മൂക്കൊലിപ്പിച്ചു പാകമല്ലാത്ത നിക്കറും വലിച്ചുകേറ്റി ആ കൊച്ചുപയ്യൻ കൂട്ടുകാര്‍ക്കൊപ്പം കളിച്ചത് ഗോട്ടി കളിയാണ്. തന്‍റെ കയ്യിലുള്ള ഗോട്ടി നിലത്തു കൃത്യമായ ഇടവേളകളില്‍ കുഴിച്ച കുഴികളിലോന്നില്‍ വീണപ്പോഴുള്ള അവന്‍റെ ആഹ്ലാദം! വലതുകയ്യിലെ ചൂണ്ടുവിരലു കൊണ്ടാണ് ആ ഗോട്ടി അവൻ അമർത്തി പിടിച്ചിരിക്കുന്നത്. അത് പുറകിലേക്ക് വലിച്ചു വിടുകയാണ് വേണ്ടത്. ഗോട്ടി ലക്ഷ്യ സ്ഥാനത്തെത്തിച്ച് പയ്യൻ മാച്ച് വിന്നറായി. ഏകാഗ്രത കൂടുവാന്‍ നല്ലതാണെത്രേ ഇതു.

എന്താ വീടിന്റെ സൈഡിലൊരു കൂട്ടം! കുട്ടിപ്പട്ടാളമെല്ലാം ഉണ്ടല്ലോ. മുടി പിന്നിയിട്ട ഒരു കൊച്ചു സുന്ദരി പുറകിലെ മാവിന്‍ ചോട്ടില്‍ കണ്ണും പൊത്തി നില്‍ക്കുന്നുണ്ടല്ലോ.. ഒളിച്ചുകളിയാണ്. അവള്‍ എണ്ണിത്തീരും മുമ്പേ ബാക്കിയുള്ളവർ കണ്ടുപിടിക്കാത്ത വിധം ഒരോരോ സ്ഥലത്തായി ഒളിച്ചു കഴിഞ്ഞിരുന്നു. എന്തോ അനക്കം കേട്ടു ഒളിച്ചിരുന്ന കൂട്ടുകാരിയെ കണ്ടുപിടിക്കാന്‍ അങ്ങോട്ട് നീങ്ങിയ അവളെ പറ്റിച്ചു മറ്റൊരു മിടുക്കി ‘സാറ്റ്’ അടിച്ചുകഴിഞ്ഞു. തോൽക്കാൻ മനസില്ലെന്ന് പറഞ്ഞു മറഞ്ഞിരിക്കുന്ന മറ്റുള്ളവരെ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ആണ് ആ കൊച്ചു മിടുക്കി.

“ചൂട്, ചൂട് …തണുപ്പ്…കൊടും ചൂട്” ശേ, എന്താപ്പോ ഈ പിള്ളേരു പറയണത്. ഒന്നും മനസിലാകണില്ലാലോ. കുലുങ്ങി ചിരിക്കുന്ന ആ പെൺകുട്ടി എന്തോ ഒന്നു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. കൂടെയുള്ളവരാകട്ടെ അതുകണ്ടുപിടിക്കാനുള്ള പ്രയത്നത്തിലും. സാധനത്തിന്‍റേ അടുത്തു എത്തിയാല്‍ അവള്‍ ചൂടെന്ന് പറഞ്ഞു കൂട്ടുകാര്‍ക്ക് സൂചന നൽകുന്നു. ഒളിപ്പിച്ചു വെച്ച സാധനത്തിന്‍റേ അരികില്‍ നിന്നും മാറിപ്പോകുമ്പോ തണുപ്പെന്നും പറയുന്നുണ്ട്. ഒടുവില്‍ ഒരുത്തി ‘കൊടും ചൂടില്‍” നിന്നും ആ സാധനം പൊക്കിയെടുത്തു. ഒരു സേഫ്റ്റി പിൻ! കളി തുടരുകയാണ്.

പ്രായ വ്യത്യാസമില്ലാതെ വട്ടത്തില്‍ ഇരുന്നു എന്തു പാട്ടാണ് പാടുന്നത്. ” അത്തള പിത്തള തവളാച്ചി ….” പാട്ടിന്‍റെ താളമനുസരിച്ച് ഒരാള്‍ വട്ടത്തില്‍ വെച്ചിരിക്കുന്ന കൈപ്പത്തിയില്‍ എണ്ണുന്നുമുണ്ടല്ലോ .പാട്ട് അവസാനിക്കുന്ന സമയത്ത് എണ്ണിയെത്തുന്ന കൈ കമിഴ്നാണ് ഇരിക്കുന്നതെങ്കില്‍ മലര്‍ത്തിവെയ്‌ക്കുന്നു. ഈ കളി കൊള്ളാമല്ലോ?
ദീര്‍ഘചതുരാകൃതിയില്‍ മണ്ണില്‍ കളം വരച്ചു അതിനെ എട്ട് സമഭാഗങ്ങളായി തിരിച്ചു കളിക്കുന്ന കളിയാണ് കക്ക്. കളിക്ക് ഉപയോഗിക്കുന്ന കരു ആണ് കക്ക്. കക്ക് ഒരു കളത്തില്‍ എറിഞ്ഞു ഒറ്റക്കാലില്‍ ചാടി ,വരകളില്‍ ചവിട്ടാതെ ആ കക്ക് എടുത്തു തിരിച്ചു വരണം.ഓടിന്‍ കഷ്ണമോ മണ്‍കലത്തിന്‍റെ ചെറിയ തുണ്ടോ ഒക്കെ ആണ് കക്കായി ഉപയോഗിക്കുന്നത്.

അവിടെ വട്ടത്തില്‍ ഇരുന്നു പെണ്‍കുട്ടികള്‍ കളിക്കുന്ന കളി എന്താണെന്നല്ലേ? അതാണ് കൊത്തങ്കല്ല്. അഞ്ചോ ഏഴോ വെള്ളാരം കല്ലുകള്‍ നിലത്തിട്ടു അതില്‍ ഒന്നിനെ മുകളിലേക്കു എറിഞ്ഞു അത് താഴെ വരും മുന്‍പേ നിലത്തിട്ട കല്ലുകളില്‍ ഒന്നിനെ എടുത്തു മുകളിലെയ്‌ക്കെറിഞ്ഞ കല്ലും ചേര്‍ത്ത് പിടിക്കണം. ഏകാഗ്രത ഒരുപാട് വേണ്ടതാണ് ഈ കളിയും.





