‘ഡാ നീ ഏത് വാച്ചാ വാങ്ങുന്നേ, ഓർഡർ കൊടുത്തോ?
‘എപ്പഴേ കൊടുത്തു… കാസിയോ എന്റെ കയ്യിൽ ഉടനെത്തും.’
‘ഓ സൂപ്പർ..’
അതേ, കാസിയോ വാച്ച് സൂപ്പറല്ലേ… അതിനെന്തേലും അഭിപ്രായവ്യത്യാസം ഉണ്ടോ? ഒന്നു പുറത്തിറങ്ങി നോക്കിയാൽ നമ്മട ഇടയിൽ നിക്കുന്ന ആളുകളിൽ ഒരാൾക്കെങ്കിലും കാസിയോ വാച്ച് ഉണ്ടാകും. ഒരു കാലത്ത് പിള്ളേരുടെ കൈയിൽ എപ്പോഴും വാച്ച് കെട്ടി കാണാമായിരുന്നു. പിന്നീട് ആ ട്രെൻഡ് മാറി പകരം കൈ ചെയ്നുകളും മുത്തിന്റെ ബ്രേസ്ലെറ്റുകളും വന്നു. പക്ഷേ ട്രെൻഡ് അല്ലേ ചേട്ടാ, അതിങ്ങന മാറിക്കൊണ്ടിരിക്കുമല്ലോല്ലേ..

ജെൻസിയുടെ വാച്ച് പ്രേമം
എക്സാക്റ്റ്ലി, ആപറഞ്ഞത് തന്നെയാണ് കാര്യം. മാറിക്കൊണ്ടിരിക്കുന്ന ഈ ട്രെൻഡുകളുടെ ഇടയിൽ കാസിയോ വാച്ചുകൾക്ക് എന്തോ ഒരു പ്രത്യേകതയുള്ളതായിട്ട് നിങ്ങൾക്കും തോന്നിയിട്ടുണ്ടോ?
എന്നാലേ നമ്മക്ക് കുറച്ച് പുറകിലോട്ടു പോകാം…. ബാക്ക് ടു ദ പാസ്റ്റ്! അന്ന് ജെൻസികളൊന്നും ജനിച്ചിട്ടില്ല ഹേ.. പിന്നെ? അത് മില്ലേനിയകളുടെ കാലമല്ലേ… ഇന്ന് കാണുന്ന ആഡംബരമൊന്നുമില്ല… എന്നിട്ടും അന്ന് ഒരു വാച്ച് സീൻ മൊത്തം മാറ്റി.
കാസിയോ എന്നത് ഒരു സാമ്രാജ്യം തന്നെയാണ്. ജപ്പാനാണ് സ്വദേശം. ജപ്പാനിലെ ഏറ്റവും പ്രിയപ്പെട്ട വാച്ച് നിർമ്മാതാക്കളിൽ ഒരാളാണ് ടാഡാവോ കാഷ്യോ. ഇദ്ദേഹം 1946 ൽ സ്ഥാപിച്ച കാഷ്യോ ഒരു മെക്കാനിക്കൽ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായാണ് തുടങ്ങിയത്. ഏറെ അദ്ഭുതം ജനിപ്പിച്ച ഒരു സാധമാണല്ലോ കാൽക്കുലേറ്റർ. ആദ്യം കൈയിൽ കിട്ടുമ്പോൾ ഒരു കൗതുകമൊക്കെ ജനിപ്പിച്ച സാധനം. പറഞ്ഞു വരുന്നത് ജപ്പാനിലെ ആദ്യത്തെ ഇലക്ട്രോണിക് കാൽക്കുലേറ്റർ പിറന്നത് ഇവിടെയാണ്. പിന്നീട് വാച്ച് വന്നു.

വാച്ച് നിർമാണം അവിടെ നിൽക്കട്ടെ, അതിനു മുമ്പ് കമ്പനി എന്താണ് ചെയ്തതെന്നറിയോ? അതെ, അവർ കമ്പ്യൂട്ടറുകൾ നിർമിക്കുകയായിരുന്നു. ശേഷം 1974 ൽ കാസിയോ അവരുടെ ആദ്യത്തെ ഡിജിറ്റൽ വാച്ച് പുറത്തിറക്കി. അമ്പമ്പോ, ഇതെന്തൊരു വാച്ച് എന്നു വരെ ആളുകൾ പറയുന്ന ഈ ഡിജിറ്റൽ വാച്ച് ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. “കാസിയോ ട്രോൺ” എന്ന് പേരിട്ട, ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് കലണ്ടറോടുകൂടിയ LCD വാച്ച്. . ഈ സവിശേഷത ഉൾക്കൊള്ളുന്ന ആദ്യത്തെ റിസ്റ്റ് വാച്ചായിരുന്നു ഇത്, അതുവഴി ബ്രാൻഡിന് വലിയ അംഗീകാരവും ലഭിച്ചു. അങ്ങനെ കാസിയോയുടെ വാച്ച് വിപ്ലവത്തിന് ഇവിടെ തുടക്കവുമായി. മനുഷ്യരുടെ ഓരോ കണ്ടുപിടിത്തങ്ങളെ.

ഇന്ന് നമ്മൾ 21ാം നൂറ്റാണ്ടിലെത്തി. കാര്യം വാച്ചിറങ്ങി ഇത്ര വർഷമായിട്ടും കാസിയോയുടെ തട്ട് താണ് തന്നെയാണ്. അൽപം പിന്നോട്ട് പോയാൽ അതായത് നയന്റീസിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയാൽ അന്ന് ഒരുപാട് പേരുടെ കയ്യിൽ കാസിയോ വാച്ചായിരുന്നു. കാസിയോ എന്നാൽ ഒറ്റ മോഡൽ അല്ല. പല ടൈപ്പിലാണ് വാച്ചുകൾ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റാൻ വിപണിയിലേക്കെത്തുന്നത്. ടിക് ടോക്ക് അൺബോക്സിംഗ് മുതൽ റെട്രോ സ്റ്റൈലിംഗ് വീഡിയോകൾ എന്നിവയെല്ലാം വന്നതിനു ശേഷം ഡിജിറ്റൽ വാച്ചുകൾ – പ്രത്യേകിച്ച് 90-കളിലെ കാസിയോ, ജി-ഷോക്സ് തുടങ്ങിയവയെല്ലാം ഒരു പ്രധാന തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്. ജെൻസി തലമുറ നൊസ്റ്റാൾജിയയും മിനിമലിസ്റ്റ് ആക്സസറികളും സ്വീകരിച്ചതോടെ, റീസെല്ലർമാർ ഇരട്ടിയോ മൂന്നിരട്ടിയോ വിലയ്ക്ക് വിന്റേജ് ടൈംപീസുകൾ മറിച്ചു വിൽക്കുന്ന സാഹചര്യം പോലും ഇപ്പോ ഉണ്ട്.
ട്രെൻഡ് എന്നും ജെൻസികൾക്കൊരു വീക്ക്നസ് ആണ്. അതായത് 90 കളിലെ ട്രെൻഡിലേക്കാണ് ജെൻസി പോകുന്നത്. പല വിലകൾ ആയതു കൊണ്ടുതന്നെ താങ്ങാവുന്ന വിലയ്ക്ക് ഇഷ്ടപ്പെട്ട മോഡലുകൾ വാങ്ങാൻ സാധിക്കും. ഈ കാലഘട്ടത്തിലെ കാസിയോ മോഡലുകൾ അത്യാഡംബര വാച്ചുകൾ എന്ന് പറയാൻ സാധിക്കില്ല, എന്നാൽ മറുവശത്ത് , അവ കാഴ്ചയിൽ ആകർഷകവും പെട്ടെന്ന് നശിച്ചു പോകാത്തതുമാണ്. ഇപ്പോ വലരും വിന്റേജ് വസ്ത്രങ്ങളുടെ കൂടെ കാസിയോ വാച്ചിനെ ജോടിയാക്കുന്നത് നമുക്ക് കാണാവുന്നതാണ്. മറ്റ് വാച്ച് ബ്രാൻഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ന്യായമായ വില, ഉറപ്പുള്ളതും ഉപയോഗിക്കാൻ എളുപ്പവുമാണ് കാസിയോ വാച്ചുകൾ.

ആദ്യ വാച്ചിറങ്ങി, അങ്ങനെ പോകെപ്പോകെ ദേ വന്നു അടുത്ത ഐറ്റം. കാസിയോട്രോൺ പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷം ലോകത്തേക്കെത്തിയ കിടുക്കാച്ചി സാധനം. പേര് കാസിയോ F100. പേരിലെ ഗ്ലാമർ പ്രവർത്തനത്തിലും ഉണ്ട് കേട്ടോ. ഈ വാച്ചിൽ ഒരു റെട്രോ-ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഉണ്ടായിരുന്നു, ഇത് റെസിൻ കൊണ്ടാണ് നിർമ്മിച്ചത്, അതിനാൽ മറ്റ് ബ്രാൻഡുകൾ നിർമ്മിക്കുന്ന വാച്ചുകളെ അപേക്ഷിച്ച് ഇതിന് ഭാരം കുറവായിരുന്നു.

ഇനി 1974 ൽ നിന്നും നേരെ 1989 ലേക്ക് പോകാം. അവിടെ അവതരിച്ചു കാസിയോയുടെ F-91W. പിന്നീടങ്ങോട്ട് ഈ വാച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാര്യം ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന റിസ്റ്റ് വാച്ച് ആയി F-91W മാറിയിരുന്നു. പുറത്തിറങ്ങി ഏകദേശം 35 വർഷം കഴിഞ്ഞിട്ടും ബ്രാൻഡ് നിർമ്മിക്കുന്ന ഏറ്റവും വിജയകരമായ വാച്ചായി F-91W യാത്ര തുടരുന്നു. ഇതിന്റെ വാർഷിക ഉൽപ്പാദന നിരക്ക് 3 ദശലക്ഷം യൂണിറ്റുകളാണ്.

സ്മാർട്ട് വാച്ചോ?
ആപ്പിൾ പോലുള്ള വൻകിട വാച്ചുകളുടെ ആധിപത്യത്തിനിടയിലാണ് വർഷങ്ങൾക്കും മുമ്പിറങ്ങിയ കാസിയോ വാച്ചുകൾ ജെൻസിയുടെ മനം കവരുന്നത്. ഇത് ബ്രാൻഡിന്റെ വിജയം കൂടിയാണ്. കാസിയോ വാച്ച് വിപണിയിലേക്ക് കൂടുതൽ കടന്നപ്പോൾ ആ സമയത്തെ സാങ്കേതിക വിദ്യയും താങ്ങാനാവുന്ന വിലയും കാരണം ആളുകൾക്കിടയിൽ വാച്ചിന് നല്ല സ്വീകാര്യത ലഭിച്ചു.1984-ൽ, ജി-ഷോക്ക് (G-Shock) സീരീസ് പുറത്തിറങ്ങി. അവ വാട്ടർ-റെസിസ്റ്റന്റും ഷോക്ക്പ്രൂഫും ആയിരുന്നു. ഓർക്കണം സാങ്കേതിക വിദ്യ അധികം വികസിച്ചിട്ടില്ലാത്ത സമയത്താണ് വാട്ടർ റെസിസ്റ്റന്റ് ഒക്കെ അവർ കൊണ്ടുവന്നത്.
ഹോളിവുഡ് സിനിമകളിലൂടെയൊക്കെ കാസിയോ വാച്ചുകൾക്ക് നല്ല പ്രമോഷനും ലഭിച്ചിട്ടുണ്ട്. ‘ബാക്ക് ടു ദി ഫ്യൂച്ചർ’ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ഈ ആദ്യകാല ജി-ഷോക്ക് മോഡലുകളാണ്, 90-കളിലെ ബേബിഷോക്ക് (അഥവാ Baby-G) സീരീസിന് വഴി തുറന്നത്. ആക്ഷൻ-ത്രില്ലർ ചിത്രമായ ‘സ്പീഡ്’ (1994)-ൽ കിയാനു റീവ്സ് G-Shock DW-5600 ധരിച്ച ഐതിഹാസിക നിമിഷങ്ങളും 90-കളിലെ ജനപ്രിയ സംസ്കാരത്തിൽ ഈ ബ്രാൻഡിന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.
ബട്ട് വൈ
എന്നാലും എന്തൊക്കെയായിരിക്കാം ചെറുപ്പക്കാരെ ഈ വാച്ചിനോട് അടുപ്പിക്കുന്നത്? ആലോചിച്ചിട്ടുണ്ടോ? ഇതിന്റെ പ്രധാന ഫീച്ചറുകൾ തന്നെയാണ് ആരായാലും ആദ്യം നോക്കുന്നത് അല്ലേ. എന്നാ ഫീച്ചറുകൾ ഒന്ന് നോക്കിയാലോ?

ടഫ് സോളാർ : കാസിയോ വാച്ചുകൾ സോളാർ ഊർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്, ഇത് ബാറ്ററി ഉപയോഗിക്കുന്ന വാച്ചുകളേക്കാൾ കൂടുതൽ വിശ്വാസ്യതയും ഈടുനിൽപ്പും നൽകുന്നു.
ഈടുനിൽപ്പ് : അത്ര പെട്ടന്നൊന്നും നശിച്ചു പോകില്ല. കാസിയോ വാച്ചുകൾ ഇമ്മോർട്ടൽ ആണെന്ന് വരെ തോന്നിപ്പോകുംകൂടാതെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ പാകത്തിലാണ് ഇതിന്റെ രൂപകൽപ്പന. പല മോഡലുകളും ഷോക്ക് റെസിസ്റ്റന്റും (അതിമർദ്ദത്തെ ചെറുക്കുന്നത്) വാട്ടർ റെസിസ്റ്റന്റും (ജലത്തെ പ്രതിരോധിക്കുന്നത്) ആണ്. എത്ര നനഞ്ഞാലും കാസിയോയ്ക്ക് ഒരു പോറലു പോലും ഏൽക്കില്ല.
വിലക്കുറവ് : മറ്റ് ബ്രാൻഡുകളേക്കാൾ താങ്ങാനാവുന്ന വിലയിലാണ് കാസിയോ വാച്ചുകൾ ലഭിക്കുക. ഇത് ധാരാളം ഉപഭോക്താക്കൾക്ക് പ്രയോജനകരവുമാണ്.
പല രീതിയിൽ ഉപയോഗിക്കാം : പല കാസിയോ വാച്ചുകൾക്കും സ്റ്റോപ്പ് വാച്ച്, അലാറം, കൗണ്ട്ഡൗൺ ടൈമർ തുടങ്ങി നിരവധി പ്രവർത്തനങ്ങളുണ്ട്, ഇത് വിവിധ ആവശ്യങ്ങൾക്ക് അവയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്നു. വേൾഡ് ടൈം, ഡ്യുവൽ ടൈം, ഒന്നിലധികം അലാറങ്ങൾ പോലുള്ള സവിശേഷതകളും ഇവയിലുണ്ട്. ഇത് യാത്രക്കാർക്കും എപ്പോഴും തിരക്കിൽ പെടുന്ന ആളുകൾക്കുമെല്ലാം അനുയോജ്യമാക്കുന്നു.
അറ്റോമിക് ടൈംകീപ്പിംഗ് : പല കാസിയോ വാച്ചുകളിലും റേഡിയോ നിയന്ത്രിത സമയക്രമീകരണം സജ്ജീകരിച്ചിരിക്കുന്നു, ഇത് വാച്ചിനെ ഔദ്യോഗിക സമയ നിലവാരവുമായി സ്വയമേവ സമന്വയിപ്പിക്കുന്നു. അതായത് വ്യത്യസ്ത സമയ മേഖലകളിൽ നിൽക്കുമ്പോൾ പോലും വാച്ച് എല്ലായ്പ്പോഴും കൃത്യമായിരിക്കും. അതാണ് ഈ സവിശേഷത.
ഓട്ടോ എൽഇഡി ലൈറ്റ് : കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിൽ വാച്ചിൽ വ്യക്തമായി സമയം കാണാൻ ഈ സവിശേഷത അനുവദിക്കുന്നു. അതുകൊണ്ടുതന്നെ ഏത് ഇരുട്ടിൽ നിന്നാൽ പോലും സമയം എളുപ്പത്തിൽ വായിക്കാൻ സാധിക്കും.
ജിപിഎസ് നാവിഗേഷൻ : ഏറ്റവും പുതിയ കാസിയോ വാച്ചുകളിൽ ചിലത് ജിപിഎസ് സവിശേഷതയോടെയാണ് വരുന്നത്, ഇത് ഹൈക്കിംഗ്, ട്രെക്കിംഗ്, ഓട്ടം തുടങ്ങിയ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് മികച്ചതാണ്.
സ്മാർട്ട് വാച്ച്സവിശേഷതകൾ : കാസിയോയുടെ ഏറ്റവും പുതിയ വാച്ച് മോഡലുകളിൽ ഫിറ്റ്നസ് ട്രാക്കിംഗ്, മൊബൈൽ ഉപകരണങ്ങളിലേക്കുള്ള കണക്റ്റിവിറ്റി, മറ്റ് ആപ്ലിക്കേഷനുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
പ്രൊഫഷണൽ രൂപം : പ്രൊഫഷണൽ രൂപവും സവിശേഷതകളും കാരണം, കാസിയോ വാച്ചുകൾ ഓഫീസുകളിലും മറ്റ് ജോലിസ്ഥലങ്ങളിലും ഉപയോഗിക്കുന്നു. നിരവധി വ്യവസായികളും പ്രശസ്ത സംരംഭകരും കാസിയോ വാച്ചുകൾ ഉപയോഗിക്കുന്നതായി കാണാം.
Casio F100, Image Credit : wornandwound


Casio A159WAD-1DF Vintage Series, Image Credit : watchmaestro 
A Casio calculator watch on the wrist of Marty McFly in 1985’s Back to the Future, Image Credit : timeandtidewatches
എന്തോരം ഫീച്ചറുകളാ ഈ വാച്ചിന്, പിന്നെങ്ങനെ ആളുകൾ വാങ്ങാതിരിക്കും. ബാറ്ററി ലൈഫ് നോക്കിയാൽ ഓരോന്നിനും ഓരോ പോലെയാണ്. ചില സ്റ്റാൻഡേർഡ് ഡിജിറ്റൽ മോഡലുകൾക്ക് 7 വർഷം വരെയും ചില ജിഷോക് മോഡലുകൾക്ക് 10 വർഷം വരെയുമാണ് ബാറ്ററി ആയുസ്. ഇത്രയൊക്കെ പറഞ്ഞതല്ലേ അപ്പോ പിന്നെ കാസിയോ വാച്ച് നിരയിലെ ചില പ്രധാന മോഡലുകളെ കൂടി ഒന്നു പരിചയപ്പെട്ടേക്കാം.

എഫ് -91 ഡബ്ല്യു – സത്യം പറഞ്ഞാൽ കാസിയോ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ജനപ്രിയവും വിജയകരവുമായ റിസ്റ്റ് വാച്ച് ആണ് എഫ്-91ഡബ്ല്യു .
കുറഞ്ഞ വെളിച്ചത്തിലും ഡിസ്പ്ലേയിൽ സമയം നോക്കാൻ കഴിയും.ഇതിൽ ഒരു ഡിജിറ്റൽ അലാറം കൂടെയുണ്ട്. സമയവും തീയതിയും കൃത്യമായി ഡിജിറ്റൽ ഡിസ്പ്ലേയിൽ കാണിക്കും. ഇതിന് ഒരു റബ്ബർ സ്ട്രാപ്പാണ് മാത്രമല്ല റെസിൻ കേസ് മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. വാച്ചിന്റെ മുഴുവൻ ഭാരം 0.7oz/20g ആണ്. ഈടുനിൽക്കുന്നതും ഭാരം കുറഞ്ഞതുമായ മോഡലാണിത്. ബാറ്ററി ആയുസ്സ് 7 വർഷം വരെ ആയിരിക്കുമെന്നാണ് കണക്ക്.

കാസിയോ ജി- ഷോക്ക് DW9052 – ദൈനംദിന ഉപയോഗത്തിന് പറ്റിയ മികച്ച സാധനം. നല്ല ഉറപ്പുള്ള ഈടുനിൽക്കുന്ന വാച്ചാണ്. 47mm വലുപ്പമുള്ള ബോൾഡ് ഡിസൈനിലുള്ള കേസ് ആണിതിന്. വീണാലും ഒരു പോറൽ പോലും സംഭവിക്കില്ല. കാസിയോയുടെ 3232 ഡിജിറ്റൽ മൊഡ്യൂളിൽ പ്രവർത്തിക്കുന്ന ഈ വാച്ചിൽ കൗണ്ട്ഡൗൺ ടൈമർ (1 സെക്കൻഡ് മുതൽ 24 മണിക്കൂർ വരെ), സ്റ്റോപ്പ് വാച്ച് (23:59 വരെ), അലാറം, ഓട്ടോ-കലണ്ടർ എന്നിവ ഉൾപ്പെടുന്നു. CR2016 ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. റെസിൻ മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. 2 വർഷമാണ് ബാറ്ററി ലൈഫ്.

ജി- ഷോക്ക് DW5600 – കാസിയോയുടെ ഏറ്റവും മികച്ച വാച്ചുകളിൽ ഒന്ന്. DW5600 “CasiOAK” വാച്ചിന്റെ പരിഷ്കരിച്ച പതിപ്പാണിത്. മറ്റ് കാസിയോ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ മികച്ച രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. വളരെ കാലം ഈടുനിൽക്കുന്ന ഒരു കേസ് മെറ്റീരിയൽ,പൂർണ്ണമായും ഡിജിറ്റൽ ഡിസ്പ്ലേ, സ്റ്റോപ്പ്വാച്ച്, ഒരു മൾട്ടി-ഫങ്ഷണൽ അലാറം എന്നീ സവിശേഷതകളുമുണ്ട്. ഒരി പരിധിവരെ വെള്ളത്തെ പ്രതിരോധിക്കാൻ സാധിക്കും.

വിന്റേജ് CA53W -1 കാൽക്കുലേറ്റർ – കാസിയോ നിർമ്മിച്ച മറ്റൊരു പ്രത്യേക വാച്ച് അവരുടെ വിന്റേജ് CA53W-1 കാൽക്കുലേറ്ററാണ്. അക്ഷരാർത്ഥത്തിൽ, കയ്യിൽ കെട്ടാൻ പറ്റുന്ന ഒരു മിനിയേച്ചർ കാൽക്കുലേറ്റർ പോലെയാണിത്. ലോഞ്ച് ചെയ്ത സമയത്ത്, ഈ വാച്ച് വൻ ഹിറ്റായിരുന്നു.
സ്റ്റോപ്പ്വാച്ച് സവിശേഷത, കുറയ്ക്കൽ, ഗുണനം, സങ്കലനം തുടങ്ങി മാത്തമാറ്റിക്കൽ പ്രക്രിയകൾ എന്നിവയെല്ലാം ഇതിൽ ചെയ്യാൻ പറ്റും.
വാച്ചിലെ കലണ്ടർ പ്രവർത്തനം.CR2016 ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 5 വർഷം വരെയാണ് ഇതിന്റെ ആയുസ്സ്. റബ്ബർ സ്ട്രാപ്പാണ് വാച്ചിന്.
ഒരു പോരായ്മയായി പറയുകയാണെങ്കിൽ വാച്ചിലെ ചെറിയ ബട്ടണുകളാണ്. ഇത് നമ്പറുകൾ ഡയൽ ചെയ്യുന്നതിന് ബുദ്ധിമുട്ടാകും. പിന്നെ സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, കാസിയോയുടെ ഈ പ്രത്യേക കാൽക്കുലേറ്റർ വാച്ച് അനാവശ്യമാണ്.

ജി- ഷോക്ക് മഡ്മാസ്റ്റർ – മികച്ച കാസിയോ വാച്ചുകളുടെ പട്ടിക പറയുമ്പോൾ ഈ ജി-ഷോക്ക് വാച്ച് ഉൾപ്പെടുത്താതെ എങ്ങനെയാ. അതെ, ജി-ഷോക്ക് മഡ്മാസ്റ്റർ കാസിയോയുടെ മറ്റൊരു സൂപ്പർ വാച്ചാണ് ഈ വാച്ചിലും പല പല മോഡലുകളുണ്ട്. അനലോഗ്, ഡിജിറ്റൽ ക്ലോക്ക് എന്നിവ ഉൾക്കൊള്ളുന്ന ഹൈബ്രിഡ് വാച്ച് ഡയൽ, താപനില മാപിനികളും സെൻസറുകളും ഉണ്ട്. ഒരു ഡിജിറ്റൽ കോമ്പസ്, ബാരോമെട്രിക് ഉയര മീറ്റർ, വളരെ ഈടുനിൽക്കുന്ന കേസും സ്ട്രാപ്പുമാണ് ഇതിനുള്ളത്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.







