ആഗോള സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് വീണ്ടും ഒരു വൻ സുരക്ഷാ–ഊർജ പ്രതിസന്ധിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. 2026 ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘർഷങ്ങൾ, ഏപ്രിൽ പിന്നിട്ടപ്പോൾ ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഊർജ പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുന്നു. ഇറാന്റെ മണ്ണിൽ യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഉടലെടുത്ത അസ്ഥിരാവസ്ഥയാണ് നിലവിലെ സാഹചര്യത്തിന് ആധാരം.
തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം
പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഇതിന്റെ വടക്ക് ഭാഗത്ത് ഇറാനും തെക്ക് ഭാഗത്ത് ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളുമാണ് അതിർത്തി പങ്കിടുന്നത്.
പ്രവേശന കവാടത്തിൽ ഏകദേശം 50 കിലോമീറ്ററാണ് വീതിയെങ്കിലും, വെറും 33 കിലോമീറ്റർ മാത്രമാണ് ഏറ്റവും ഇടുങ്ങിയ ഭാഗത്തെ വീതി. ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ടാങ്കറുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ ആഴമുള്ള ഒരേയൊരു പാതയാണിത്.
ആഗോള സമ്പദ്വ്യവസ്ഥയിലെ സ്വാധീനം
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം, 2025–ൽ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയാണ് ഈ പാതയിലൂടെ കടന്നുപോയത്. ഇതിന്റെ വാർഷിക വിപണി മൂല്യം ഏകദേശം 600 ബില്യൺ ഡോളറാണ്.
ഇറാൻ മാത്രമല്ല ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും തങ്ങളുടെ എണ്ണ കയറ്റുമതിക്കായി ഈ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ലോകത്തിലെ എൽഎൻജിയുടെ 20 ശതമാനവും ഇതുവഴിയാണ് കൊണ്ടുപോകുന്നത്. ഇതിൽ ഭൂരിഭാഗവും ഖത്തറിൽ നിന്നുള്ളതാണ്.
ലോകത്തിലെ മൊത്തം വളം വ്യാപാരത്തിന്റെ മൂന്നിലൊന്നും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. മേഖലയിലെ പ്രകൃതിവാതക ലഭ്യത ഉപയോഗപ്പെടുത്തി ഉൽപാദിപ്പിക്കുന്ന വളം ആഗോള ഭക്ഷ്യസുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്നു. മേഖലയിലെ രാജ്യങ്ങളിലേക്കുള്ള ഭക്ഷണം, മരുന്നുകൾ, സാങ്കേതിക വിദ്യകൾ എന്നിവയുടെ പ്രധാന ഇറക്കുമതി പാതയും ഇതുതന്നെ.
നിലവിലെ സാഹചര്യം
ഇറാനെതിരായ യുഎസ്–ഇസ്രയേൽ നീക്കങ്ങൾക്ക് പിന്നാലെ, ടെഹ്റാൻ ഈ ജലപാതയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഇതിനു പുറമെ, ഇറാന്റെ തുറമുഖങ്ങളിലേക്കോ പുറത്തേക്കോ പോകുന്ന കപ്പലുകൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.
സാധാരണയായി പ്രതിദിനം 3,000 കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിൽ, നിലവിൽ 130 കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നത്. ഇറാന്റെ ഡ്രോണുകൾ, മിസൈലുകൾ, ഫാസ്റ്റ് അറ്റാക്ക് ബോട്ടുകൾ, മൈനുകൾ എന്നിവ വാണിജ്യ കപ്പലുകൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. ഇതുവരെ ഏകദേശം 24 കപ്പലുകളെങ്കിലും ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
ബദൽ മാർഗങ്ങൾ
വർഷങ്ങളായി നിലനിൽക്കുന്ന ഈ ഭീഷണി കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾ ചില പകര സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 1980കളിൽ ഇറാൻ–ഇറാഖ് യുദ്ധകാലത്ത് സൗദി അറേബ്യ ഒരു ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈൻ നിർമിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ വമ്പൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് 1,200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ്ലൈൻ. ഇതുവഴി പ്രതിദിനം 5 ദശലക്ഷം ബാരൽ എണ്ണ ചെങ്കടലിലേക്ക് എത്തിക്കാൻ സാധിക്കും. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ നേരിട്ട് ചെങ്കടലിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു.
തങ്ങളുടെ എണ്ണപ്പാടങ്ങളെ ഒമാൻ ഉൾക്കടലിലെ ഫുജൈറ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1.5 ദശലക്ഷം ബാരൽ ശേഷിയുള്ള പൈപ്പ്ലൈൻ യുഎഇ ഉപയോഗിക്കുന്നു.
പൈപ്പ്ലൈനുകൾക്ക് പുറമേ, ഒമാന്റെ ദുഖ് തുറമുഖം, യുഎഇയുടെ ഫുജൈറ പൈപ്പ്ലൈൻ തുടങ്ങി ബദലുകളും മേഖലയിൽ സജീവമാണെങ്കിലും, ശേഷിയുടെ കാര്യത്തിൽ സൗദിയുടെ ഈസ്റ്റ്–വെസ്റ്റ് പാതയാണ് ഏറ്റവും നിർണായകം.
അതേസമയം, ഈ പകര സംവിധാനങ്ങൾ ഉപയോഗിച്ചാലും പ്രതിദിനം 8–10 ദശലക്ഷം ബാരൽ എണ്ണയുടെ കുറവ് ആഗോള വിപണിയിൽ അനുഭവപ്പെടും.
ഹോർമുസ് കടലിടുക്കിലെ തടസ്സം കേവലം ഒരു പ്രാദേശിക തർക്കമല്ല, മറിച്ച് ആഗോള സാമ്പത്തിക ഭദ്രതയെ തന്നെ ബാധിക്കുന്ന ഒന്നാണ്. വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, മേഖലയിലെ സൈനിക സാന്നിധ്യവും ഉപരോധങ്ങളും നീങ്ങാതെ ലോകം ഈ ഊർജ പ്രതിസന്ധിയിൽ നിന്ന് മുക്തമാകില്ല.




