ഹെന്റമ്മോ…ഒന്നൊന്നര പരിപാടിയായിരുന്നു അത്, നിക്കാൻ ഒരിഞ്ച് പോലും സ്ഥലമുണ്ടായില്ല.
അയ് ശെരി പിന്നെന്തിനാ ഇയ് പോയത്?
മോളേ പോപ് മ്യൂസിക്..ന്റെ പ്രിയപ്പെട്ട ബാന്റ്…ഇതൊക്കെ ഇന്ത്യയിൽ ഇപ്പഴാണ് വരുന്നത്. പിന്നെങ്ങനെ കാണാതിരിക്കും?
ശരിയാണല്ലോ ആ പറഞ്ഞത്. പോപ് മ്യൂസിക് നേരിൽ കാണാൻ ഇപ്പോഴാണ് കൂടുതൽ അവസരങ്ങൾ വന്നത്. അതും നമ്മുടെ സ്വന്തം രാജ്യത്ത്.
കോൾഡ് പ്ലേ, സിഗരറ്റ്സ് ആഫ്റ്റർ സെക്സ്, എഡ് ഷീറൻ, ഷോൺ മെന്റസ് എന്നു തുടങ്ങി നമ്മൾ ആരാധിക്കുന്ന പല ബാന്റുകളും പാട്ടുകാരുമുണ്ട്. കുറച്ചു കാലം മുൻപ് വരെ ടിവിയിലും ഫോണിലുമായിരുന്നു ഇവരെയും പാട്ടുകളെയും കണ്ടത്. എന്നാലിന്ന് ട്രെന്റ് മാറി. സ്ക്രീനിൽ മാത്രം കണ്ടിരുന്ന നമുക്ക് ഇഷ്ടമുള്ള ആളുകൾ നമ്മുടെ രാജ്യത്തും പരിപാടി അവതരിപ്പിക്കാൻ തുടങ്ങി. ഇന്ത്യയിൽ വന്നാൽ നിരാശരാകേണ്ടി വരില്ല എന്ന് വരുന്നവർക്കും അറിയാം. നല്ല ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പ്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കലാകാരൻമാർ അവരുടെ വേൾഡ് ടൂറിനായി ഇന്ത്യയെയും തിരഞ്ഞെടുക്കാൻ തുടങ്ങി. മുൻപ് ഇന്ത്യയെ പലപ്പോഴും അവഗണിച്ചിരുന്നിടത്ത് നിന്നാണ് ഇപ്പോൾ പരിഗണനയിലേക്കെത്തിയത്. ഗതാഗതം, മെച്ചപ്പെട്ട വേദികൾ എന്നിവയിൽ ശ്രദ്ധിക്കാനും തുടങ്ങിയതോടെ ഇന്ത്യയിലേക്ക് പാട്ടുകാരുടെ ഒഴുക്കാണ്. പിന്നെ ഇന്ത്യയിൽ വന്നാൽ പോക്കറ്റ് കാലിയാകില്ലെന്നുറപ്പ്. ഇതുവഴി കലാകാരൻമാർക്ക് മാത്രമല്ല ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകൾക്കും മറ്റും ലാഭം കിട്ടുമെന്നുറപ്പ്. ഇതിനായി പ്രത്യേകം സ്റ്റേജ് നിർമിക്കുകയോ ഒന്നുമല്ല മറിച്ച് ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ വേദികൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.



കോൾഡ് പ്ലേ ഇന്ത്യയിൽ ഷോ അവതരിപ്പിച്ചപ്പോൾ ടിക്കറ്റ് പോലും കിട്ടാനില്ലായിരുന്നു. കരിഞ്ചന്തയിലായിരുന്നു ടിക്കറ്റുകൾ പലതും വിറ്റഴിച്ചത്. ലൊല്ലപലൂസ പോലുള്ള പരിപാടികളിലൂടെ ഒരുപാട് പാട്ടുകാർ ഇന്ത്യയിൽ പരിപാടി അവതരിപ്പിച്ചു. കാണികളെ സ്റേറേജിലേക്ക് വിളിച്ചും ഇന്ത്യക്കാരുടെ ഇഷ്ട കളിയായ ക്രിക്കറ്റിനെ പറ്റി സംസാരിച്ചും ഇഷ്ട താരങ്ങളെ പറ്റി പറഞ്ഞും ആർട്ടിസ്റ്റുകൾ ആരാധകരെ കൈയ്യിലെടുക്കും.
ഇന്ത്യൻ പാട്ടുകാരും ഇവരുമായി സ്റ്റേജ് പങ്കിടുന്നതും വ്യത്യസ്തമായ കാഴ്ചയാണ്. എഡ് ഷീറൻ ഇന്ത്യയിലെത്തി എ ആർ റഹ്മാനൊപ്പം സ്റ്റേജ് പങ്കിട്ടതും ഗായകൻ ദിൽജിത് ദോസഞ്ജിനൊപ്പം പാട്ട് പാടിയതും ഒക്കെ ആരാധകർ ആഘോഷമാക്കി. ഇനിയും തിരിച്ചുവരുമെന്ന് ഉറപ്പ് നൽകിയാണ് ഇവരെല്ലവരും മടങ്ങുന്നത്.

ദേ ഇപ്പോ ട്രാവിസ് സകോട്ടും എത്തി. ഇന്ത്യയിൽ വന്നാൽ സപ്പോർട്ടിൽ കുറഞ്ഞതൊന്നും അവർക്ക് ലഭിക്കില്ല. പോപ് സംഗീതത്തിനോടുള്ള അഭിനിവേശം നാൾക്കനാൾ കൂടുകയാണ്. ടിക്കറ്റുകൾ ആണെങ്കിൽ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. കോൾഡ് പ്ലേയുടെ കൺസേർട്ട് വന്നപ്പോ എന്തൊരു ബഹളമായിരുന്നു. ആൾ തിരക്കു മൂലം ഒടുവിൽ അവർക്ക് എക്സ്ട്രാ ഇവന്റെ പോലും നടത്തേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും ആൾ തിരക്ക്? അതിനിപ്പോ പ്രത്യേകിച്ച് ഒരു കാരണം മാത്രം പറയാനില്ല. നമ്മൾ റീലുകളിലും ടിവിയിലും യൂട്യൂബിലും ഒക്കെ കേട്ട പാട്ടുകൾ, ചിലപ്പോ അതിന്റെ ബിജിഎം അല്ലെങ്കിൽ മ്യൂസിക് ആയിരിക്കാം മനസ്സിൽ വരുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളത് പോലെ ഇന്ത്യയിൽ ഇത്തരം പരിപാടികൾ നടക്കുന്നത് പൊതുവേ കുറവാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ഇതൊക്കെ നിർമിച്ചെടുത്ത കലാകാരൻമാർ ഇന്ത്യയിലേക്ക് എത്തുന്നു എന്ന് അറിയുമ്പോൾ ആകാംഷ കൂടും.

ചിലപ്പോൾ ഏറെ ആരാധിക്കുന്ന റാപ്പറായിരിക്കാം അല്ലെങ്കിൽ പാട്ടുകാരനായിരിക്കാം ആ വരുന്നത്. Shape of you എന്ന ഗാനം 2018 ൽ ഉണ്ടാക്കിയ ഓളം ഒട്ടും ചെറുതല്ല. ഇതേതാ പാട്ടെന്ന് അന്വേഷിച്ച് എത്തുന്നവർ ഒടുവിൽ പോപ് സംഗീതത്തിന്റെ ആരാധകരായി മാറുകയാണ്. അതേപോലെ Des-pa-cito ഒർക്കുന്നില്ലേ, ചെറുപ്പക്കാർക്കിടയിൽ ഈ പാട്ടൊക്കെ ഉണ്ടാക്കിയ സ്വാധീനം ചില്ലറയല്ല. എവിടെ തിരിഞ്ഞാലും അന്ന് ഈ പാട്ടൊക്കെയായിരുന്നു ചില്ലിങ് ഐറ്റംസ്. അപ്പോ പറഞ്ഞു വരുന്നത് ഇതൊക്കെ കേട്ട് കേട്ട് ആളുകളുടെ ഇടയിൽ പോപ് സംഗീതത്തിന് കാര്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. നല്ല വൈബ് കിട്ടുന്നുണ്ട്.

ഫാൻസിന്റെ വർധനവ്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ വളർച്ച, യുവജനങ്ങൾക്കിടയിലെ മാറുന്ന ട്രെൻഡ്, തത്സമയ സംഗീത പരിപാടികൾക്കുള്ള (ലൈവ് കൺസേർട്ടുകൾ) വർധിച്ചുവരുന്ന ആവശ്യകത എന്നിവയെല്ലാം കൂടുതൽ പോപ് സംഗീതജ്ഞർ ഇന്ത്യയിലേക്ക് വരാൻ കാരണമാകുന്നു. കൺസേർട്ട് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം മെച്ചപ്പെട്ടു (ഇൻഫ്രാസ്ട്രക്ചർ) ഇതുവഴി വലിയ ലാഭത്തിനുള്ള സാധ്യതകളും തുറന്നിടുകയാണ്, പ്രധാന ആർട്ടിസ്റ്റുകൾക്ക് ഇന്ത്യ എല്ലാം കൊണ്ടും ലാഭകരമായ വിപണിയായി മാറുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കോൾഡ്പ്ലേയുടെ ‘മ്യൂസിക് ഓഫ് ദി സ്ഫിയേഴ്സ്’ (Music Of The Spheres) വൺ ഓഫ് ദ ബെസ്റ്റ് എന്നു തന്നെ പറയാം. ലോകമെമ്പാടുമുള്ള 2,22,000-ത്തിലധികം ആളുകളെത്തിയ കോൾഡ് പ്ലേയുടെ രണ്ടു ദിവസത്തെ ഷോ, ഇന്ത്യയിലെ വലിയ കൺസേർട്ടുകളുടെ വർധിച്ചുവരുന്ന വ്യാപ്തിയും സാധ്യതയും എടുത്തു കാണിച്ചു. ലോകോത്തര നിലവാരത്തിലുള്ള പരിപാടി നടത്താൻ പാകത്തിലുള്ളതാണ് ഇന്ത്യയിലെ സിറ്റികളെന്നും അതോടൊപ്പം കാര്യമായ സാമ്പത്തിക മൂല്യം തുറന്നുവിടാനുള്ള കഴിവുണ്ടെന്നുമെല്ലാം ഇത് തെളിയിച്ചു.
പിന്നെ മറ്റൊരു കാര്യം ഇന്ത്യക്കാരുടെ വീക്നെസിൽ തന്നെ പാട്ടുകാർ കയറിപിടിക്കുകയും ചെയ്യും എന്നതാണ്. ഉദാഹരണം പറയുകയാണെങ്കിൽ ഫേമസ് ഡയലോഗുകൾ പറയുക, നമസ്കാരം പറയുക അങ്ങനെയങ്ങനെ. പ്രധാന ഗായകൻ ക്രിസ് മാർട്ടിൻ ‘വന്ദേമാതരം’ ഗാനവും ആലപിച്ചു. ഈ കൺസേർട്ടിലൂടെ തന്നെ ഏകദേശം 641 കോടി രൂപയാണ് വരുമാനമായി കണക്കാക്കുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ. ഇത് ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളിലും കാര്യമായ വളർച്ച ഉണ്ടാക്കി. ഇങ്ങനെയെല്ലാം ഇന്ത്യയുടെ കുതിച്ചുയരുന്ന ലൈവ് മ്യൂസിക്, കൺസേർട്ട് സാമ്പത്തികമായും ഉണർവേകി.

ബുക്ക് മൈ ഷോയ്ക്ക് പുത്തൻ ഉണർവ് തന്നെയാണ് ഉണ്ടായത്. 2.5 മില്ല്യണിലധികം ആളുകളാണ് ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. 500 ലധികം സിറ്റിയിൽ നിന്നാണ് ആളുകൾ ഒഴുകിയെത്തിയത്. ഇനി ഒരു കൺസേർട്ട് നടത്തിയാലും ആളുകൾ ഒഴുകിയെത്തും എന്ന് ഇവർക്ക് ഉറപ്പും ഉണ്ട്. അതുകൊണ്ടുതന്നെയാണ് പതിവിൽ നിന്നും വിപരീതമായി ഒരുപാട് ആർട്ടിസ്റ്റുകൾ സ്റ്റേജ് ഷോയ്ക്കായി ഇന്ത്യയിലേക്കെത്തുന്നത്. ഡിസംബറിലും 2026 ജനുവരി ഫെബ്രുവരി മാസങ്ങളിലായി വമ്പൻ സംഗീത നിശയ്ക്കാണ് ഇന്ത്യയിലെ വിവിധ സിറ്റികൾ വേദിയാകുന്നത്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.






