
അളിയാ ഈ ജോലി ഒക്കെ നിർത്തി ഒരു തട്ടുകട തുടങ്ങിയാലോ?
തുടങ്ങാം…
മൾട്ടി നാഷണൽ കമ്പനികളിൽ തലവേദന പിടിച്ചു ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുൾക്ക് ഇടയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു സംഭാഷണം നടന്നിട്ടുണ്ടാകും. എന്തായിരിക്കും ഇങ്ങനെ ഒരു ചിന്തയിലേക്ക് ആളുകളെ എത്തിക്കുന്നത്? കുറഞ്ഞ ജോലി സമ്മർദ്ദവും വലിയ വരുമാനവും തന്നെ. അതായത് മാസത്തിൽ രണ്ടും മൂന്നും ലക്ഷം മുതൽ എട്ട് ലക്ഷം വരെ വരുമാനം നേടുന്ന തട്ടുകടകൾ കേരളത്തിൽ ഉണ്ട്.
ചെറിയ മുതൽമുടക്ക്
തട്ടുകട തുടങ്ങാൻ ചെറിയ മുതൽ മുടക്ക് മതി. പൊതുവെ തട്ടുകടകൾ പൊതു സ്ഥലത്ത് തുടങ്ങുന്നത് കൊണ്ടു തന്നെ സ്ഥലത്തിൻ്റെ വാടക പോലെയുള്ള ചെലവുകൾ ഉണ്ടാകുന്നില്ല. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം നിർമിക്കാനും ടേബിൾ, ചെയർ എന്നിവ വാങ്ങാനും ആണ് എറ്റവും കൂടുതൽ പണം ആവശ്യമായി വരുക. തൊഴിലാളികളുടെ ശമ്പളവും മറ്റൊരു പ്രധാന ചെലവാണ്. കൂടാതെ, വെള്ളത്തിനും വൈദ്യുതിക്കും കൃത്യമായി പണം നൽകേണ്ടി വരും. ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ പലചരക്ക് വസ്തുകൾ കടം വാങ്ങുകയും അന്നത്തെ വിൽപന കഴിഞ്ഞു പണം തിരിച്ചു നൽകുകയും ചെയ്യുന്ന രീതികൾ അത്തരത്തിലുള്ള ചെലവുകളിൽ ആദ്യം തന്നെ ഉണ്ടാകുന്നതിൽ നിന്ന് രക്ഷിക്കും. ചെലവുകൾ കൃത്യമായി നിയന്ത്രിച്ചാൽ ഒരു സാധാരണ തട്ടുകടയ്ക്ക് മാസത്തിൽ ₹30,000 മുതൽ ₹2,00,000 വരെ ലാഭം ഉണ്ടാക്കാൻ കഴിയും. ഈ വ്യവസായം ചെറിയ നിക്ഷേപം കൊണ്ടുതന്നെ നല്ല ലാഭം നേടാനുള്ള വലിയ സാധ്യത നൽകുന്ന ഒന്നാണെന്നാണ് തട്ടുകട നടത്തുന്നവർ തുറന്നു സമ്മതിക്കുന്നത്.
കുറഞ്ഞ വില കുടുതൽ ആളുകൾ
കുറഞ്ഞ വിലയിൽ ഭക്ഷണം ലഭിക്കുന്നു എന്നത് കൊണ്ടു തന്നെ ഒരുപാട് ആളുകൾ തട്ടുകട തേടി എടുത്തുന്നു. സാധാരണ ഹോട്ടലുകളിൽ ലഭിക്കുന്ന ഭക്ഷണം അതെ ക്വാളിറ്റിയിൽ എന്നാൽ വിലക്കുറവിൽ ലഭിക്കുന്നു എന്നതാണ് തട്ടുകടകളെ ജനപ്രിയമാക്കുന്നത്. സാധാരണ ജനങ്ങളും, ദൂരയാത്രക്കാരും, ജോലിക്കാരുമാണ് തട്ടുകടകൾ കൂടുതലായി ആശ്രയിക്കുന്നത്. ഇത് സ്ഥിരമായി കൃത്യമായി വരുമാനം ഉണ്ടാകുന്നതിന് കാരണമാകും.
നാടൻ രുചികൾ
തട്ടുകടകൾ നാടൻ രുചികളുടെ കേന്ദ്രമാണ്. നാടൻ വിഭവങ്ങളായ കപ്പയും മീൻകറിയും, പൊറോട്ടയും ബീഫും, ഇഡലിയും ദോശയും പോലെ ജനപ്രിയമായ വിഭവങ്ങൾ ഇവിടെയുള്ള പ്രധാന ആകർഷണങ്ങളാണ്. ഇത് ആളുകളെ കൂടുതൽ തട്ടുകട സംസ്കാരത്തിന്റെ ഭാഗമാക്കാൻ കാരണമാകുന്നു. പല തട്ടുകടകളിലും കഞ്ഞിയും ചമ്മന്തിയും നൽകാറുണ്ട്. ഇതും സ്ഥിരമായി തട്ടുകടയിൽ നിന്നു ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ഒരുക്കുന്നത്. ഭക്ഷണം ചൂടാറുന്നതിന് മുൻപേ ഉപഭോക്താവിന്റെ മേശയിൽ എത്തിക്കുന്നതും ഈ വ്യവസായത്തിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന ഒരു ഘടകമാണ്.
ജനങ്ങൾ ഉള്ള സ്ഥലങ്ങളിലാണ് തട്ടുകടകൾ
എല്ലാ ജനസാന്ദ്രതയുള്ള ഇടങ്ങളിലും റോഡ് സൈഡുകളിലും ഈ തട്ടുകടകൾ സ്ഥാപിക്കാൻ കഴിയുന്നുണ്ടെന്നുള്ളതാണ് ഈ മേഖലയുടെ മറ്റൊരു പ്രത്യേകത. ജനങ്ങൾ തിരഞ്ഞു വരുന്നത് പോലെയല്ല എവിടെയാണോ ജനങ്ങൾ ഉള്ളത് അവിടെയാണ് തട്ടുകടകൾ ഉള്ളത്. അതുകൊണ്ട് തന്നെ ആളുകൾ തട്ടുകടയിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ആളുകൾ കുറഞ്ഞ സ്ഥലത്ത് തട്ടുകടകൾ സ്ഥാപിക്കുന്നത് വരുമാനം കുറയ്ക്കാൻ കാരണമാകുന്നു.
പ്രതിസന്ധികൾ
കടുത്ത മത്സരമാണ് തട്ടുകടക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഒരു സ്ട്രീറ്റിൽ തന്നെ ഒരു സൈഡിൽ അഞ്ചും ആറും തട്ടുകടകൾ കാണാൻ സാധിക്കും. ഇത്തരത്തിൽ നിര നിരയായി തട്ടുകടകൾ വരുന്നതുകൊണ്ട് തന്നെ വളരെയധികം കടുത്ത മത്സരമാണ് ഈ രംഗത്ത് നടക്കുന്നത്. പലപ്പോഴും ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിക്കുന്നതിനാൽ വലിയ നിയമ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. തുറന്ന സ്ഥലത്ത് പാചകം ചെയ്യുന്നത് കൊണ്ട് തന്നെ വൃത്തി കുറവാണെന്ന് തോന്നൽ ആളുകളിൽ ഉണ്ടാകാം. ഇതും പലരെയും തട്ടുകടകളിൽ നിന്ന് അകറ്റുന്നു.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




