The biggest risk of all is not taking one
Mellody Hobson
വിപണിയിലെ ചാഞ്ചാട്ടത്തിൽ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന രീതിയാണ് എസ്‌ഐപി. ഒരു നിശ്ചിത തുക, ഒരു നിശ്ചിത കാലയളവിൽ, ഒരു മ്യൂച്വൽ ഫണ്ടിൽ പതിവായി നിക്ഷേപിക്കുന്ന രീതിയാണ് ‘സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ’ (Systematic Investment Plan) അഥവ എസ്ഐപി.

ചിട്ടയായ നിക്ഷേപം ദീർഘകാലാടിസ്ഥാനത്തിൽ വലിയ സമ്പത്ത് ഉണ്ടാക്കാൻ സഹായിക്കുന്നു. നിക്ഷേപകന്റെ സൗകര്യാർഥം പ്രതിവാരമോ പ്രതിമാസമോ നിക്ഷേപം നടത്താം. എത്ര തുക ഏത് ഫണ്ടിൽ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നതും നിക്ഷേപകനാണ്. എല്ലാ മാസവും ഒരു നിശ്ചിത തീയതിയിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈ തുക ഓട്ടോമാറ്റിക്കായി ഫണ്ടിലേക്ക് മാറ്റപ്പെടുന്നു.
- ചിട്ടയായ നിക്ഷേപം: എസ്ഐപി നിക്ഷേപത്തെ ഒരു ശീലമാക്കി മാറ്റുന്നു. ശമ്പളം ലഭിക്കുമ്പോൾ ഒരു ഭാഗം മാറ്റിവച്ച് നിക്ഷേപിക്കാൻ ഇത് സഹായിക്കുന്നു.
- ചെറിയ തുകയിൽ തുടങ്ങാം: വളരെ കുറഞ്ഞ തുകയിൽ പോലും എസ്‌ഐപി തുടങ്ങാൻ സാധിക്കും (100 രൂപ, 500 രൂപ, 1000 രൂപ). ഇത് സാധാരണക്കാർക്കും നിക്ഷേപിക്കാൻ അവസരം നൽകുന്നു. ഒരു വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കേണ്ട ആവശ്യമില്ല. ചെറിയ തുകകൾ പതിവായി നിക്ഷേപിച്ച് വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കും.
- റിസ്ക് കുറയ്ക്കുന്നു: മാർക്കറ്റ് ഉയരുമ്പോഴും താഴുമ്പോഴും നിങ്ങൾ നിക്ഷേപിക്കുന്നു. മാർക്കറ്റ് താഴെയായിരിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ യൂണിറ്റുകൾ ലഭിക്കുന്നു. മാർക്കറ്റ് ഉയരുമ്പോൾ കുറഞ്ഞ യൂണിറ്റുകളും. ഇത് നിങ്ങളുടെ ശരാശരി നിക്ഷേപച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരമാണ്.

ഒരു വ്യക്തി എല്ലാ മാസവും 1000 രൂപ എസ്‌ഐപി വഴി ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു എന്ന് കരുതുക. ആദ്യത്തെ മാസം മ്യൂച്വൽ ഫണ്ടിന്റെ ഒരു യൂണിറ്റിന് 50 രൂപയാണ് വില. 1000 രൂപ ഉപയോഗിച്ച് 20 യൂണിറ്റുകൾ (1000/50 – 20) സ്വന്തമാക്കാം.
രണ്ടാം മാസം വിപണിയിൽ ഇടിവുണ്ടാകുകയും യൂണിറ്റിന് 40 രൂപയായി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ വീണ്ടും 1000 രൂപ നിക്ഷേപിക്കുമ്പോൾ 25 യൂണിറ്റുകൾ (1000/40 = 25) ലഭിക്കുന്നു.
മൂന്നാം മാസം വിപണി വീണ്ടും ഉയർന്ന് ഒരു യൂണിറ്റിന് 60 രൂപയാകുന്നു. 1000 രൂപ നിക്ഷേപിക്കുന്ന വ്യക്തി സ്വന്തമാക്കുക 16.67 യൂണിറ്റുകൾ (1000/60 = 16.67) ആണ്.
മൂന്ന് മാസം കൊണ്ട് ആകെ നിക്ഷേപിച്ച തുക 3,000 ആകെ ലഭിച്ചത് 61.67 (20 + 25 + 16.67 = 61.67) യൂണിറ്റുകൾ. വിപണിയിലെ ഇപ്പോഴത്തെ വിലയായ 60 രൂപ അനുസരിച്ച്, അദ്ദേഹത്തിന്റെ നിക്ഷേപത്തിൻ്റെ ഇപ്പോഴത്തെ മൂല്യം ഏകദേശം 3700 രൂപ.

ദീർഘകാലാടിസ്ഥാനത്തിൽ ഒരു നിക്ഷേപകന്റെ ശരാശരി നിക്ഷേപച്ചെലവ് കുറയ്ക്കുകയും അതുവഴി കൂടുതൽ ലാഭം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അച്ചടക്കത്തോടെയും റിസ്ക് കുറച്ചും ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു മാർഗ്ഗമാണ് എസ്‌ഐപി എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




