Assembly election 2026 Analysis
55
Views

കേരളം, തമിഴ്നാട്, വെസ്റ്റ് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. ചില പാർട്ടികൾക്കും അതിലുപരി ഏതാനും വ്യക്തികൾക്കും തിരിച്ചടിയായ ഫലമായിരുന്നു 2026 മെയ് 4ന് പ്രഖ്യാപിച്ചത്.

ഒന്നോടിച്ചു നോക്കിയാൽ, അടിമുടി വലിയ മാറ്റങ്ങളില്ലാത്തതും അപ്രതീക്ഷിതമായ വലിയ ‘ട്രെന്‍ഡ്’ ഇല്ലാത്തതുമാണ് പുതുച്ചേരിയിലെയും അസമിലെയും ജനവിധി. ബിജെപി നയിക്കുന്ന എൻഡിഎ അസമിലും എഐഎൻആർസി നയിക്കുന്ന എൻഡിഎ പുതുച്ചേരിയിലും നിലനിൽപ്പുറപ്പിച്ചു. വര്‍ഷങ്ങളായി നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിഴുതെറിഞ്ഞ ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസിനെയും പുറത്താക്കി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെയാണ് ജനങ്ങൾ ഇത്തവണ വിജയിപ്പിച്ചത്. വടക്കേ ഇന്ത്യയിൽ വീശുന്ന വലതുപക്ഷ–ബിജെപി കാറ്റിനാലുള്ള ചായ്‌വ് അങ്ങ് ബംഗാളിൽ പൂർണ്ണശക്തി പ്രാപിക്കുന്നതിനാണ് ഇതിലൂടെ സാക്ഷ്യം വഹിക്കേണ്ടി വന്നത്.

കേരളത്തിലും തമിഴ്നാട്ടിലും തോൾ തട്ടി ചേർന്നു നിന്ന രണ്ട് നേതാക്കളും പാർട്ടികളും ഭരണ മുന്നണികളും അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ തന്നെയാകും ഇപ്പോഴും– പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫും എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയും.

Assembly election 2026 result
Assembly election 2026 Results | results.eci.gov.in

കേരളം

കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസുമാണെന്ന് പലരും തെറ്റിദ്ധരിക്കുന്ന എൽഡിഎഫ്, യുഡിഎഫ് മുന്നണികളും ബിജെപിയെന്ന് പൊതുവെ ഏറെപ്പേരും വിളിക്കുന്ന എന്‍‍ഡിഎയും ആണ് കേരളത്തിൽ ജനങ്ങൾക്കുള്ള ഓപ്ഷനുകൾ അതിൽ തന്നെ വലുതും പ്രധാനവും കണക്കിലെടുത്തിട്ടുള്ളതുമായത് എൽഡിഎഫ്–യുഡിഎഫ് പോരാട്ടം തന്നെയാണ്. രാഷ്ട്രീയ ചിത്രത്തിലും ഇവരെത്തന്നെയാണ് കാണാനാവുക. കാരണം ബിജെപിക്കോ അവർ സഖ്യകക്ഷിയായിട്ടുള്ള എൻഡിഎ മുന്നണിക്കോ ഇവിടുത്തെ ജനങ്ങൾ അവസരങ്ങൾ അധികം നൽകിയിരുന്നില്ല.

പക്ഷേ, കാലം മാറുമല്ലോ! ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് വർഷങ്ങളോളം കേരളം ഭരിച്ച് എൽഡിഎഫ് മുന്നണിക്ക് പ്രതീക്ഷിച്ചതിനേക്കാളേറെ വലിയ തോൽവിയാണ് ജനങ്ങൾ വിധിയെഴുതിയത്. ചില എക്സിറ്റ് പോളുകൾ ഇത് പ്രവചിച്ചിരുന്നതാണ്. 140ൽ 35 സീറ്റുകള്‍. ഇന്നലെ വരെ നാട് ഭരിച്ച മന്ത്രിമാരെ പോലും അവർ കൈയ്യൊഴിഞ്ഞു. വികസനങ്ങളുണ്ടായിട്ടുണ്ട്, ദുരന്തങ്ങളെ മറികടന്നിട്ടുണ്ട് അതുപോലെ ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നാണ് ചിലർ ഇതിനെ വിലയിരുത്തുന്നത്.

അങ്കത്തിൽ വിജയം യു‍ഡിഎഫിനാണ്. 140ൽ 102 സീറ്റുകള്‍. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു തിരിച്ചുവരവ്. പ്രതിപക്ഷത്തിരുന്ന സമയമത്രയും തന്ത്രങ്ങൾ മെനഞ്ഞ് നേടിയ വിജയമാണ്. തദ്ദേശതിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ സൂചനകൾ കണ്ടിരുന്നതാണെന്നും ഓർമിക്കാം. ഫലമറിഞ്ഞപ്പോഴുള്ള ചിത്രങ്ങളിൽ കണ്ട ഒരുമ കാഴ്ചയില്‍ ഇമ്പമുള്ളതായിരുന്നു.

വിജയം നേടിയതവരാണെങ്കിലും അതിനേക്കാളേറെ ചർച്ചയാകുന്നത് ഈ തിരഞ്ഞെടുപ്പോടെ മൂന്നിരട്ടിയായി വിടർന്ന ബിജെപി–എൻഡിഎ മൊട്ടുകളാണ്. 140ൽ 3 സീറ്റുകള്‍. 2016ല്‍ ആദ്യമായി ഒരു ബിജെപി എംഎൽഎ നിയമസഭയിലെത്തിയതിനു പിന്നാലെയും 2021ലെ പരാജയത്തിനു പിന്നാലെയും 2026ൽ മൂന്നായി ഇരട്ടിച്ചുകൊണ്ടാണ് അവരുടേതായ ഈ വിജയം നേടിയെടുത്തിട്ടുള്ളത്. കഴക്കൂട്ടത്തെ ഫോട്ടോഫിനിഷ് വിക്റ്ററിയും നേമം, ചാത്തന്നൂർ മണ്ഡലങ്ങളിൽ കൈവരിച്ച നേട്ടത്തിനും വര്‍ഷങ്ങളുടെ കാത്തിരിപ്പും വർഷങ്ങളുടെ തന്ത്ര ശ്രമങ്ങളുമുണ്ട്.

തമിഴ്‌നാട്

50 വർഷത്തോളം തമിഴ്‌നാട് ഭരിച്ച ഡിഎംകെ, എഐഎഡിഎംകെ എന്നീ വലിയ ദ്രാവിഡ പാർട്ടികള്‍ക്ക് ജനങ്ങൾ വോട്ട് നൽകാതെ മറുപടിയെഴുതി. 1967ന് ശേഷം ആദ്യമായി ഇവരെ പിന്നിലാക്കി മറ്റൊരു പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തമിഴ്നാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലൂടെ (85.1%) സിനിമാ താരം ജോസഫ് വിജയിയുടെ തമിഴക വെട്രി കഴകത്തിന് അൻപും വോട്ടും നൽകി. 100+ സീറ്റുകളാണ് നേടിയത്. ഇനി കുറച്ചു പേരെ കൂടി ചേർത്താൽ ഇവർക്കും ഭരണം തുടങ്ങാം.

ഒരു താരതമ്യം

ശ്രദ്ധേയമായ വിജയം: ദീർഘ നാളുകളുടെ കാത്തിരിപ്പിന് ശേഷം യുഡിഎഫിന്റെ കരങ്ങളിലെത്തിയതാണ് ഇത്തവണ കേരളത്തിലെ വിജയം.

ഇരു സംസ്ഥാനങ്ങളിലും എൽഡിഎഫ്–യുഡിഎഫ്, ഡിഎംകെ–എഐഎഡിഎംകെ ബൈപോളാരിറ്റിയിലേക്കുള്ള ഒരു കടന്നുകയറ്റം കാണാം. അതായത് പ്രധാനമായും രണ്ട് പാർട്ടികളോ മുന്നണികളോ മാത്രം തമ്മിലുണ്ടായ അങ്കത്തട്ടിലേക്ക് മൂന്നാമതൊരു പോരാളി കൂടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ഇതിനു മുന്നേ നടന്ന തദ്ദേശ തിരഞ്ഞെടിപ്പിലെല്ലാം ഇതിന്റെ മുളപൊട്ടിയിരുന്നെങ്കിലും വളർച്ചയുടെ ചിത്രം വ്യക്തമായി.

തമിഴ്നാട്ടിൽ വിജയ്‌യുടെയും പാർട്ടിയുടെയും ജയം ആദ്യ തിരഞ്ഞെടുപ്പിലാണ്. ബിജെപിയുടേതോ? തോറ്റ് തോറ്റ് ജയിച്ചതാണ്. ബിജെപി വർഷങ്ങളായി ഇവിടെയുണ്ടെങ്കിലും ഇപ്പോഴാണ് തിര‍ഞ്ഞെടുപ്പ് ചരിത്രത്തിലും ജനങ്ങൾക്കിടയിലും ശക്തി ഏറുന്നത്. ദേശീയതലത്തിൽ ബിജെപിക്കും എൻഡിഎയ്ക്കും ലഭിച്ച സ്വീകാര്യതയും തന്ത്രങ്ങൾ മെനഞ്ഞ് ജനങ്ങൾക്കിടയിൽ നടത്തുന്ന പ്രവർത്തനങ്ങളും ഇതിന് കാരണങ്ങളാണ്.

ടിവികെയിലേക്ക് തിരിച്ചെത്തിയാൽ പാർട്ടി മാത്രമാണ് പ്രത്യക്ഷത്തിൽ പുതിയത്. പാര്‍ട്ടിയായി വരുന്നത് 2024ൽ ആണെങ്കിലും അതിന്റെ അടിത്തറയ്ക്ക് വർഷങ്ങളുടെ പഴക്കവും ജനങ്ങൾക്കിടയിലേക്ക് പടർന്നുകിടക്കുന്ന വേരുകളുമുണ്ട്. വിജയ്‌യുടെ ആരാധക കൂട്ടായ്മ വർഷങ്ങളായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ്. പാർട്ടി രൂപീകരണത്തിന് മുന്നേ തന്നെ ഈ കൂട്ടായ്മ 2021ലെ തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ മാത്രമല്ല, പുതുച്ചേരിയിലും ഇത്തവണ ഇവർ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ശ്രദ്ധേയമായ തോൽവി: കേരളത്തിൽ എൽഡിഎഫും തമിഴ്‌നാട്ടിൽ ഡിഎംകെയും വലിയ തോൽവികളാണ് ഏറ്റുവാങ്ങിയത്. രണ്ട് സംസ്ഥാനങ്ങളിലെയും സിറ്റിംഗ് മുഖ്യമന്ത്രിമാരും അവരവരുടെ മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. പിണറായി വിജയന്‍ ആദ്യം ഏറെ പിന്നിലായിരുന്നെങ്കിലും പിന്നീട് ജയിച്ചു കയറി. എന്നാൽ, സ്റ്റാലിന്റെ കാര്യത്തിൽ തോൽവി തന്നെയായിരുന്നു ജനവിധി. 1996ൽ ജെ. ജയലളിത പരാജയപ്പെട്ടതിന് ശേഷം തമിഴ്നാട്ടിലെ ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് ഇതാദ്യമായിരുന്നു. അതായത് 20 വർഷങ്ങൾക്കു ശേഷം!

പറയുമ്പോൾ, ബംഗാളിലും സിറ്റിംഗ് മുഖ്യമന്ത്രി മമ്ത ബാനർജിയും അവരുടെ മണ്ഡലത്തിൽ ഇത്തവണ തോറ്റു.

രാഷ്ട്രീയ പക്ഷങ്ങൾ: പൊളിറ്റിക്കൽ സ്പെക്ട്രത്തിന്റെ സെന്റർ ലെഫ്റ്റിലുള്ള ഡിഎംകെ ആണ് തമിഴ്‌നാട് ഭരിച്ചിരുന്നത്. ഇപ്പോൾ ഭൂരിപക്ഷം നേടി വിജയിച്ച പാർട്ടിയും സെന്റർ ലെഫ്റ്റിൽ തന്നെയുള്ളതാണ്. അതിനാൽ വലിയ ‍ഐഡിയോളജി ഇടതുവശത്തു തന്നെയാണുള്ളത്. എന്നാൽ, കേരളത്തില്‍ ഇടതുപക്ഷ ഭരണത്തിൽ നിന്ന് നേരേ വലതുപക്ഷത്തേക്ക് ചെരിഞ്ഞു. മൊട്ടിട്ട എൻഡിഎയും വലതുപക്ഷം തന്നെ.

കേരളത്തിൽ സംഭവിച്ചിരിക്കുന്നത് ഒരു ഐഡിയോളജിക്കൽ എക്സ്‌പാൻഷനാണ്. തമിഴ്‌നാട്ടിലേത് ഒരു തരത്തിൽ ലീഡർ ഡ്രിവൺ മാറ്റവും. ബംഗാളിലും ഇടതുമാറി വലതായിട്ടുണ്ടെന്നതും ഇതോടൊപ്പം പറഞ്ഞുവയ്ക്കുന്നു.

എന്തായിരിക്കും ഇതെല്ലാം നൽകുന്ന സൂചന?

Article Categories:
Featured Posts · Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading