ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനാണ് വൈഭവ് സൂര്യവംശി. 15 സിക്സറും 15 ഫോറും പറത്തി 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടി വൈഭവ് സൂര്യവംശി എന്ന 14-കാരൻ അണ്ടർ 19 ഏകദിന ലോകകപ്പ് ട്രോഫി കൈയ്യിലെടുക്കുന്നതാണ് കഴിഞ്ഞ ദിവസം നാം കണ്ടത്. 55 പന്തിൽ നിന്ന് സെഞ്ച്വറി സ്വന്തമാക്കി അണ്ടർ 19 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന നേട്ടവും സൂര്യവംശി സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പില്‍ കാഴ്ചവച്ച തകര്‍പ്പന്‍ ഫോമിന് പിന്നാലെ വൈഭവിന്റെ ആസ്തിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ പതിനാലാം വയസ്സിൽ ഏകദേശം 2.5 കോടി രൂപയുടെ ആസ്തിയാണ് വൈഭവ് സൂര്യവംശി നേടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐപിഎൽ സാലറി, മാച്ച് ഫീസ്, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 1.1 കോടിക്ക്
ഐപിഎൽ ലേലത്തിൽ, 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവ് സൂര്യവംശിയെ 1 കോടി 10 ലക്ഷം രൂപ നൽകിയാണ് 2024ൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ കരാര്‍ ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇതോടെ വൈഭവിന് സ്വന്തമായി. അന്ന്, ഒരു പതിമൂന്നുകാരന് ഒരു കോടി രൂപയോ എന്ന് ചോദിച്ച് നെറ്റി ചുളിച്ചവർ നിരവധിയാണ്. എന്നാൽ, ഐപിഎല്ലിൽ താൻ നേരിട്ട ആദ്യ പന്ത് സിക്സ് പറത്തിയാണ് വൈഭവ് അതിന് ഉത്തരം പറഞ്ഞത്. തന്റെ മൂന്നാമത്തെ ഐപിഎൽ മത്സരത്തിൽ 35 പന്തിൽ നിന്ന് സെഞ്ച്വറി നേടി, ലീഗ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയായി ചരിത്രമെഴുതി. ഇനി അടുത്ത താര ലേലത്തിലേക്ക് വൈഭവിന്റെ പേര് എത്തിയാൽ ഫ്രാഞ്ചൈസികൾ പണം വാരിയെറിയുന്നതാവും കാണേണ്ടിവരുക.

മെഴ്‌സിഡസ് ബെൻസും ടാറ്റ കര്‍വ് ഇവിയും
ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കുന്ന താരത്തിനുള്ള ടാറ്റ കര്‍വ് ഇവി കാറുമായാണ് സൂര്യവംശി മടങ്ങിയത്. 18 ലക്ഷത്തിനു മുകളിലാണ് ടാറ്റ കർവ് ഇവിയുടെ വില. 206.55 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയാണ് സൂപ്പര്‍ സ്ട്രൈക്കര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് വൈഭവ് സ്വന്തമാക്കിയത്.
ഐപിഎല്ലിൽ റെക്കോഡ് പെര്‍ഫോമന്‍സ് പുറത്തെടുത്ത വൈഭവിന് റോയൽ മൾട്ടിസ്പോർട്ട് പ്ലൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടിവ് ചെയർമാൻ രഞ്ജിത് ബാർഠാകൂർ മറ്റൊരു കാര്‍ സമ്മാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രഞ്ജിത് ബാർഠാകൂർ വൈഭവിന് കാറിന്റെ കീ സമ്മാനിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മെഴ്‌സിഡസ് ബെൻസാണ് വൈഭവിന് രഞ്ജിത് സമ്മാനമായി നൽകിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടി മറുപടി നൽകിയതിനാണ് കാർ സമ്മാനമായി നൽകിയത്.

7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 7.5 കോടി രൂപയുടെ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ടൂർണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറി ലോകകപ്പ് നേടിയതിനുള്ള അംഗീകാരമായാണ് 7.5 കോടി രൂപയുടെ ക്യാഷ് പ്രൈസ് നൽകുക എന്നും അദ്ദേഹം അറിയിച്ചു. 15 സ്ക്വാഡ് അംഗങ്ങൾക്കും സപ്പോർടിങ് സ്റ്റാഫിനും കൂടിയാണ് 7.5 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കളിക്കാരന് 35– 40 ലക്ഷം രൂപ ലഭിക്കും എന്നാണ് കണക്കുകൾ. ഇത് കൂടാതെ അണ്ടർ 19 കളിക്കാർക്ക് ഓരോ മത്സരത്തിലും മാച്ച് ഫീയായി 20,000 രൂപയും ബിസിസിഐ നൽകുന്നുണ്ട്.

ബ്രാൻഡ് എൻഡോസ്മെന്റ്
വമ്പിച്ച ആരാധക പിന്തുണയുള്ള സൂര്യവംശിക്ക് പിന്നാലെ നിരവധി പരസ്യ കമ്പനികളാണ് വട്ടമിട്ട് പറക്കുന്നത്. ബ്രാൻഡുകൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്റ്റോറി ആണ് വൈഭവ് സൂര്യവംശിയുടേത് എന്നാണ് മുംബൈ ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയായ ദി സ്മോൾബിഗ്ഐഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ഹരികൃഷ്ണൻ പിള്ള പറയുന്നത്. എന്നാൽ നിലവിൽ ക്രിക്കറ്റിലാണ് വൈഭവ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോംപ്ലാൻ പരസ്യത്തിലാണ് സൂര്യ വംശിയെ പ്രധാനമായും കാണാൻ സാധിക്കുക. അണ്ടർ 19 ലോകകപ്പ് മത്സരം കഴിഞ്ഞതോടെ വൈഭവിന്റെ മൂല്യം വലിയ തോതില്‍ വർധിച്ചിരിക്കുകയാണ്. ഇത് ബ്രാൻഡ് എൻഡോസ്മെന്റ് വഴി വലിയ വരുമാനം ഉണ്ടാക്കാൻ വൈഭവിനെ സഹായിക്കും.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: അഹമ്മദാബാദിൽ ഇന്ന് കിരീടപ്പോര്; ആവേശത്തിന്റെ കൊടുമുടിയിൽ ഐപിഎൽ 2026 ഫൈനൽ | IPL 2026 Final | RCB vs GT | Narendra Modi Stadium | Sports
Pingback: ഐപിഎല്ലിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക് എന്ന്? | Vaibhav Suryavanshi, who broke