ്ങുകളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.

Two men shaking hands in a garage with a Formula 1 car. One is wearing sunglasses and casual attire, while the other is in a yellow racing suit. The background features team members and equipment.
സച്ചിൻ തെൻഡുൽക്കറിനൊപ്പം നരേൻ കാർത്തികേയൻ. Image Credit: Instagram/narainkarthikeyan

സ്വപ്നസാക്ഷാത്കാരം

നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിൽ 2005ൽ ജോർദാൻ ടീമിനായി കരാർ ഒപ്പിട്ടതോടെ നരേൻ ഇന്ത്യയുടെ അഭിമാനമായി. ട്രാക്കിലെ വേഗതയ്‌ക്കപ്പുറം, തന്റെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾക്ക് മോട്ടോർ സ്പോർട്സിലേക്ക് വരാനുള്ള വാതിൽ തുറന്നു കൊടുത്തു എന്നതാണ് നരേൻ കാർത്തികേയൻ എന്ന പേരിന്റെ പ്രസക്തി.

ഒരു ഫോർമുല വൺ ഇറ്റരേഷൻ സ്ഥലത്ത് ഇരുന്ന പുരുഷനെ, സൂര്യൻ പ്രതിറിപ്പിക്കുന്ന കണ്ണടകൾ ധരിച്ചു, ഹോണ്ടാ ടീം ഉണർത്തുന്ന വസ്ത്രത്തിലെ പുരുഷൻ.
നരേൻ കാർത്തികേയൻ. Image Credit: Instagram/narainkarthikeyan

ഏറ്റവും വേഗതയേറിയ കാറുകൾ ലഭിക്കാതിരുന്നിട്ടും, കിട്ടിയ അവസരങ്ങളിൽ തന്റെ കഴിവ് തെളിയിക്കാൻ നരേന് സാധിച്ചു. 2011ലും 2012ലും അദ്ദേഹം വീണ്ടും എഫ്.വൺ ട്രാക്കിലെത്തി. ഇന്ത്യൻ കായികരംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2010ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

ഇന്ന് നരേൻ റേസിങ് ട്രാക്കിൽ നിന്ന് DriveX എന്ന തന്റെ സംരംഭത്വത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അടുത്ത തലമുറയിലെ ഇന്ത്യൻ ഡ്രൈവർമാർക്ക് രാജ്യാന്തര തലത്തിൽ അവസരങ്ങൾ ഒരുക്കാനും ഇന്ത്യയെ റേസിങ് ഭൂപടത്തിൽ മുൻനിരയിലെത്തിക്കാനുമുള്ള ദൗത്യത്തിലാണ് ഈ വേഗതയുടെ രാജകുമാരൻ.

Article Tags:
· · ·
Article Categories:
Sports

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading