ലോകമെമ്പാടും പുതുവർഷത്തെ വരവേൽക്കുന്നത് പലതരം ആചാരങ്ങളോടെയാണ്. അതിൽത്തന്നെ, കേൾക്കുമ്പോൾ വിചിത്രവും രസകരവുമായ 5 പുതുവത്സര ആഘോഷങ്ങൾ പരിചയപ്പെടാം.
സ്നേഹം ഉണ്ടെങ്കിൽ പാത്രം പൊട്ടിക്കണം
വാതിൽക്കൽ തകർന്ന പാത്രങ്ങൾ കാണുമ്പോൾ ഡെൻമാർക്കുക്കാർ അങ്ങനെ ഞെട്ടാറില്ല, മറിച്ച് അവർ സന്തോഷിക്കുന്നു. ഡിസംബർ 31-ന് രാത്രി, ഡെൻമാർക്കിലെ ആളുകൾ വർഷം മുഴുവൻ ശേഖരിച്ചുവച്ച ഉപയോഗിക്കാത്തതോ, കേടുപാടുകളുള്ളതോ ആയ പ്ലേറ്റുകളും പാത്രങ്ങളും സുഹൃത്തുക്കളുടെയും അയൽക്കാരുടെയും വീടുകളുടെ വാതിലുകൾക്ക് മുൻപിൽ എറിഞ്ഞ് ഉടയ്ക്കുന്നു.

എത്രയധികം പൊട്ടിയ പാത്രങ്ങൾ വാതിൽക്കൽ ഉണ്ടോ അത്രയധികം സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അവർക്കുണ്ടെന്നാണ് വിശ്വാസം. കൂടാതെ വരാനിരിക്കുന്ന വർഷം അത്രയും ഭാഗ്യകരമായിരിക്കും എന്നും കരുതുന്നു.
ഡെൻമാർക്കിൽ ഉള്ളവർക്ക് അവരുടെ പ്രിയപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കുന്ന ഒരു സന്ദർഭം കൂടിയാണിത്. ‘നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാണ്, നിങ്ങൾക്ക് നല്ലതുവരട്ടെ’ എന്ന സന്ദേശമാണ് വാതിൽക്കൽ ചിതറി കിടക്കുന്ന ഈ പാത്രങ്ങൾ നൽകുന്നത്. പണ്ട് കാലത്ത് പാത്രങ്ങൾ പൊട്ടിച്ച് വലിയ ശബ്ദമുണ്ടാക്കുന്നത് ദുരാത്മാക്കളെയും ദുശക്തികളെയും അകറ്റിനിർത്താൻ സഹായിക്കുമെന്ന് വിശ്വസിച്ചിരുന്നു.
പഴയ പാത്രങ്ങൾ ഉടയ്ക്കുന്നതിലൂടെ, കഴിഞ്ഞ വർഷത്തെ മോശം അനുഭവങ്ങളും നെഗറ്റീവ് എനർജിയും എല്ലാം ഉപേക്ഷിച്ച് പുതിയ വർഷത്തിലേക്ക് കടക്കുന്നു എന്നൊരു പ്രതീകാത്മക അർഥവും ഇതിന് പിന്നിലുണ്ട്. ചുരുക്കി പറഞ്ഞാൽ, ഡാനിഷ് പുതുവത്സരാഘോഷത്തിലെ സന്തോഷവും ആഘോഷവും നിറഞ്ഞ ഒരു ചടങ്ങാണിത്.
സെമിത്തേരിയിലെ ആഘോഷം
പുതുവത്സരം എന്നാൽ ആഘോഷവും പാർട്ടിയും മാത്രമാണോ? തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ താൽക്ക എന്ന നഗരത്തിലെ ആളുകൾ ഈ രാത്രി ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്ന ഒരിടം കേട്ടാൽ ആരും ഒന്ന് അമ്പരന്നു പോകും — സെമിത്തേരി!
ഓരോ വർഷവും ഡിസംബർ 31 അർദ്ധരാത്രി താൽക്ക നഗരത്തിലെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങൾക്ക് സമീപം ഒത്തുകൂടുന്നു. ഇതിനെ വെറുമൊരു സന്ദർശനമായി കാണാനാവില്ല. മരിച്ചവർക്കൊപ്പം പുതിയ വർഷത്തെ വരവേൽക്കുന്ന ഒത്തുചേരൽ അല്ലെങ്കിൽ ‘സെമിത്തേരി സ്ലീപ്ഓവറാണിത്. മരിച്ചു പോയവരുടെ കുടുംബാംഗങ്ങൾ കല്ലറകൾക്ക് സമീപം ഇരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. മെഴുകുതിരികൾ കത്തിച്ചും പൂക്കൾ കൊണ്ടും ഇവ അലങ്കരിക്കുന്നു. പലരും, പ്രിയപ്പെട്ടവരുടെ ഇഷ്ടഭക്ഷണങ്ങളും, വീഞ്ഞും കൊണ്ടുവരും. ഈ ഒത്തുച്ചേരലിന് മാറ്റുകൂട്ടാനായി ശാന്തമായ സംഗീതവും ഒരുക്കുന്നു.

പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് മരിച്ചു പോയവരുടെ ആത്മാക്കൾക്ക് ശാന്തി നൽകുമെന്നും, ഇതുവഴി അടുത്ത വർഷം കുടുംബത്തിന് ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്നും താൽക്കയിലെ ജനങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞുപോയ വർഷത്തെ ദുഃഖങ്ങൾ മറന്ന്, പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്കൊപ്പം പുതിയ പ്രതീക്ഷകളോടെ ഒരു വർഷം തുടങ്ങാൻ ഇത് ആളുകളെ സഹായിക്കുന്നു.
സ്യൂട്ട്കേസുമായി വീടിന് ചുറ്റും ഓട്ടം
കൊളംബിയയിൽ ഉള്ളവർ യാത്രാപ്രോമികളാണ്. അവിടെയുള്ളവർക്ക് പുതുവത്സരം എന്നത് വെറും ആഘോഷം മാത്രമല്ല, വരാനിരിക്കുന്ന വർഷം യാത്രകൾ നിറഞ്ഞതാകാൻ വേണ്ടിയുള്ള രസകരമായ ഒരു പരമ്പരാഗത ആചാരം കൂടിയാണ്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അർദ്ധരാത്രി 12 മണിക്ക്, കൊളംബിയയിലെ ആളുകൾ ഒഴിഞ്ഞ സ്യൂട്ട്കേസുകളോ, ബാഗുകളോ എടുത്ത് തങ്ങളുടെ വീടിന് ചുറ്റുമോ അടുത്തുള്ള തെരുവിലോ ഓടുന്നു. പുതുവർഷത്തിൽ ഒരുപാട് യാത്രകളും പുതിയ അനുഭവങ്ങളും ഉണ്ടാകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു പ്രതീകാത്മക പ്രവൃത്തിയാണ് ഇത്.

കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒരുമിച്ചാണ് ഈ ആചാരത്തിൽ പങ്കെടുക്കുന്നത്. തെരുവുകളിലൂടെ സ്യൂട്ട്കേസുകളുമായി ചിരിച്ചുകൊണ്ട് ഓടുന്ന ആളുകളുടെ കാഴ്ച നമ്മുക്ക് വ്യത്യസ്തമായി തോന്നുമെങ്കിലും അവർക്ക് അത് പ്രതീക്ഷയും സന്തോഷവുമാണ്.
12 സെക്കൻഡുകൾക്കുള്ളിൽ 12 ഭാഗ്യമുന്തിരികൾ
സ്പെയിനിലെ പുതുവത്സരാഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും രസകരവുമായ ഒരു ആചാരമാണ് ‘പന്ത്രണ്ട് ഭാഗ്യമുന്തിരികൾ’ കഴിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്ന ഡിസംബർ 31ന് അർദ്ധരാത്രി 12 മണിക്ക് 12 സെക്കൻഡുകൾക്കുള്ളിൽ 12 മുന്തിരികൾ വീതം കഴിക്കണം. ഈ പന്ത്രണ്ട് മുന്തിരികൾ വരാനിരിക്കുന്ന പന്ത്രണ്ട് മാസങ്ങളിലെ ഭാഗ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എല്ലാ മുന്തിരികളും മണിയടി തീരുന്നതിന് മുൻപ് കഴിച്ചുതീർക്കാൻ കഴിഞ്ഞാൽ, ആ വർഷം മുഴുവൻ ഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് സ്പാനിഷുകാർ വിശ്വസിക്കുന്നത്.

സ്പെയിനിലെ മഡ്രിഡിലെ പ്യൂർട്ട ഡെൽ സോൾ സ്ക്വയറിലുള്ള റോയൽ ഹൗസ് ഓഫ് ദി പോസ്റ്റ് ഓഫിസിലെ ക്ലോക്കിന്റെ മണിനാദമാണ് രാജ്യമെമ്പാടുമുള്ള ആളുകൾ ടിവിയിലൂടെ തത്സമയം പിന്തുടരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂഹമാധ്യമത്തിലൂടെ ഈ രീതി ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നു.
ഫർണിച്ചറുകൾ വലിച്ചെറിഞ്ഞ് ആഘോഷം
ഏറെ കൗതുകകരവും അമ്പരപ്പിക്കുന്നതുമായ ഒരു പുതുവത്സര ആഘോഷമാണ് ഇറ്റലിയിലെ നേപ്പിൾസിലുള്ളവർ പിന്തുടരുന്നത്. ഡിസംബർ 31ന് അർദ്ധരാത്രി, ആളുകൾ തങ്ങളുടെ വീടുകളിലെ ഉപയോഗശൂന്യമായതോ പഴകിയതോ ആയ ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, മറ്റ് പഴയ വസ്തുക്കൾ എന്നിവ ജനലിലൂടെ താഴേക്ക് വലിച്ചെറിയുന്നു. കഴിഞ്ഞുപോയ വർഷത്തിലെ ദുരിതങ്ങളും നിരാശകളും ഉപോക്ഷിക്കുന്നു എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.

പഴയതും മോശവുമായ കാര്യങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കി പുതിയ വർഷത്തെ ശുദ്ധിയോടെയും സന്തോഷത്തോടെയും സ്വീകരിക്കുക എന്നതാണ് ഇതിന്റെ കാതൽ. ഫർണിച്ചറുകൾ വലിച്ചെറിയുന്നത് വഴി പുതിയ വർഷത്തിൽ സന്തോഷവും സമൃദ്ധിയും കൈവരുമെന്നുള്ള പ്രതീക്ഷയുടെ സൂചനയായും കണക്കാക്കുന്നു.




