തിയേറ്ററുകൾ അടിച്ചുതകർത്തു, ഇന്ത്യയിൽ ലെസ്ബിയൻസ് ഇല്ലെന്ന് മുദ്രാവാക്യം വിളിച്ചു, മതവിശ്വാസികൾ നിരത്തിലേക്കിറങ്ങി, സഞ്ജയ് ഗാന്ധിയെ ജയിലിലാക്കി. അങ്ങനെ ചില സിനിമകൾ ഇന്ത്യൻ ചരിത്രത്തിൽ പല സംഭവങ്ങളും കൂട്ടിച്ചേർക്കാൻ കാരണമായി.
ഇന്ത്യയിൽ നിരോധിച്ച സിനിമകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഭരണകൂടം ആരെയെങ്കിലും ഭയന്നിരുന്നോ, എന്തെങ്കിലും ഒളിക്കാൻ ശ്രമിച്ചിരുന്നോ? ഇന്ത്യയിൽ പല കാലങ്ങളിലായി നിരോധിച്ച സിനിമകളും അതിനു പിന്നിലെ കാരണങ്ങളും അറിയണ്ടേ? ഇന്ത്യയിൽ ബാൻ ചെയ്യപ്പെട്ട ചില സിനിമകളെ പരിചയപ്പെടുത്തുന്ന ‘ബ്ലാക്ക് ലിസ്റ്റ്’ എന്ന സീരീസിലെ ആദ്യ ഭാഗം

∙ഫയർ
വർഷം 1996. ദീപ മെഹ്ത എന്ന സംവിധായകയുടെ ഫയർ എന്ന ചിത്രം കാനഡയിൽ പ്രദർശിപ്പിക്കുന്നു. വർഷം 1998. ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുമേൽ സിനിമ യാതൊരു പ്രശ്നങ്ങളുമില്ലാതെ സ്ക്രീൻ ചെയ്തു. എന്നാൽ അടുത്ത ദിവസം അന്തരീക്ഷം കലുഷിതമായി. മുംബൈയിലും ഡൽഹിയിലും സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ശിവസേനക്കാർ അടിച്ചു തകർത്തു. സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറി. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടുന്ന ശിവസേന അനുകൂലികൾ നിരത്തിൽ പ്രക്ഷോഭങ്ങൾ അഴിച്ചുവിട്ടു. പേരു പോലെ സിനിമ തീയായി. കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിട്ടും കാലഹരണപ്പെടാത്ത വിശ്വാസങ്ങളെ ഈ സിനിമ ചുട്ടെരിച്ചു. ഇങ്ങനെയൊരു ചിത്രമോ ഇതിലെ പ്രമേയമോ ഭാരതീയ സംസ്കാരത്തിനു ചേർന്നതല്ലെന്ന് അവർ മുദ്രാവാക്യങ്ങളുയര്ത്തി. ചിത്രത്തെ അശ്ലീലമായി അവർ വിധിയെഴുതി. എന്തായിരുന്നു ഫയർ? ഈ ചിത്രം കണ്ട പലർക്കും പൊള്ളിയതെന്തുകൊണ്ട്?
ഒരു കുടുംബത്തിലെ രാധയെന്നും സീതയെന്നും പേരുള്ള രണ്ട് സാധരണക്കാരായ സ്ത്രീകൾ തമ്മിലുള്ള പ്രണയമായിരുന്നു ഫയർ. ലെസ്ബിയൻ റിലേഷൻഷിപ്പ് ഇന്ത്യയിൽ ആദ്യമായി വ്യക്തമായി കാണിച്ച ചിത്രം. തങ്ങളുടെ ഇഷ്ടങ്ങളെയും ആവശ്യങ്ങളെയും കണ്ടില്ലെന്നു നടിക്കുന്ന, അവഗണനയല്ലാതെ മറ്റൊന്നും നൽകാന് കഴിയാത്ത ഭർത്താക്കന്മാരാണ് ഇരുവരുടേതും. മടുപ്പും, നിരാശയും, സങ്കടവും ഇരുവരെയും തളർത്തുമ്പോൾ പരസ്പരം താങ്ങും തണലുമാകാൻ ഇവർക്കു സാധിക്കുന്നു. വിശ്വാസം, സൗഹൃദം, പ്രണയം എന്നിങ്ങനെ ആ ബന്ധം വളരുകയാണ്. മനുഷ്യന് കെട്ടുപാടുകളിൽ നിന്നും രക്ഷപ്പെടാനാകുമെന്നും ജീവിതത്തിലെ ഓരോ തിരഞ്ഞെടുപ്പും പ്രധാനമാണെന്നും രാധയും സീതയും തങ്ങളുടെ ജീവിതത്തിലൂടെ കാണിക്കുന്നു. ഇന്ത്യൻ മുഖ്യധാര സിനിമയിൽ ആദ്യമായാവും സ്വവർഗാനുരാഗികളെ ഇങ്ങനെ അവതരിപ്പിച്ചത്. ഒരു തരത്തിൽ ഇന്ത്യയിലെ ക്വീർ ആക്റ്റിവിസത്തിന്റെ നാഴികക്കല്ലായി മാറിയ സിനിമ തന്നെയാണ് ഫയർ.

സെൻസർ ബോർഡ് യാതൊരു മാറ്റങ്ങളും വരുത്താതെയാണ് ആദ്യം സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. സീത എന്ന പേര് മാറ്റി നിത എന്നാക്കണമെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും അതൊരു പ്രശ്നമായി മാറിയില്ല. സീതയും രാധയും അതേ പേരുകളിൽ തന്നെ തുടർന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തതിനു ശേഷം ഇത്രയും പ്രതിഷേധങ്ങൾ വന്നതോടെ വീണ്ടും സിനിമ സെൻസർ ചെയ്യണമെന്ന ആവശ്യമുയർന്നു. താൽക്കാലികമായി പ്രദർശനം നിർത്തിവച്ചെങ്കിലും സൂപ്രീം കോടതിയുടെ ഇടപെടലിലൂടെ ഇടവേളയ്ക്കു ശേഷം ചിത്രം വീണ്ടും പ്രദർശിപ്പിച്ചു. പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഷബാന ആസ്മിയും നന്ദിതാ ദാസും അഭിനന്ദനങ്ങളും ആക്ഷേപങ്ങളും ഒരുപോലെ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു ഫയർ.
സിനിമയ്ക്കു ശേഷം ദീപ മെഹ്ത സുരക്ഷയോടെയാണ് പലപ്പോഴും സഞ്ചരിച്ചിരുന്നത്. തന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഇന്ത്യയിൽ ലെസ്ബിയൻസ് ഇല്ല എന്നായിരുന്നു പ്രക്ഷോഭം നടത്തിയവരുടെ മുദ്രാവാക്യങ്ങൾ. പക്ഷേ സിനിമയെ അനുകൂലിച്ചവരിൽ സ്ത്രീകളും ചെറുപ്പക്കാരായ പുരുഷന്മാരും ഉണ്ടായിരുന്നു. അവരുടെ കയ്യിലെ പ്ലക്കാർഡുകളിൽ ഞാൻ കണ്ടത്, വി ആർ ഇന്ത്യൻസ് ആൻഡ് വി ആർ ലെസ്ബിയൻസ് എന്നായിരുന്നു – ദീപ മെഹ്ത
.യൂട്യൂബിലും ആമസോൺ പ്രൈമിലും ചിത്രം കാണാം

∙ബാൻഡിറ്റ് ക്വീൻ
ഫൂലൻ ദേവി എന്ന പേര് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ അറിയാതെ പോകുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ഗ്രാമത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരിയായ പെൺകുട്ടി ഫൂലൻ ദേവി എന്ന കൊള്ളക്കാരിയായി മാറിയത് എങ്ങനെയെന്ന് നമ്മൾ അറിയണം. 20 പേരെ കൊലപ്പെടുത്തിയ, ചമ്പൽക്കാടിന്റെ സുന്ദരിയായ കൊള്ളക്കാരിയുടെ ജീവിതകഥയാണ് ബാൻഡിറ്റ് ക്വീൻ.
മാല സെൻ എന്ന എഴുത്തുകാരിയുടെ ബാൻഡിറ്റ് ക്വീൻ: ട്രൂ സ്റ്റോറി ഓഫ് ഫൂലൻ ദേവി എന്ന പുസ്തകത്തിൽ നിന്നാണ് സംവിധായകൻ ശേഖർ കപൂർ ഇങ്ങനെയൊരു ചിത്രം സൃഷ്ടിച്ചത്. പത്താം വയസ്സിൽ വിവാഹിതയാവുകയും, പിന്നീട് ചെയ്യാത്ത തെറ്റിന് അവൾ ജയിലിലടയ്ക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തു. ക്രൂര പീഡനത്തിന് ഇരയായ ആ പെൺകുട്ടിയെ ജയിലിൽ തന്റെ അച്ഛനു മുന്നിൽ നഗ്നയാക്കി നിർത്തി. നാട് മുഴുവൻ എതിർത്തു നിന്നപ്പോഴും സ്വയമൊരു തീയായി അവള് എതിർപ്പുകളെ ചുട്ടു ചാമ്പലാക്കി. പിന്നോക്ക ജാതിയായതുകൊണ്ട് അവൾ അനുഭവിച്ച യാതനകൾക്ക് കണക്കില്ല. ഒടുവിൽ ജീവിതം അവളെ ചമ്പൽ കാടുകളെ അടക്കിവാഴുന്ന കൊള്ളക്കാരിയായി മാറ്റി. തന്നെ ഉപദ്രവിച്ചവരെ, അപമാനിച്ചവരെ, മേൽജാതിയായത് കൊണ്ട് എന്ത് അക്രമവും കാണിക്കാമെന്ന് വിശ്വസിച്ചിരുന്നവരെ അവൾ നേരിട്ടു. ഒടുവിൽ പൊലീസിനു മുന്നിൽ കീഴടങ്ങുമ്പോൾ 48 കേസുകളിലെ പ്രതിയായിരുന്നു ഫൂലൻ. അതിൽ ഇരുപത് കേസും കൊലക്കുറ്റം. 11 വർഷത്തെ ജയിൽവാസത്തിനു ശേഷം ഫൂലൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ജനങ്ങളെ സേവിക്കാനുറച്ച ഫൂലൻ എംപിയായി. ഒന്നിനു പുറകേ ഒന്നായി വന്ന വെല്ലുവിളികളെയെല്ലാം തന്റെ കാൽചുവട്ടിലൊതുക്കിയ ഫൂലൻ ദേവിയുടെ സംഭവബഹുലമായ ജീവിതമാണ് ബാൻഡിറ്റ് ക്വീൻ. 1996ൽ മൂന്ന് നാഷനൽ അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം കണ്ടു തീർക്കാൻ അത്ര എളുപ്പമല്ല.
സീമാ ബിശ്വാസ് പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് പല തരത്തിലുള്ള എതിർപ്പുകൾ നേരിടേണ്ടി വന്നു. അതിൽ ആദ്യത്തേത് ഫൂലൻ ദേവിയുടേത് തന്നെയായിരുന്നു. യഥാർഥ സംഭവങ്ങളെക്കാൾ കൂടുതൽ അശ്ലീലതയ്ക്ക് പ്രാധാന്യം നൽകി എന്നതായിരുന്നു ഫൂലൻ ദേവിയെ ചൊടിപ്പിച്ചത്. ചിത്രത്തിന്റ റിലീസിനെതിരെ അവർ കോടതിയിലെത്തി. പിന്നീട് സെൻസർ കട്ടുകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ ഉൾപ്പെടുത്തിയ ലൈംഗിക അതിക്രമത്തിന്റെ ദൃശ്യങ്ങൾ, ജാതി വിഷയങ്ങളിലുയർന്ന സംവാദങ്ങൾ എന്നിവയാണ് സമൂഹത്തിൽ പലരെയും ബുദ്ധിമുട്ടിച്ചത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തി നേരിട്ട പീഡനം അവരുടെ സമ്മതമില്ലാതെ സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചതിനെ അരുന്ധതി റോയ് വിമർശിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളിൽ താൽക്കാലികമായി ബാൻ നേരിട്ടെങ്കിലും പിന്നീട് ഫൂലൻ ദേവി കേസ് പിന്വലിച്ചതോടെ ഇന്ത്യയിൽ സിനിമ റിലീസ് ചെയ്യുകയായിരുന്നു.
നേരിട്ട് കണ്ടപ്പോൾ ഫൂലൻ ഒരുപാട് പ്രശംസിച്ചുവെന്നും, എന്റെ നെറ്റി ചുളുങ്ങുന്നതുപോലും അതേപോലെ താങ്കൾ കാണിച്ചു. ജീവിക്കുകയായിരുന്നു നിങ്ങൾ എന്നും തന്നോട് പറഞ്ഞതായി സീമ പറയുന്നു. ചിത്രം കണ്ട് ആരും വാക്കുകളിലൂടെ എന്നെ പ്രശംസിച്ചില്ല, നിറഞ്ഞ കണ്ണുകളോടെ കയ്യിൽ പിടിക്കുകയോ, കണ്ണുകളിൽ നോക്കാനാവാതെ തലകുനിച്ച് ആളുകൾ കടന്നു പോവുകയോ ആണ് ചെയ്തത്, വൈൽഡ് ഫിലിംസ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സീമ പറഞ്ഞു.
ഫൂലൻ ദേവി തന്റെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആരെയും വേദനിപ്പിക്കും. ഒന്ന് ആലോചിച്ചാൽ അവർ നടന്ന വഴിയും, അനുഭവിച്ച ദുരിതവും ഒരു മനുഷ്യനും ആവർത്തിക്കരുതേയെന്ന് ആശിച്ചുപോകും. അടുത്ത ജന്മത്തിൽ എന്താകണമെന്ന ചോദ്യത്തിന് ആ സുന്ദരിയായ കൊള്ളക്കാരി പറഞ്ഞ മറുപടി ഇങ്ങനെയാണ്, “ഏത് മൃഗമോ ആയിക്കോട്ടെ, ഒരു സ്ത്രീ അവാൻ ഞാൻ ആഗ്രഹിക്കുന്നില്ല! “
യൂട്യൂബിലും ആമസോൺ പ്രൈമിലും ചിത്രം കാണാവുന്നതാണ്.

∙കിസ്സാ കുർസി കാ
ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി തിഹാർ ജയിലിലടയ്ക്കപ്പെടാൻ വഴിയൊരുക്കിയ സിനിമയാണ് കിസ്സാ കുർസി കാ. 1975ൽ അടിയാന്തിരാവസ്ഥ കാലത്താണ് പൊളിറ്റിക്കൽ ഡ്രാമയായ ഈ ചിത്രം പുറത്തിറക്കാൻ തീരുമാനിച്ചത്. ചിത്രത്തിന്റെ സംവിധായകൻ അമൃത് നഹാട്ട കോൺഗ്രസ് പാർട്ടി നേതാവായിരുന്നു. ലോക്സഭയിലേക്ക് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പാർട്ടി വിട്ട നഹാട്ട ജനതാ പാർട്ടിയ്ക്കു വേണ്ടി വീണ്ടും ഇലക്ഷനു നിൽക്കുകയും മൂന്നാം തവണയും ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അക്ഷേപഹാസ്യത്തിലൂന്നി ചിത്രീകരിച്ച കിസ്സാ കുർസി കാ സിനിമയ്ക്കു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടായിരുന്നു. ചിത്രത്തിൽ, ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ അധിക്കാരക്കൊതിയുള്ള, അഴിമതി മാത്രം കൈമുതലായുള്ളവരായാണ് കാണിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയെല്ലാം ഇതിലൂടെ വിമർശിച്ചു. അക്കാലത്ത് പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയ്ക്ക് ഒരു ഓട്ടോ മാനുഫാക്ചറിങ് പ്രൊജക്ട് ഉണ്ടായിരുന്നു. മാരുതി കാർ. ജനതാ കി കാർ എന്നായിരുന്നു ആ സ്വപ്ന പദ്ധതിയെ വിളിച്ചിരുന്നത്. സിനിമയിൽ, പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നവും അത് തന്നെ, ജനതാ കി കാർ. ആർക്കെതിരെയുള്ള ചിത്രമാണിതെന്ന് മനസ്സിലാക്കാൻ ആർക്കും തലപുകയ്ക്കേണ്ടി വന്നില്ല. 1975ലാണ് ചിത്രം സർട്ടിഫിക്കേഷനുവേണ്ടി സെൻസർബോർഡിനു മുന്നിൽ സമർപ്പിച്ചത്. എന്നാൽ നിലവിൽ ഭരിക്കുന്ന പാർട്ടിയിലെ പ്രാധാനികളെയെല്ലാം ആക്ഷേപിക്കുന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ആരുമായും സിനിമയ്ക്കു ബന്ധമില്ലെന്നും, തികച്ചും സാങ്കൽപ്പിക കഥയാണെന്നുമൊക്കെ പറഞ്ഞു നോക്കിയിട്ടും, സിനിമ റിലീസ് ചെയ്യാനുള്ള നഹാട്ടയുടെ പരിശ്രമങ്ങളെല്ലാം പാഴായി. അപ്പോഴേക്കും രാജ്യത്ത് അടിയന്തരവസ്ഥ പ്രഖ്യാപിച്ചു.
വൈകാതെ സഞ്ജയ് ഗാന്ധിയും മന്ത്രി വി സി ശുക്ലയും ചേർന്ന് ചിത്രത്തിന്റെ മാസ്റ്റർ പ്രിന്റ് ഉൾപ്പെടെയുള്ള എല്ലാ പ്രിന്റുകളും സെൻസർബോർഡ് ഓഫിസിൽ നിന്ന് എടുത്തു. ശേഷം ഗുഡ്ഗാവിലുള്ള മാരുതി ഗരാജിൽ കൊണ്ടുപോയി കൂട്ടിയിട്ട് കത്തിച്ചുകളഞ്ഞു. സുപ്രീം കോടതിയിൽ ഇരുവർക്കുമെതിരെയുള്ള നഹാട്ടയുടെ കേസിന് വിധി വന്നു. കുറ്റാരോപിതരായ സഞ്ജയ്, ശുക്ല എന്നിവർ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയുകയും ഇരുവർക്കും തിഹാർ ജയിലിൽ തടവും വിധിക്കുകയും ചെയ്തു. ജാമ്യം ലഭിക്കാത്തതിനാൽ ഒരു മാസം സഞ്ജയ് ജയിലിൽ കഴിയേണ്ടി വന്നു.
ഇന്ദിരാഗാന്ധി ഭരണത്തിൽ നിന്ന് ഇറങ്ങിയ ശേഷം അമൃത് നഹാട്ട വീണ്ടും ഈ ചിത്രം നിർമിച്ചു. അഭിനേതാക്കളോ, കഥയോ സ്ക്രിപ്റ്റോ ഒന്നിലും മാറ്റം വരുത്തിയില്ല. സെൻസർബോർഡ് പല ഭാഗങ്ങളും ഒഴിവാക്കിയെങ്കിലും 1977ൽ കിസ്സാ കുർസി കാ പുറത്തിറങ്ങി.
ഷബാന ആസ്മി, രാജ് ബബ്ബർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. ചിത്രം യൂട്യൂബിൽ കാണാം

∙ അൺഫ്രീഡം
മതമൗലികവാദവും സ്വവർഗാനുരാഗികൾക്കെതിരെയുള്ള അക്രമങ്ങളും പ്രധാന പ്രമേയമായതാണ് അൺഫ്രീഡം എന്ന ചിത്രത്തിന് വിലക്ക് വീഴാൻ കാരണം. രണ്ട് രാജ്യങ്ങളിലായി നടക്കുന്ന സംഭവങ്ങള് സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു. അതുതന്നെയാണ് ചിത്രം കണ്ടവരെ പ്രകോപിപ്പിച്ചതും.
ഡൽഹിയിലും ന്യൂയോർക്കിലുമായാണ് കഥ നടക്കുന്നത്. പുരുഷനു പകരം സ്ത്രീയെ പ്രണയിച്ച കൊടുംപാതകം ചെയ്ത പെൺകുട്ടി, ലീല. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന, ആർട്ടിസ്റ്റ് കൂടിയായ സഖിയുമായി ലീല പ്രണയത്തിലാണ്. റിട്ടയഡ് പൊലീസ് ഉദ്യോഗസ്ഥനായ ലീലയുടെ അച്ഛൻ ഇത്രയും നാൾ താൻ കാത്തുസൂക്ഷിച്ച സൽപ്പേര് നഷ്ടപ്പെടുമെന്ന് ഭയക്കുന്നു. മകളുടെ സ്വത്വം മനസ്സിലാക്കാൻ ശ്രമിക്കാതെ അവളെ വിവാഹം കഴിച്ചയയ്ക്കാൻ അയാൾ തീരുമാനിക്കുന്നു. അതേസമയം ന്യൂയോർക്കിൽ, ഇസ്ലാം മതം ആരെയും ഉപദ്രവിക്കാൻ പറയുന്നില്ലെന്നും, തീവ്രവാദികൾ ഖുറാനിലുള്ള കാര്യങ്ങൾ വളച്ചൊടിച്ച് സ്വന്തം താൽപര്യങ്ങൾ നടത്തിയെടുക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഫരീദ് റഹ്മാൻ. പ്രായാധിക്യം അയാളെ തളർത്തുന്നില്ല. ഫരീദിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന തീവ്രവാദിയായ ഹുസൈൻ എന്ന ചെറുപ്പക്കാരനാണ് മറ്റൊരു കേന്ദ്രകഥാപാത്രം. ശരികൾ തിരിച്ചറിയാതെ തന്റെ വിശ്വാസങ്ങൾ മാത്രമാണ് നല്ലതെന്ന് അന്ധമായി വിശ്വസിക്കുന്ന ഹുസൈനും, ലീലയുടെ പിതാവ് ദേവരാജ് സിങ്ങും ചെയ്യുന്ന ക്രൂരതകൾ മനുഷ്യമനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കും. രണ്ടു കഥകളിലും കുടുംബത്തിന് വലിയ പ്രാധാന്യമുണ്ട്.
സ്ക്രീനിൽ രണ്ട് സ്ത്രീകളുടെ പ്രണയവും അവരുടെ അവരുടെ അടുപ്പവും കണ്ട് അശ്ലീലമെന്ന് പറഞ്ഞ് പലരും നെറ്റി ചുളിച്ചു. ലീലയും ഫരീദും അനുഭവിക്കേണ്ടി വരുന്ന മൃഗീയമായ പീഢകൾ ഉറക്കം കെടുത്തുന്നവയായിരുന്നു. 2015ൽ ഇന്ത്യയിൽ പുറത്തിറങ്ങേണ്ടിയിരുന്ന അൺഫ്രീഡം നഗ്നതയും വയലൻസും കാരണം ബാൻ ചെയ്തു. ചിത്രത്തിലെ പല രംഗങ്ങളും ഒഴിവാക്കാൻ സെൻസർബോർഡ് ആവശ്യപ്പെട്ടു. എന്നാൽ സംവിധായകൻ രാജ് അമിത് കുമാറിന് അത് സമ്മതമല്ലായിരുന്നു. താൻ കണ്ട ജീവിതങ്ങളാണ് ഇങ്ങനെയൊരു സിനിമ ചെയ്യാൻ കാരണമായത്. അത് ഒഴിവാക്കാനാവില്ലല്ലോ.
ചിത്രം പുറത്തിറങ്ങളിയാൽ മുസ്ലിം ഹിന്ദു മതവിശ്വാസികൾ തെരുവിലിറങ്ങി പരസ്പരം കൊലപ്പെടുത്തുമെന്നും ആളുകളില് ആവശ്യമില്ലാത്ത പാഷൻ ഉടലെടുക്കാൻ കാരണമാകുമെന്നുമാണ് സെൻസർബോർഡിൽ നിന്നും സംവിധായകനു കിട്ടിയ മറുപടി. അതേ സമയം സിനിമ യാതൊരു തരത്തിലെ മെസേജും സമൂഹത്തിനു നൽകുന്നില്ലെന്ന അവരുടെ വാദം എങ്ങനെ ശരിയാകുമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും രാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു. സിനിമ ബാൻ ചെയ്തപ്പോൾ വല്ലാത്ത ദേഷ്യമാണ് തനിക്കുണ്ടായതെന്ന് രാജ് അന്ന് വെളിപ്പെടുത്തിയിരുന്നു. മകളെ ‘ശരിയാക്കാന്’ അച്ഛൻ ചെയ്യുന്ന കാര്യങ്ങളും, വേട്ടയാടപ്പെടുന്നവരുടെ ചെറുത്തുനിൽപ്പുമെല്ലാം കാണികളെ അമ്പരപ്പിക്കും. ബാനിനെതിരെ സംവിധായകൻ ഹൈകോർട്ടിൽ അപ്പീൽ നൽകിയിരുന്നു. അതിനും ഫലമുണ്ടായില്ല. 2018ൽ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയായിരുന്നു
ആദിൽ ഹുസൈൻ, പ്രീതി ഗുപ്ത, ഭവാനി ലീ, വിക്ടർ ബാനർജി എന്നിവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ഗൂഗിൾ പ്ലേ, ജസ്റ്റ് ഡയൽ എന്നിവയിൽ കാണാം

∙ബ്ലാക്ക് ഫ്രൈഡേ
1993ൽ 257 പേരുടെ മരണത്തിന് ഇടയാക്കിയ ബോംബൈ ബോംബ് സ്ഫോടന പരമ്പരയെപ്പറ്റിയുള്ള ചിത്രമാണ് ബ്ലാക്ക് ഫ്രൈഡേ. ഇതേ സിനിമ തന്നെയാണ് ബ്രിട്ടിഷ് സംവിധായകൻ ഡാനി ബോയിലിന് സ്ലംഡോഗ് മില്യനയർ എന്ന സിനിമ എടുക്കാൻ പ്രചോദനമായതും.
ഇന്ത്യൻ സിനിമാലോകം അന്നേവരെ ചെയ്ത സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ ചിത്രം. പൊതുവേ സാങ്കൽപ്പിക കഥകളും, കഥാപാത്രങ്ങളുമാണ് അന്ന് ബോളിവുഡിൽ ഉണ്ടായിരുന്നത്. നടന്ന സംഭവത്തെ പറ്റിയുള്ള ചിത്രം, കുറ്റവാളികളുടെ പേരുകൾ പോലും മാറ്റിയിട്ടില്ല, എന്നാൽ അതൊരു ഡോക്യുമെന്ററിയുമല്ല, പാട്ടുകളുമില്ല. പിന്നെ ഇതെങ്ങനെ സിനിമയാകും? അതായിരുന്നു ബ്ലാക്ക് ഫ്രൈഡേ എന്ന ചിത്രത്തെപ്പറ്റി ആദ്യമുണ്ടായ സംസാരം
ആജ്തക് എന്ന ന്യൂസ് ചാനലിനു വേണ്ടി ഒരു സീരീസ് ആയിട്ടാണ് അനുരാഗ് കശ്യപ് ബ്ലാക്ക് ഫ്രൈഡേയുടെ തിരക്കഥ എഴുതുന്നത്. എന്നാൽ ആദ്യത്തെ എപ്പിസോഡ് വായിച്ചതിനു ശേഷം അവർ ആ പ്രൊജക്ടിൽനിന്ന് പിന്മാറി. അങ്ങനെയാണ് ഇതൊരു സിനിമയാക്കാമെന്ന് തീരുമാനിക്കുന്നത്. ബോംബ് ബ്ലാസ്റ്റിനെ ആസ്പദമാക്കി എഴുതിയ ഹുസൈൻ സൈദിയുടെ പുസ്തകം ബ്ലാക്ക് ഫ്രൈഡേയിൽ നിന്നാണ് പ്രേരണ ഉൾക്കൊണ്ടത്. അതിനു പുറമേ ഒന്നര വർഷത്തോളം അനുരാഗ് സംഭവത്തെപ്പറ്റി പഠനം നടത്തി. ജേണലിസ്റ്റുകൾ പകർത്തിയ ചിത്രങ്ങൾ പുനരാവിഷ്കരിക്കാൻ, കാമറയ്ക്കു മുന്നിൽ ഒരു ലഹള ഉണ്ടാക്കാനും അത്രയും കൃത്യമായ പഠനം ആവശ്യമായിരുന്നു. പുറത്തു നടന്ന സംഭവങ്ങൾക്കു പുറമേ, ജയിലിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കൂടി അറിയേണ്ടതുണ്ടായിരുന്നു. പുറത്തിറങ്ങാത്ത ‘വോയിസസ്’ എന്ന പുസ്തകത്തെ വായിച്ചാണ്, പൊലീസ് അറസ്റ്റ് ചെയ്തവർക്ക് എന്തെല്ലാം അനുഭവിക്കേണ്ടി വന്നു എന്നും മനസ്സിലാക്കിയത്. എന്നാൽ ചിത്രം തിയേറ്ററിൽ റിലീസ് അകുന്നതിനു മുൻപ് തന്നെ ബോംബൈ ഹൈകോർട്ട് സിനിമ ബാൻ ചെയ്തു. കേസ് ഇപ്പോഴും നടക്കുന്നതിനാൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ലെന്നും അത് ആളുകളുടെ ചിന്താഗതിയെ ബാധിക്കുമെന്നും കോടതി പറഞ്ഞു
വൈകാതെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായി. ധാരാളം ആളുകൾ ചിത്രം കാണുകയും നല്ല അഭിപ്രായം ഉയരുകയും ചെയ്തു. അങ്ങനെയിരിക്കെ ദുബൈയിൽ വച്ച് സുപ്രീം കോടതി ജഡ്ജ് ഈ സിനിമ കാണാനിടയാവുകയും ഇന്ത്യയിൽ മടങ്ങി എത്തിയ ശേഷം കേസ് റീഓപ്പൺ ചെയ്യുകയും ചെയ്തു. 2004ൽ പ്രിമീയർ ചെയ്ത ചിത്രം അങ്ങനെ 2007ൽ പുറത്തിറങ്ങി. ഇതിനിടയിലെ ഇടവേള തന്റെ ജീവിതത്തിലെ മോശം സമയമായിരുന്നുവെന്നും താനൊരു മദ്യപാനിയായി ആകാനും വിവാഹ ജീവിതം തകരാനും കാരണമായെന്നും പലപ്പോഴായി നൽകിയിട്ടുള്ള ഇന്റർവ്യുകളിൽ അനുരാഗ് കശ്യപ് പറഞ്ഞിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയിട്ടും ബോക്ഓഫിസിൽ അത് വിജയം കണ്ടില്ല. കാരണം, അപ്പോഴേക്കും എല്ലാവരും വ്യാജ ഡിവിഡിയിലൂടെ സിനിമ കണ്ടിരുന്നു.
ബ്ലാസ്റ്റിന്റെ സൂത്രധാരകനായ ടൈഗർ മേമൻ, അന്വേഷണ ഉദ്യോഗസ്ഥൻ രാകേഷ് മരിയ തുടങ്ങി യഥാർഥ വ്യക്തികളുടെ കഥാപാത്രങ്ങൾക്കെല്ലാം അതേ പേരുകൾ തന്നെയാണ് നൽകിയിരിക്കുന്നത്.
ചിത്രം യൂട്യൂബിൽ കാണാം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




