“അല്ലെടോ… ഒരു കാര്യം ചോദിക്കട്ടേ? താൻ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, പല സ്ഥാപനങ്ങളിലും രാത്രി ജോലികൾ ഏറെയും പുരുഷന്മാർക്ക് മാത്രമുള്ളതാണ്. അവിടെ വേണ്ടേ തുല്യതയും സമത്വവും? അവിടെയെന്താ ഫെമിനിസമില്ലാത്തെ?”

“ഇതൊരു ന്യായമായ സംശയമാണ്. ഈ ചോദ്യം ഫെമിനിസത്തിനുള്ളിൽ തന്നെ ചോദിക്കേണ്ടതാണ്.”
“പക്ഷേ ഇത് പറയുമ്പോൾ എല്ലാരും പറയുവല്ലോ, ‘അത് വേറേ പ്രശ്നമാ’, ‘പുരുഷന്മാർക്ക് പവർ ഉണ്ട്’, ‘ഇതൊക്കെ ഫെമിനിസം അല്ല’ എന്നൊക്കെ.”
“അവിടെ കുറച്ചു പ്രശ്നമുണ്ട്. എല്ലാവരും എല്ലാ കാര്യവും എല്ലാ സാഹചര്യത്തിലും ചെയ്യണമെന്ന നിർബന്ധമല്ല മറിച്ച് തുല്യ അവസരവും, തുല്യ തിരഞ്ഞെടുപ്പ് അവകാശവും, തുല്യ സുരക്ഷയും ഉണ്ടായിരിക്കുക എന്നതാണ് ഒരു അടിസ്ഥാനം. രാത്രി ജോലികൾ പ്രധാനമായും പുരുഷന്മാർക്കാവുന്നത് സുരക്ഷാ പ്രശ്നങ്ങളും പിന്നെ ‘ഇത് പുരുഷന്മാർ ചെയ്യേണ്ടതാണ്’ എന്ന് ചില കർമങ്ങൾ കാലങ്ങളായി മുദ്രകുത്തപ്പെട്ടിട്ടുള്ളതുകൊണ്ടുകൂടെയാണ്. ഇതിൽ തുല്യത സംസാരിക്കുന്നതിനു മുന്നേ പരിശോധിക്കേണ്ട ഒന്നു രണ്ട് കാര്യങ്ങളുണ്ട്.”
“എന്തൊക്കെയാ?”
“ഒന്ന്, ഒരു സ്ത്രീയ്ക്കും, പുരുഷനും, ട്രാൻസ് വ്യക്തിക്കും രാത്രിയിൽ ജോലി ചെയ്യാൻ സുരക്ഷിതമായ സാഹചര്യം ഉണ്ടോ എന്നതാണ്. രാത്രി ജോലി പോലെ ‘റിസ്ക്’ ഉള്ള പണികൾ പുരുഷന്മാർക്കുള്ളതാണ്, സ്ത്രീകൾക്കു കുടുംബം നോക്കണ്ടേ, രാത്രിയിൽ സ്ത്രീകൾക്കു സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനങ്ങളില്ല എന്നൊക്കെ സമൂഹത്തിൽ ആഴത്തിൽ തറച്ചിരിക്കുന്ന ചിന്താഗതികളുണ്ട്. ഇതിലെ ഇനീക്വാളിറ്റി പറയുമ്പോൾ പലപ്പോഴും അവഗണിക്കപ്പെടുന്ന പ്രധാന പോയിന്റ് റിസ്ക് ഇമ്പാലൻസ് എന്നതാണ്.
ഓ….

പല തൊഴിലിടങ്ങളിലും ‘men will take the risk‘ എന്ന തരത്തിലാണ് പോളിസികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മനുഷ്യന്റെ ചിന്താഗതിയിലും ഇത് അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്. ആക്ച്വലി… പുരുഷനും വീട്ടിലിരുന്ന് വീട്ടുകാര്യങ്ങൾ നോക്കാനുള്ള അവകാശമുണ്ടന്നേ. തുല്യ അവസരങ്ങൾ വേണം. അതിലേക്കു നയിക്കുന്ന അല്ലെങ്കിൽ അത് സാധ്യമാക്കുന്ന സാഹചര്യങ്ങളും. ഇത് നിലവിലുണ്ടെങ്കിൽ മാത്രമേ തുല്യ പങ്കാളിത്തം അർത്ഥവത്താകൂ. ഇല്ലേൽ വെറും വാക്കാണ്. തുല്യത അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. അങ്ങനെ ചെയ്യുന്നത് പ്രോഗ്രസീവ് കാൽവയ്പ്പോ പുരോഗമനമോ അല്ല. അത് ഉത്തരവാദിത്തമില്ലായ്മയാണ്.
കുറേയൊക്കെ മാറിവരുന്നുണ്ട് പതിയെ. എന്നിരുന്നാലും…”
“ശരി… പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ എന്താ പുരുഷന്മാർക്കുമില്ലേ? പലയിടത്തും ജോലി ചെയ്യുന്ന സ്ത്രീകളെ ഡ്യൂട്ടി കഴിഞ്ഞാൽ രാത്രി ക്യാബിൽ വീട്ടിൽ കൊണ്ടാക്കുമല്ലോ?”
“ഉണ്ട്. അതും ഫെമിനിസം ചോദ്യം ചെയ്യേണ്ടതാണ്.
എന്തുകൊണ്ടാണ് റിസ്ക് പുരുഷന്മാർക്ക് സ്വാഭാവിക ബാധ്യതയായി മാറിയത്? രാത്രി ജോലി പുരുഷന്മാരുടെ പ്രിവിലേജ് ആണ്, റിസ്ക് എപ്പോഴും പുരുഷന്മാർക്കുള്ളതാണെന്ന വേർതിരിവ് കാലങ്ങളായുള്ള കണ്ടീഷനിങ്ങിന്റെ ബാക്കിപത്രമല്ലേ? ഇത് ഫെമിനിസം പുരുഷന്മാരെ അവഗണിക്കുന്നു എന്നതിന്റെ തെളിവല്ല.
ചില സ്ത്രീകൾക്കു കുടുംബം നോക്കുന്നത് നിർബന്ധിതവും ബാധ്യതയുമാകുന്ന സാഹചര്യം നിലനിൽക്കുന്നതുപോലെ ജോലിക്കു പോകുന്നത് നിർബന്ധിതവും ബാധ്യതയുമായി തോന്നുന്ന പുരുഷന്മാരുണ്ടാകാം. രാത്രിയിൽ തനിയെ യാത്ര ചെയ്യുന്നതിൽ കൺസേൺസ് ഉള്ള പുരുഷന്മാരുമുണ്ടാകാം. നടക്കുന്ന വഴിയിൽ സ്ത്രീകൾ നേരിടുന്നതുപോലത്തെ എല്ലാ പ്രശ്നവും ഒരു പുരുഷനോ ട്രാൻസ് വ്യക്തിക്കോ നേരെയുണ്ടാകാം. അഡ്രസ് ചെയ്യപ്പെടേണ്ട വിഷയം തന്നെയാണിത്.
പ്രശ്നമുണ്ടെങ്കിൽ, രാത്രിയിൽ ഡ്യൂട്ടി സമയം കഴിഞ്ഞുള്ള ക്യാബ് സർവീസുകൾ എല്ലാ ജെൻഡറിൽപ്പെടുന്നവർക്കും നൽകേണ്ടതാണ്, അല്ലേ? ഇവിടെ പുരുഷനും മുന്നോട്ട് വന്ന് തുറന്നു സംസാരിക്കേണ്ടതുണ്ട്. അവിടെയും നിലപാടുകളും കണ്ടീഷനിങ്ങും ബ്രേക്ക് ചെയ്യപ്പെടണം.”
“മ്… പിന്നെ രാത്രിയിൽ ക്യാബ് ഡ്രൈവറിൽ എത്രപേർ സ്ത്രീകളുണ്ട് എന്നതും ഒരു ചോദ്യമാണ്, കേട്ടോ!”
“ശരിയാണ്, ഇവിടെയും തുടക്കത്തിൽ പറഞ്ഞ കാര്യം തന്നെ.
ലജ്ജിക്കാതെ, കളിയാക്കലുകളില്ലാതെ ഇത്തരം വിഷയങ്ങൾ തുറന്നുപറയാനുള്ള സാഹചര്യം ഒരു പുരുഷനുണ്ടാകുന്നതും ഫെമിനിസത്തിന്റെ ഭാഗമാണ്.”

“ഓക്കേ…“
“പുരുഷന്മാർക്ക് റിസ്ക് സാധാരണവൽക്കരിക്കുന്നത്, സുരക്ഷയെ ഒരു മാനുഷിക പ്രശ്നമായി കണക്കാക്കുന്നതിനുപകരം സ്ത്രീകളുടെ പ്രശ്നം മാത്രമായി പലപ്പോഴും കണക്കാക്കുന്നത്, ചില ജോലികൾ നിശബ്ദമായി ലിംഗഭേദം കാണിക്കുന്നത് എന്നിവയെല്ലാം യഥാർഥ ഫെമിനിസം ചോദ്യം ചെയ്യുന്നുണ്ട്.
പിന്നെ, ഇക്കാര്യങ്ങൾ സംബന്ധിച്ച്… ‘Men already have power, so their problems don’t matter’ എന്ന ആറ്റിറ്റ്യൂഡ് സ്യൂഡോ ഫെമിനിസമാണ്. അത് ശരിയല്ല. രാത്രി ജോലി എല്ലാവർക്കും സുരക്ഷിതമാക്കുക, കുറ്റപ്പെടുത്തലുകളില്ലാതെ തിരഞ്ഞെടുപ്പുകൾക്കുള്ള അവകാശവും സ്വാതന്ത്ര്യമുണ്ടാവുക, ജെൻഡർ റോളുകളും ലിംഗപരമായ എക്സ്പെക്റ്റേഷനുകൾ ഇല്ലാതാക്കുക- ഇവിടെയൊക്കെയാണ് ഫെമിനിസം… ഇതെല്ലാമുള്ളപ്പോഴേ തുല്യത അർത്ഥവത്താകൂ.“
“അപ്പൊ ഫെമിനിസം ഇങ്ങനെയുമാണല്ലേ!”
“യെസ്…”
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




