ഒരുമാറിയ കാലത്തിന്‍റെ കഥയാണിത്. എഐ കൊണ്ട് നമ്മള്‍ ഇപ്പോൾ സൃഷ്ടിച്ചെടുക്കുന്ന ഒരു മായിക ലോകമില്ലേ.. ഈ ഡിനോസര്‍ കൃഷി നടക്കുന്ന ഗ്രാമങ്ങളും, പൂച്ച സര്‍ വില്ലന്‍ മുഖത്തിലെത്തുന്ന ഞെട്ടിക്കുന്ന കഥകളും,നിന്ന നില്‍പ്പില്‍ നമ്മളെല്ലാം സ്റ്റൈലായി മാറുന്ന പോസുകളും എല്ലാം അന്തംവിട്ട് പഴയ തലമുറ നോക്കിനിൽക്കുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? എഐ ഒക്കെ എന്ത്..? അതിനെയും വെല്ലുന്ന ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെ മാറ്റം വെറുതെ ഒന്നു തിരിഞ്ഞുനോക്കിയാല്‍ നിങ്ങളുടെ തൊട്ടു പിന്നിലുണ്ട്.

ലൈക്കും ഫോളോവേഴ്സും മാത്രം നിറഞ്ഞ ഒരു ലോകം. ഒരു ദിവസം തുടങ്ങുന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ലോകം. ഒന്നു കണ്ടാല്‍ മതിയാവാത്ത, എപ്പോഴും 'Next Video Loading…' ആയവരെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്.
ഇവര്‍ക്കു ചുറ്റും സുഹൃദ് ബന്ധങ്ങളുടെ വന്‍മതിലൊന്നുമില്ല. എല്ലാം വെര്‍ച്വല്‍ ലോകമാണ്. അവിടെയാണ് ഇവരുടെ ജീവിതം.
ഒരു റിംഗ് ലൈറ്റ്, ഒരു ട്രൈപോഡ്, കുറച്ച് ഫോളോവേഴ്‌സ്, അതിനൊപ്പം 'Hlo guys, welcome back to my channel!' എന്ന ഒരൊറ്റ ഡയലോഗ് അത്രമതി. ഒന്നു ഫോളോ ചെയ്തു വച്ചാല്‍.. കംപ്ലീറ്റ് ലൈഫ് അപ്‌ഡേറ്റ്‌സ് അപ്പപ്പോള്‍ അറിയാം.
രാവിലെ ചായ കുടിക്കുന്നതിന് മുമ്പ് ഗുഡ് മോര്‍ണിങ് ഗയ്‌സ് എന്നൊരു സ്റ്റോറി, ജെസ്റ്റ് ഒന്നു പീടികയില്‍ പോയാല്‍ അപ്പോള്‍ എത്തും ഔട്ട്ഫിറ്റ്‌സ് ഓഫ് ദ ഡേ.. (ഇത് കൊള്ളാം എന്നാണോ..? ലിങ്ക് ടാഗ് ചെയ്ത് കൊടുത്തു കാണും. ഈ ഡ്രസ് നിങ്ങള്‍ക്കും വാങ്ങാം) ഇനി അങ്ങോട്ട്, എന്ത് കഴിച്ചു? എന്തൊക്കെ വാങ്ങി? എവിടെയൊക്കെ പോയി?ആരെയൊക്കെ കണ്ടു? എങ്ങനെ യാത്ര ചെയ്തു എന്നു തുടങ്ങി വള്ളി പുള്ളി തെറ്റാതെ എല്ലാം പിന്നാലെ വരും. ഉറങ്ങുന്നതിനുമുമ്പ് ഗുഡ് നൈറ്റ് ഫ്രം ലൈവ് വരും.. വീട്ടുകാര്‍ക്ക് പോലും അവരുടെ മുഖം സോഷ്യല്‍ ലോകത്താണ് കാണാന്‍ കഴിയുക.

ഇവരുടെ ജീവിതം മുഴുവന്‍ കണ്ടന്റ് ആയി മാറും. അമ്മ ചായ ഉണ്ടാക്കുന്നത്,അച്ഛന്‍ വീട്ടുവളപ്പില്‍ ചെടി നടുന്നത്,വീട്ടിലെ പൂച്ച ഉറങ്ങുന്നത് എല്ലാം. ഓരോ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ഇന്‍ഫ്ലുവന്‍സര്‍മാരും ഉണ്ട്. ട്രന്‍ഡ് ഹണ്ടേഴ്‌സ്, റിവ്യൂവേഴ്‌സ്, ലൈഫ് സ്റ്റൈല്‍ വ്‌ളോഗേഴ്‌സ്, അങ്ങനെ തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര കാറ്റഗറിയില്‍ ഇവര്‍ പ്രശസ്തരാണ്. ചുരുക്കം പറഞ്ഞാല്‍ സിനിമാതാരങ്ങളെക്കാള്‍ ആരാധകരും പ്രശസ്തിയും ഇവര്‍ ആര്‍ജിച്ചെടുത്തു കഴിഞ്ഞു.
പണ്ട്കാലത്ത് ആര്‍ക്കെങ്കിലും പ്രശസ്തരാകണമെങ്കില്‍ സിനിമയില്‍ അഭിനയിക്കണം, ടെലിവിഷനില്‍ വരണം, അല്ലെങ്കില്‍ വലിയൊരു മത്സരത്തില്‍ ജയിക്കണം. ഇന്ന് ഇതിന്റെ ഒന്നും ആവശ്യമില്ല. സോഷ്യല്‍ ലോകത്തേക്ക് ഒന്നിറങ്ങിയാല്‍ മതി. പണ്ട് പൊതുമധ്യത്തില്‍ തന്റെ മനോഹരമായ പാട്ട് ഒന്ന് അവതരിപ്പിക്കാന്‍ മടിച്ചുനിന്നിരുന്ന കാലത്ത് നിന്നും ഇന്ന് എന്ത് കോപ്രായത്തെയും കോണ്‍ഫിഡന്‍സോടെ പ്രോത്സാഹിപ്പിക്കുന്ന ഒരു തലമുറയിലേക്ക് എത്രപെട്ടെന്നാണ് നമ്മള്‍ നടന്നു കയറിയത്.

പക്ഷേ ഒരു കോയിന്റെ രണ്ട് വശം പോലെ സമൂഹത്തില്‍, ഇന്‍ഫ്‌ലുവന്‍സര്‍മാരും പ്രാധാന്യം അർഹിക്കുന്നുണ്ട്. അവരില്ലെങ്കില്‍ നമ്മുടെ Explore Page മരുഭൂമിയായിപ്പോയേനെ. അവരാണ് നമ്മെ പുതിയ റെസ്റ്റോറന്റുകള്‍, ട്രാവല്‍ സ്‌പോട്ടുകള്‍, ബ്യൂട്ടി ഹാക്കുകള്‍,ട്രെന്റുകൾ,
അല്ലെങ്കില്‍ How to clean your fridge in 30 seconds പോലുള്ള കാര്യങ്ങള്‍ കാണിച്ച് വിനോദിപ്പിക്കുന്നത്.
അതുകൊണ്ട് ഇടക്കൊക്കെ ഒരു ലൈക്കും ഒരു കമന്റും അവര്‍ക്കായി കൊടുക്കാം.




