245
Views

‘ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”

യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലെക്ക് ഞാൻ ഒറ്റക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.

ഭാഗം 1

”ആ തെരുവിലെ എല്ലാ ചുവരുകൾക്കും ഒരേ നിറം, നീല. വിൻസന്റ് വാൻഗോഗിന്റെ ചിത്രങ്ങളിലെ നീല. ശക്തിയേറിയ തിരമാലകളടിയുന്ന കടലിന്റെ നീല. ഒരായിരം കൈവഴികളുള്ള ഇടുങ്ങിയ ആ തെരുവിലൂടെ ഒരു പെൺകുട്ടി ആർത്തുചിരിച്ചു ഓടുന്നു. നീല നിറത്തിൽ ഉന്മാദിയായ അവൾ ചുവരുകളിലെ ചിത്രങ്ങളിൽ തൊടുന്നു, തലോടുന്നു. പ്രാവുകൾ കുറുകുന്ന ശബ്ദത്തിനൊപ്പം നീല നിറത്തിലുള്ള ഉടുപ്പിട്ട് അവൾ നൃത്തം ചെയ്യുന്നു”

ഇതാദ്യമായല്ല ഈ സ്വപ്നത്തിനവസാനം ഞാൻ ഞെട്ടിയുണരുന്നത്. പല തവണ, പല സമയത്ത് എന്റെ ഉറക്കത്തിൽ ഇതേ സ്വപ്നം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം, എനിക്കന്ന് 12 വയസ്സ്. കയ്യിൽ കിട്ടുന്നതെന്തും കൊതിയോടെ വായിച്ചിരുന്ന കാലം. അങ്ങനെയിരിക്കെ ‘യാത്ര’എന്ന പേരുള്ള ഒരു മാഗസിൻ എന്റെ കയ്യിലെത്തുന്നു. കേരളത്തിന് പുറത്ത് ഇത്രയേറെ സ്ഥലങ്ങളുണ്ടന്ന് ഞാൻ അന്നാണ് ആദ്യമായി തിരിച്ചറിയുന്നത്. നല്ല മിനുസമുള്ള പേപ്പറിൽ ഇന്ത്യയിലെ കുറെ സ്ഥലങ്ങളെക്കുറിച്ച് ഫോട്ടോ സഹിതം കുറിപ്പുകൾ. ഉത്സവങ്ങൾ, മരുഭൂമികൾ, വന്യമൃഗങ്ങൾ, അമ്പലങ്ങൾ, പള്ളികൾ, ആഘോഷങ്ങൾ, ആചാരങ്ങൾ, കാടുകൾ, മലകൾ അങ്ങനെ തീരാത്തത്രയും കാഴ്ചകൾ ഓരൊറ്റ പുസ്തകത്തിൽ.

ആ മിനുസമേറിയ പേജുകൾക്കിടയിലാണ് ആദ്യമായി ഞാൻ ആ സ്ഥലം കാണുന്നത്. ആ പേജുകൾ മുഴുവൻ നീല നിറത്തിലുള്ള തെരുവിന്റെ ചിത്രം, അതിൽ നിറയെ നീല നിറത്തിലുള്ള കെട്ടിടങ്ങൾ. ആ നിറം എന്നെ വല്ലാതെ ആകർഷിച്ചു. പിന്നീട് പല തവണ ഞാൻ ആ മാഗസിൻ എടുത്ത് നോക്കിയിട്ടുണ്ട്, വായിച്ച വരികൾ പിന്നെയും ഒരുപാട് തവണ വായിച്ചിട്ടുണ്ട്. എങ്കിലും നീല നിറത്തിലുള്ള ആ ഭാഗം മാത്രം ചൂണ്ടയിൽ കുരുങ്ങാത്ത മീൻ പോലെ എന്നെ കൊതിപ്പിച്ചു. ഓരോ തവണയും ആ സ്ഥലം കാണാനായി ഞാൻ ആ പുസ്തകത്തിൽ ചൂഴിയിട്ടു, പരാജയപെട്ടു.

ജൂലൈ 9, വൈകുന്നേരം വളരെ കുറച്ചു ഉടുപ്പുകളും ടെന്റും പാക്ക് ചെയ്ത് ഞാൻ യാത്രതുടങ്ങി.കൃത്യമായി സാധനങ്ങൾ എടുത്ത് വെക്കാൻ എനിക്ക് തീരെ അറിയില്ല. ഓർമയുള്ളതെല്ലാം പെറുക്കി വെക്കും. അത്യാവശ്യമായത് പോലും മറന്നുപോകും. അല്ലെങ്കിലും കനമേറിയ ബാഗുകൾ തൂക്കി കുറെ നേരം സഞ്ചരിക്കാനാവില്ല. പുറവും തോളും വേദനിക്കും. വേദനിച്ചാൽ മരുന്ന് പുരട്ടാൻ ഈ യാത്രയിൽ എനിക്ക് കൂടെയാരുമില്ല. ഇതെന്റെ ആദ്യത്തെ സോളോ ട്രിപ്പ് അല്ല. ഇതിനുമുൻപും എത്രയോ തവണ ഞാൻ ഒറ്റക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

വീട്ടിൽ യാത്ര പറഞ്ഞു ഇറങ്ങി. ‘എങ്ങോട്ട് പോവുന്നു’ എന്ന ചോദ്യം എപ്പോൾ കുറച്ചു കാലമായി വീട്ടിൽ നിന്ന് കേൾക്കാറില്ല. എവിടെ പോയാലും തിരിച്ചുവരുമെന്ന വിശ്വാസം അവരുടെ ഉള്ളിലുണ്ടാവുമായിരിക്കും. മാത്രമല്ല അതൊരിക്കലും അനുവാദം വാങ്ങലായിരുന്നില്ല, പോവുന്നു എന്ന പറച്ചിലായിരുന്നു. ആരുടേയും സമ്മതത്തിന് വേണ്ടി ഞാനിപ്പോൾ കാത്തുനിൽക്കാറില്ല. ആ കാത്തിരിപ്പ് ദൈർഘ്യമേറിയതാവുമെന്ന ബോധ്യം എനിക്കുണ്ട്. എന്റെ വീട്ടുവാതിൽ കടന്നാൽ എനിക്ക് വേണ്ടി തുറക്കാൻ പോവുന്ന അപരിചതരുടെ വാതിലുകളിൽ ഞാൻ വിശ്വസിച്ചു. അവർ വെച്ചുനീട്ടുന്ന വിശാലമായ സ്നേഹത്തെ ഞാൻ പ്രതീക്ഷിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. രാത്രി പത്തുമണി കഴിഞ്ഞാണ് ട്രെയിൻ. സ്റ്റേഷനെത്തിയതും ഞാൻ കോട്ട ജംക്‌ഷനിലേക്ക് ടിക്കറ്റെടുത്തു. രാജസ്ഥാനിലാണ് കോട്ട ജംക്ഷൻ. റെയിൽവേയിലെ തിരക്കിനും ബഹളത്തിനും നടുവിൽ, തീവണ്ടിയുടെ ശബ്ദം കേട്ട് ഞാൻ തനിച്ചിരുന്നു.

അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, പന്ത്രണ്ടു വയസ്സുള്ള ആ പെൺകുട്ടി സ്വപനം കണ്ടിരുന്ന സ്ഥലത്തേക്ക് ഞാൻ പോവുകയാണ്. ആ കുട്ടിക്ക് യാത്ര നൽകുന്ന സന്തോഷത്തെയും സമാധാനത്തെയും എല്ലാകാലവും ഞാൻ തൃപ്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ഉള്ളിലെ കുഞ്ഞിനെ പരിഗണിച്ചാലെ നമുക്കും സന്തോഷമായിരിക്കാൻ സാധിക്കൂ. അങ്ങനെയൊരു ശ്രമത്തിന്റെ തുടർച്ചയാണ് ഈ യാത്രയും. പുതിയ കാഴ്ചകൾ കാണാനുള്ള, പുതിയ മനുഷ്യരെ പരിചയപ്പെടാനുള്ള, പുതിയ രുചികൾ പരീക്ഷിക്കാനുള്ള അവളുടെ കൊതിയെ ഞാനൊരിക്കലും നിരാശപ്പെടുത്തിയില്ല. ഈ യാത്രയിൽ എനിക്ക് ലക്ഷ്യങ്ങളില്ല, കാണുന്ന കാഴ്ചകളെല്ലാം പരിചയപ്പെടുന്ന മനുഷ്യരെല്ലാം എനിക്ക് ലക്ഷ്യങ്ങളാണ്.

രാജസ്ഥാൻ എല്ലാകാലത്തും എന്നെ മോഹിപ്പിച്ച നഗരമാണ്. രണ്ടാം തവണയാണ് രാജസ്ഥാനിലേക്കിലുള്ള ഈ പോക്ക്. പ്ലാനുകളും മുൻകൂട്ടിയുള്ള ബുക്കിങ്ങുകളും ഇല്ലാത്തതുകൊണ്ട് ഞാൻ പരിപൂർണ സ്വതന്ത്രയാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി ജയ്‌പൂരിലേക്കുള്ള ട്രെയ്‌നിനായി ഞാൻ കാത്തിരുന്നു. എന്റെ നെഞ്ച് പേടി കാരണം ഇടിക്കാൻ തുടങ്ങി, കൈവിരലുകൾ തണുക്കാനും. ഒറ്റക്ക് യാത്ര ചെയ്ത പരിചയമുണ്ടെങ്കിലും എല്ലാ യാത്രയുടെയും തുടക്കത്തിൽ ഈ പേടി ശീലമാണ്. ഞാനത്ര ധൈര്യശാലിയല്ല, പക്ഷെ യാത്ര ചെയ്യാനുള്ള കൊതിയാണ് എന്റെ ധൈര്യം. പെൺകുട്ടികൾ വീടിന് പുറത്തിറങ്ങിയാൽ സുരക്ഷിതരല്ലെന്ന സ്ഥിരം ഉപദേശങ്ങൾ പെൺകുട്ടികൾ ലോകം കാണാതിരിക്കാൻ നിർമിക്കപ്പെട്ടിട്ടുള്ളതാണെന്ന തിരിച്ചറിവായിരുന്നു എന്റെ ധൈര്യം. ഒറ്റക്ക് യാത്ര ചെയ്യാൻ തുടങ്ങിയാൽ അവർ കൈവരിക്കാൻ പോവുന്ന ആത്മാഭിമാനവും അവർ ആഘോഷിക്കാൻ സാധ്യതയുള്ള ആത്മസംതൃപ്തിയെയും പേടിക്കുന്നവർ പറഞ്ഞുപരത്തിയ ഏറ്റവും വലിയ കളവായിരുന്നു ഈ ഉപദേശങ്ങൾ. എന്റെ കയ്യിൽ പെപ്പർ സ്പ്രേയുണ്ട്, മൂർച്ച കുറഞ്ഞ ഒരു കത്തിയും. ഇതൊന്നും ഇന്നേവരെ ഞാൻ ആർക്കെതിരെയും പ്രയോഗിച്ചിട്ടില്ല, എന്നാലും ഇതെന്റെ ധൈര്യം വർധിപ്പിച്ചു.

ഈ നീണ്ട ചിന്തക്കും വേവലാതിക്കുമൊടുവിൽ ട്രെയിൻ വന്നു, 38 മണിക്കൂർ ഞാൻ താമസിക്കാൻ പോവുന്ന വീട്. അല്ലേലും തീവണ്ടിക്ക് പലപ്പോഴും വീടിന്റെ സ്വഭാവമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ഓരോ ബോഗിയിലും അപരിചതരായ മനുഷ്യർ പങ്കുവെക്കുന്ന സ്നേഹം, കരുതൽ, പരിഗണന എന്നെ അത്ഭുതപെടുത്താറുണ്ട്. ഇത്തവണയും എനിക്കുവേണ്ടി ഒരു സ്ത്രീ വിൻഡോ സീറ്റിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.

ദേവിക അക്ക. സേലത്താണ് വീട്. ഞങ്ങൾ ആദ്യ കാഴ്ചയിൽ തന്നെ കൂട്ടുകാരായി. അക്കക്ക് മൂന്ന് ആൺകുട്ടികളാണ്, മൂത്തവന് 22 വയസ്സ്. പക്ഷെ അക്കക്ക് 38 വയസ്സ് മാത്രം പ്രായം. വളരെ ചെറുപ്പത്തിൽ അവരുടെ വിവാഹം കഴിഞ്ഞിരുന്നു. അവരെന്നെ പാപ്പാ ന്ന് വിളിച്ചു. എനിക്ക് വേണ്ടി ബിരിയാണി വിളമ്പി. അവരെന്നെ സ്നേഹത്തോടെ തലോടി, ഉമ്മ വെച്ചു. ഞങ്ങൾക്കിടയിൽ നീണ്ട സംസാരങ്ങളുണ്ടായി. പ്രേമവും കുട്ടിക്കാലവും വിവാഹജീവിതവും വിഷയങ്ങളായി. ഞാൻ പരിചയപ്പെട്ട സ്ത്രീകളിൽ ഏറ്റവും സുന്ദരിയായി എനിക്കവരെ അനുഭവപെട്ടു. അവരെന്റെ മുന്നിൽ കരഞ്ഞു. കഴിഞ്ഞുപോയ ജീവിതത്തെ കുറിച്ചും അനുഭവിച്ച വേദനകളെ കുറിച്ചും അവരെന്നോട് പറഞ്ഞു. ഞാൻ കൂടെ കരഞ്ഞു. അവരുടെ കൈവിരലുകൾ മുറുക്കെ പിടിച്ച് ” നിങ്ങൾക്ക് ഞാൻ ഇല്ലേ…” എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. അപ്പർ ബർത്തിൽ കിടക്കുന്ന എന്റെ കൈവിരലുകൾ ജനലരികിലെ സീറ്റിലിരിക്കുന്ന അവർ വിട്ടതേയില്ല.

അവരോട് യാത്ര പറയാൻ എനിക്കാവില്ലായിരുന്നു. അവരും ഞാനും ഏതോ കാലത്തിൽ സ്നേഹത്തോടെ ജീവിച്ച, അത്രയും അടുപ്പമുള്ള രണ്ടുപേരായി എനിക്ക് തോന്നി. ജയ്‌പൂർ റെയിൽവേ സ്റ്റേഷനെത്തി, ഞങ്ങൾ ദീർഘനേരം കെട്ടിപിടിച്ചു, ഉമ്മ വെച്ചു. കരഞ്ഞുകൊണ്ട് പിരിഞ്ഞു.

ജയ്‌പൂർ എത്തിയപ്പോഴേക്കും ഞാൻ ആകെ മുഷിഞ്ഞിരുന്നു. റൂം എടുത്ത് ഫ്രഷായി വയറുനിറയെ ഭക്ഷണം കഴിക്കണമെന്ന് തോന്നി. അടുത്തുള്ള ഹോട്ടൽ മുറികളെ കുറിച്ച് എന്റെ മുറി ഹിന്ദി വെച്ച് ഞാൻ അവിടെയുള്ളവരോട് അന്വേഷിച്ചു. ഒരു ഭയ്യ ധർമശാലയെ കുറിച്ച് പറഞ്ഞു. അങ്ങോട്ടുള്ള വഴി തിരഞ്ഞെടുത്തു. വാടക വളരെ കുറവാണ്, 200 രൂപ. ഒരു റൂമും അറ്റാച്ഡ് ബാത്റൂമും. വൃത്തി കുറവാണ്. പക്ഷെ അവിടെ അധികവും കുടുംബത്തോടെ യാത്രചെയ്യുന്നവരുടെ സങ്കേതമായിരുന്നു. നല്ലൊരു കുളിക്ക് ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ചു. റൂമിൽ തിരിച്ചെത്തി നന്നായി ഉറങ്ങി. പൂജാമന്ത്രങ്ങളുടെ ബഹളം കേട്ടാണ് പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നത്.

ജയ്‌പ്പൂരിൽ കാണാനെന്തുണ്ടെന്ന് ഗൂഗിളിൽ തിരഞ്ഞു. ഒരുപാടുണ്ട്. കൊട്ടാരങ്ങളും കോട്ടകളും കൊണ്ട് പ്രൗഢഗംഭീരമാണ് ഈ രാജകീയ നഗരം. ഹവാ മഹലിൽ നിന്നും ആരംഭിക്കാമെന്ന തീരുമാനത്തിൽ റൂം ചെക്ക്‌ ഔട്ട് ചെയ്ത്‌ റെയിൽവേക്ക് അടുത്തുള്ള മെട്രോയിലേക്ക് നടന്നു. ടിക്കറ്റെടുത്തു, കേരളത്തിലേത് പോലല്ല. ടിക്കറ്റിന് പകരം ഓറഞ്ച് നിറത്തിലുള്ള ഒരു കോയിനാണ്. ഹവാ മഹൽ എത്തിയതും ജയ്‌പൂർ അതിന്റെ സൗന്ദര്യം അതിന്റെ പൂർണതയിലേക്ക് തുറന്നിടുകയായിരുന്നു. എന്തൊരു ഭംഗിയുള്ള നഗരം, എന്തൊരു ഭംഗിയുള്ള കാഴ്ചകൾ. ഓറഞ്ചും പിങ്കും നിറത്തിലുള്ള ഈ കൊട്ടാരം 1799 ൽ രാജാവായ പ്രതാപ് സിംഗ് പണികഴിപ്പിച്ചതാണ്. കൊട്ടാരത്തിന്റെ ഭംഗി മണിക്കൂറുകളോളം അവിടെ പിടിച്ച് നിർത്തും. പക്ഷെ ഈ കൊട്ടാരത്തിനു പിന്നിലുള്ള ചരിത്രം അത്ര രസകരമല്ല. പണ്ട് കൊട്ടാരത്തിലെ സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതായത് ഇവിടത്തെ പുരുഷന്മാർ അനുവദിച്ചിരുന്നില്ല. അവർക്ക് നഗരം കാണാൻ വേണ്ടി രാജാവ് നിർമിച്ച അനേകം ജനലുകളുള്ള കൊട്ടാരമാണ് ഹവാമഹൽ. അന്നത്തെ സ്ത്രീകൾ ലോകം കണ്ടിരുന്നത് ഈ ചെറിയ ജനലുകൾക്കുള്ളിലൂടെയായിരുന്നു. എന്നാൽ ഇന്ന് ലോകം സഞ്ചരിച്ച സ്ത്രീകൾ കൊട്ടാരം കാണാനായി ഹവാമഹലിലേക്ക് വരുന്നു. ഇതിന്റെ നിർമാണം അതിമനോഹരം, കൊട്ടാരത്തിന്റെ മുൻവശം ഹിന്ദു മതവിശ്വാസികളുടെ ദൈവമായ ശ്രീകൃഷ്ണന്റെ കിരീടം പോലെയും തേനീച്ചക്കൂടുപോലെയും തോന്നിക്കുന്നു.

എനിക്ക് ഈ കൊട്ടാത്തിനകത്ത് കൂടുതൽ സമയം ചെലവഴിക്കാൻ തോന്നിയില്ല. ടൂറിസ്റ്റുകളുടെ തിരക്കിനിടയിൽ നിന്നും ഇറങ്ങിയോടാനാണെനിക്ക് തോന്നിയത്. ഞാൻ ഹവാമഹലിന് പുറത്ത് കടന്നു. നിറയെ പൂക്കൾ വിൽക്കുന്ന മനോഹരമായ തെരുവിലേക്ക്… അവിടെ നിന്നും രാജസ്ഥാൻ കലാപാരമ്പര്യത്തിന്റെ ഹൃദയഭാഗത്തേക്ക്. രാജസ്ഥാൻ വളകൾ വളരെ പ്രശസ്തമാണ്. അതുണ്ടാക്കുന്നത് കാണണമെന്ന ഏറെ നാളത്തെ ആഗ്രഹം പൂർത്തീകരിക്കാനായി മണിഹാരോ ക രാസ്ത എന്ന സ്ട്രീറ്റിലേക്ക് ഞാൻ നടന്നു. ഹവാമഹലിൽ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളൂ. ഈ തെരുവ് നിറയെ വളകളുണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന കടകളാണ്. പല പല നിറത്തിൽ പല പല ഡിസൈനുകളിൽ ഓരോ കടയിലും വളകൾ നിർമ്മിക്കപ്പെട്ടു. എല്ലാം വാങ്ങി സൂക്ഷിക്കാൻ തോന്നുന്നത്രയും ഭംഗിയുള്ള വളകൾ. എന്റെ പൂർണമല്ലാത്ത, ഗ്രാമർ തെറ്റിച്ചുള്ള ഹിന്ദിയിൽ വളയുണ്ടാക്കുന്നത് കാണാനുള്ള അനുവാദം ഞാൻ വാങ്ങിച്ചു. ഒരു കുഞ്ഞുകടയിൽ ജുനൈദ് എന്നുപേരുള്ള പയ്യൻ എനിക്ക് വേണ്ടി വളയുണ്ടാക്കുന്നത് കാണിച്ചുതന്നു. അവന്റെ വേഗതയും കൈവഴക്കവും ഡിസൈൻ തിരഞ്ഞെടുക്കാനുള്ള കഴിവും എന്നെ അത്ഭുതപെടുത്തി. ലാക് എന്ന പ്രൈമറി മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ വളകൾ നിർമിക്കുന്നത്. ഭംഗികൂട്ടാൻ കളർ ഏജൻറ്സും മുത്തുകളും കണ്ണാടി തുണ്ടുകളും ഉപയോഗിക്കുന്നു. സത്യത്തിൽ ഇതൊരു ചെറിയ ആഗ്രഹമായിരുന്നു, പക്ഷെ ഈ ചെറിയ ആഗ്രഹം നടത്തുയെടുക്കാനാണ് ഞാൻ രാജസ്ഥാൻ വരെ വന്നത്.

ഈ യാത്രയുടെ തുടർച്ച ഒരു ഗ്രാമത്തിലേക്കാണ്. ഹവാമഹലിനടുത്തുനിന്നും ബസ് കയറിയാൽ ഒരു മണിക്കൂറിനുള്ളിൽ അവിടെയെത്തും. ബഗ്രു, അതാണ് ഗ്രാമത്തിന്റെ പേര്. വസ്ത്രങ്ങളിൽ ബ്ലോക്ക് പ്രിന്റ് ചെയ്യുന്നതിന് പേരുകേട്ട ഗ്രാമമാണിത്. ഇവിടെത്തെ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ തന്നെ ഇതാണ്. പക്ഷെ ബ്ലോക്ക് പ്രിന്റിങ് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. മഴക്കാലത്ത് സാധാരണയായി ഇവർ പ്രിന്റിങ് ചെയ്യാറില്ല. വെയിൽ ഇല്ലാതെ ഡൈ ചെയ്ത്‌ ഉണക്കാൻ സാധിക്കില്ല. പക്ഷെ എനിക്കതിൽ വിഷമമില്ല. അതിനു കാരണം ബസിൽ വെച്ച് ഞാൻ പരിചയപ്പെട്ട മനുഷ്യനാണ്. പ്രായം അറുപത് കഴിഞ്ഞു, നാല് കല്യാണം കഴിച്ചിട്ടുണ്ട്, നാല് കുട്ടികളുമുണ്ട്. ഗ്രാമത്തിലെത്തുന്നത് വരെ ഞങ്ങൾ സംസാരിച്ചു, ഒരുപാട് ചിരിച്ചു. അദ്ദേഹം എനിക്ക് ഗ്രാമത്തിലേക്കുള്ള വഴി കാണിച്ചുതന്നു. അയാൾ തീർത്തും അപരിചിതയായ എന്നോട് കാണിച്ച സ്നേഹത്തിൽ കൂടുതലൊന്നും ആ ഗ്രാമം എനിക്ക് വേണ്ടി ഒരുക്കിവെക്കില്ലായിരുന്നു. പുതിയ സ്ഥലങ്ങൾ മാത്രമല്ല പുതിയ മനുഷ്യർകൂടിയാവുന്നു ചിലപ്പോൾ യാത്രയുടെ ലക്ഷ്യം.

ഈ ഗ്രാമത്തിൽ നിന്നിറങ്ങി ഇനി എങ്ങോട്ടാണെന്നല്ലേ? യാത്രയുടെ ബാക്കി വിശേഷങ്ങളും കാഴ്ചകളും അടുത്ത ഭാഗത്തിൽ…



Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· ·
Article Categories:
ArtFlix

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading