2002ൽ ഗുജറാത്ത് കലാപത്തെ തുടർന്ന് നരേന്ദ്രമോദി മുഖ്യമന്ത്രി പദവി രാജിവയ്ക്കും വരെ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച് ദേശീയശ്രദ്ധ നേടുമ്പോൾ സ്മൃതി ഇറാനിക്ക് പ്രായം 27 വയസ്സായിരുന്നു. ആ 27കാരി പിന്നീട് ടെലിവിഷനില്‍ കത്തിനിന്ന മികവുറ്റ നായികയായി മാറി. പിന്നീട് ബിജെപി നിരയിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളായി സ്മൃതിയെ രാഷ്ട്രീയലോകം ഉയർത്തിക്കാട്ടി. വീണ്ടും വർഷങ്ങൾ പിന്നിടുമ്പോൾ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് അഭിനയ ജീവിതത്തിലേക്ക് തന്നെ മടക്കം. ഇപ്പോൾ ജനപ്രിയ പരമ്പരയിൽ സ്മൃതി ഇറാനിക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ് വെർച്വൽ അതിഥി വേഷത്തിലെത്തുന്നു. ഇങ്ങനെ പലമേഖലകളിലായി മാറിമറിഞ്ഞ ജീവിതഘട്ടങ്ങൾ. ബിൽ ഗേറ്റ്സ് പോലും അണിനിരക്കുന്ന സീരിയൽ ലോകം സ്മൃതി ഇനി ഉപേക്ഷിക്കുമോ എന്ന ചോദ്യം ഉയരുമ്പോൾ ഇനി എവിടെയാവും സ്മൃതി ഇറാനിയുടെ ഭാവി എന്ന ചോദ്യത്തിനും പ്രസക്തിയേറുകയാണ്.
ടിവി പരമ്പരയിൽ മിന്നിനിന്ന താരം
ചെറുപ്പത്തില്‍ തന്നെ സ്മൃതി മോഡലിങ്ങിലേക്ക് തിരിഞ്ഞു. 1998-ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തെങ്കിലും വിജയം കൈവരിക്കാനായില്ല. ടെലിവിഷനാണ് സ്മൃതിയെ പ്രശസ്തയാക്കിയത്. 2000-ല്‍ ‘ആതിഷ്’ എന്ന സീരിയലിലൂടെ അരങ്ങേറ്റം. അതേ വര്‍ഷം തന്നെ മറ്റൊരു സീരിയലിലും മുഖംകാണിച്ചു. സ്മൃതിയുടെ ഭാഗ്യം തെളിഞ്ഞത് ഏക്താ കപൂര്‍ അണിയിച്ചൊരുക്കിയ ‘ക്യൂം കി സാസ് ഭി കഭി ബഹീ ധീ’ എന്ന സീരിയലില്‍ നായികാവേഷത്തിലൂടെയാണ്.

25 വർഷം മുൻപ് സംപ്രേഷണം ചെയ്ത ‘ക്യും കി സാസ് ഭീ കഭീ ബഹു ഥീ’ എന്ന സീരിയലിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതി റീ എന്‍ട്രീ നടത്തിയത്. പരമ്പരയില്‍ തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് സ്മൃതി ഇറാനി അവതരിപ്പിക്കുന്നത്. 2000-ല്‍ തുടങ്ങിയ പരമ്പരയുടെ ഓഡിഷനില്‍ സ്മൃതി പുറത്താക്കപ്പെട്ടിരുന്നു. ‘ടെലിവിഷന് യോജിച്ചയാളല്ല’ എന്നുപറഞ്ഞാണ് സ്മൃതിയെ തള്ളിക്കളഞ്ഞത്. എന്നാല്‍, നിര്‍മ്മാതാവായ ഏക്ത കപൂര്‍ അതിനെ എതിര്‍ത്തു. അങ്ങനെയാണ് സ്മൃതിക്ക് പ്രധാനകഥാപാത്രമായി അവസരം ലഭിച്ചത്.

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളില്‍ ഒന്നായിരുന്നു ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്പര ഒരു വഴിത്തിരിവായി. മാതൃകാ മരുമകളായ തുളസി വിരാനിയുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച പരമ്പര പറഞ്ഞത്. തിരിച്ചു വരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സ്മൃതി മറുപടി പറഞ്ഞത് “താനൊരു പാര്‍ട്ട് ടൈം അഭിനേത്രിയും ഫുള്‍ ടൈം രാഷ്ട്രീയക്കാരിയുമാണെന്നാണ്”. 2008-ലാണ് സീരിയല്‍ നിര്‍ത്തുന്നത്. അപ്പോഴേക്കും 1833 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പരയെന്ന പേരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ കയറുകയും ചെയ്തു. 1800 രൂപയായിരുന്നു സ്മൃതി ഇറാനിക്ക് തുടക്കത്തില്‍ ലഭിച്ച പ്രതിഫലം. എന്നാൽ അതേ പരമ്പരയിലേക്ക് വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുമ്പോൾ രണ്ടാംഭാഗത്തില്‍ എപ്പിസോഡിന് 14 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇപ്പോൾ ബിൽഗേറ്റ്സിന്റെ അതിഥി റോളിലൂടെ ഈ സീരിയലിന്റെ ഗതി തന്നെ മാറുകയാണ്. ബിൽഗേറ്റ്സിന് ഒരു ഇന്ത്യൻ സീരിയലലിൽ എന്താണ് കാര്യം എന്ന് ചോദിക്കുന്നവരും ഉണ്ട്. വെറുതെ ഒരു അതിഥി വേഷമല്ല മറിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തെക്കുറിച്ച് ചർച്ചചെയ്യുന്ന മൂന്ന് എപ്പിസോഡുകളിലാണ് സ്മൃതിക്കൊപ്പം ബിൽഗേറ്റ്സ് എത്തുക.
രാഷ്ട്രീയത്തിലേക്കുള്ള വഴിത്തിരിവ്
അഭിനയമികവിലൂടെ രാജ്യത്തിനകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരം. പെട്ടെന്നൊരു സുപ്രഭാതത്തിൽ “മിനിസ്ക്രീനിൽ ഒതുങ്ങാനല്ല ജനങ്ങൾക്കിടയിലേക്കിറങ്ങാനാണ് തന്റെ തീരുമാനമെന്ന്” പ്രഖ്യാപിച്ച് പ്രവർത്തനരംഗം മാറ്റാൻ ഒരുങ്ങിയപ്പോൾ ഒരു സീരിയൽ നടി എങ്ങനെ മന്ത്രിസ്ഥാനം അലങ്കരിക്കും എന്ന വിമർശനം ശക്തമായി. പിന്നീട് ഇന്നത്തെ സിനിമാതാരമാണ് നാളത്തെ ബിജെപി നേതാവെന്ന് ഒരിക്കൽക്കൂടി തെളിയിച്ച രാഷ്ട്രീയ പ്രവേശനം. 22 വർഷത്തിനു ശേഷം സ്മൃതി ഇറാനി വീണ്ടും മിനി സ്‌ക്രീനിലേക്ക് മടങ്ങുന്നു എന്ന വാർത്ത രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാമൂഹിക സാംസ്കാരിക രംഗത്ത് ചർച്ചയായതും ഈ പശ്ചാത്തലത്തിലായിരുന്നു.

2003-ൽ ബിജെപിയിൽ പ്രവര്‍ത്തനമാരംഭിച്ച സ്മൃതിയുടെ പാര്‍ലമെന്റ് ജീവിതത്തിന്റെ തുടക്കം 2011-ലായിരുന്നു. അതും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളിയായി സ്മൃതി ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നത് 2014-ലാണ്. ആദ്യ മത്സരത്തില്‍ അമേഠിയിലെ ജനം രാഹുലിനെ പിന്തുണച്ചു. തോറ്റെങ്കിലും തന്റെ കാബിനറ്റില്‍ നരേന്ദ്ര മോദി സ്മൃതിക്ക് ഇടം നല്‍കി, മാനവശേഷി മന്ത്രിയായി. സ്മൃതിയുടെ വിദ്യാഭ്യാസയോഗ്യത ചോദ്യം ചെയ്ത് പല കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. എന്നാൽ, 2019 ൽ വീണ്ടും മൽസരിച്ച് അവർ അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ലോക്സഭാ അംഗമായി. 2014 നും 2024 നും ഇടയിൽ സ്മൃതി ഇറാനി മാനവ വിഭവശേഷി, ടെക്സ്റ്റൈൽസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, വനിതാ-ശിശു വികസനം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചു.

2024ൽ വീണ്ടും അമേഠിയിൽ നിന്നും ജനവിധി തേടിയെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടു. “ജീവിതം അങ്ങനെയാണ്. എന്‍റെ തോല്‍വിയിലും വിജയത്തിലും എന്നോടൊപ്പം നിന്നവരോട് നന്ദി. ഇന്ന് വിജയമാഘോഷിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍’. സന്തോഷമല്ലേ എന്ന് ചോദിച്ചാല്‍ അതിന് കുറവൊന്നുനില്ല സാര്‍ എന്നായിരിക്കും എന്റെ മറുപടി”– 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം സ്മൃതി ഇറാനി നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു.
കാത്തിരിക്കുന്ന വെല്ലുവിളികൾ
കേന്ദ്രമന്ത്രിയായിരിക്കെ, തീപ്പൊരി പ്രസംഗം നടത്തിയ സ്‌മൃതിയുടെ രീതികളെ സീരിയൽ ഡയലോഗ് പോലെയുണ്ട് എന്ന് ആക്ഷേപിച്ചവർ, ഇനിയിപ്പോൾ എങ്ങനെ അഭിനേത്രിയായി വീണ്ടും മനസ്സിൽ പ്രതിഷ്‌ഠിക്കും എന്ന ആശയക്കുഴപ്പമുണ്ട്. പോരാത്തതിന് അന്നത്തെ സ്കൂൾ വിദ്യാർഥികളും കോളേജ് വിദ്യാർഥികളുമെല്ലാം ഇന്ന് വളർന്നു വലുതായി. അവർക്കിടയിലേക്കാണ് തുളസിയായുള്ള സ്‌മൃതി ഇറാനിയുടെ മടങ്ങിവരവ്. ഒരിക്കൽ, ഈ സീരിയലിൽ അഭിനയിക്കുന്ന വേളയിൽ, സ്‌മൃതി രാജ്യം അറിയപ്പെടുന്ന നിലയിൽ പ്രശസ്തയാകും എന്ന് ഒരു ജ്യോതിഷപണ്ഡിതൻ പ്രവചിച്ചിരുന്നുവത്രേ. സ്‌മൃതി തന്നെയാണ് ഈ വിവരം ഒരഭിമുഖത്തിൽ പരാമർശിച്ചത്. എന്നാൽ, ബിഹാർ തിരഞ്ഞടുപ്പിലും ബിജെപിക്കായി വോട്ടഭ്യർഥിച്ച് സ്മൃതി ഇറാനി രംഗത്തെത്തി. സീരിയലിലൂടെ സ്മൃതിക്കുള്ള താരപര്യവേഷം യുവാക്കൾക്കിടയിലും ബിജെപിക്ക് ഗുണം ചെയ്യുമോ എന്നതാണ് ചോദ്യം. അങ്ങനെയെങ്കിൽ അഭിനയവും രാഷ്ട്രീയവും ഒരുപോലെ വഴങ്ങുന്ന നേതാവായി സ്മൃതിക്ക് മാറാം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




