194
Views

സിനിമാക്കാരൊക്കെ രാഷ്ട്രീയ തലപ്പത്ത് എത്തുമോ എന്ന്  ചോദിച്ചാൽ… ദേ ഇരിക്ക്ണു…നമ്മടെ അയൽ സംസ്ഥാനം… പുരട്ചി തലൈവർ എംജിആറും ‘അമ്മ’ ജയലളിതയും തമിഴകത്തിന്റെ മുഖ്യമന്ത്രി കസേര അലങ്കരിച്ചവരാണ്. ഇതേ സ്വപ്നവുമായി ഇറങ്ങിയ വിജയകാന്തിന് പ്രതിപക്ഷ സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ. കൊടികുത്തി വാഴുന്ന ദ്രാവിഡ കഴകത്തിന്റെ അടിത്തറയിളക്കുക എന്നതാണ് പുതിയ പാർട്ടിയുമായി വരുന്ന താരങ്ങളുടെ ലക്ഷ്യം. എന്നാൽ നടക്കുന്നതോ…സാഷ്ടാംഗം നമിച്ച് അവർക്കൊപ്പം മച്ചാൻ–മച്ചാൻ ബന്ധം തുടരും. സിനിമയിൽ വലിയ താരമാണെങ്കിലും രാഷ്ട്രീയത്തിൽ വെറും സീറോ ആണെന്നുള്ളത് സാക്ഷാൽ രജനീകാന്തും കമൽഹാസനും തെളിയിച്ചിട്ടുണ്ട്.

A close-up portrait of a mature man with a beard, wearing a red shirt and holding a cigarette, with an intense expression, against a blurred background of people.
രജനികാന്ത് (Photo:X/@Bolly_BoxOffice)

ഒരു സിനിമ അഭിനയിച്ചാൽ കുറഞ്ഞത് നൂറ് കോടി രൂപ ശമ്പളം! അതാണ് രജനികാന്ത്, കമൽഹാസൻ, വിജയ് എന്നിവരുടെ താരമൂല്യം. ഇതൊക്കെ വിട്ട് ജനങ്ങളെ സേവിക്കാമെന്ന് കരുതി ആദ്യമിറങ്ങിയത് സാക്ഷാൽ സൂപ്പർ സ്റ്റാർ ആയിരുന്നു. പാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപ് സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ചിൽ പഞ്ച് ഡയലോഗും ഉപദേശവും നൽകും. കോരിത്തരിപ്പിക്കുന്ന പൊളപ്പൻ ഡയലോഗിലൂടെ വോട്ടുണ്ടാക്കി തമിഴകം പിടിച്ചെടുക്കാമെന്ന് രജനികാന്ത് കരുതിയിരിക്കാം. ‘രാഷ്ട്രീയം വലിയ കളിയാണ്, അപകടരമാണ്. ശ്രദ്ധയോടെ മാത്രമേ കളിക്കുകയുള്ളൂ’ എന്നൊക്കെ തുടക്കത്തിൽ അദ്ദേഹം പറയുകയും ചെയ്തു. പാവം!

രജനി മക്കൾ മൺട്രം എന്ന താരസംഘടനയുടെ ബാനറിൽ ചിലയിടങ്ങളിൽ സമ്മേളനങ്ങളൊക്കെ അദ്ദേഹം നടത്തിയിരുന്നു. പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പ്ലാനിട്ടെങ്കിലും ആരോഗ്യം വഴങ്ങിയില്ല. വൃക്ക മാറ്റിവച്ചതിനെ തുടർന്ന് സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വന്ന സൂപ്പർസ്റ്റാറിന് കോവിഡും ബാധിച്ചു. അന്ന് 69 വയസ്സുള്ള നടന്റെ ആരോഗ്യം വളരെ മോശമായിരുന്നു. ഇതോടെ പൊതുയിടങ്ങളിൽ വരുന്നത് ഒഴിവാക്കുകയും വീട്ടിൽ വിശ്രമം തുടരുകയും ചെയ്തു. ഏറെ ആഗ്രഹിച്ച രാഷ്ട്രീയ പ്രവേശനം അവിടെ അവസാനിച്ചു.

രജനികാന്തും കമൽഹാസനും (Photo:X/@iammoviebuff007)

സൂപ്പർസ്റ്റാറും ഉലകനായകൻ കമൽഹാസനും ഒരുമിച്ച് പാർട്ടി തുടങ്ങുമെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാൽ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇരുവരും തമ്മിൽ ആശയപരമായി വിയോജിപ്പുണ്ടെന്ന് അവർ തന്നെ വ്യക്തമാക്കുകയായിരുന്നു. എങ്കിലും പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ പ്രിയസുഹൃത്ത് രജനിയെ കണ്ട് അനുഗ്രഹം വാങ്ങാൻ കമൽ മറന്നില്ല.

2018 ഫെബ്രുവരിയിലാണ് ഉലകനായകൻ മധുരയിൽവച്ച് രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുന്നത്. മക്കൾ നീതി മയ്യം!

കോരിതരിപ്പിക്കുന്ന പ്രസംഗമായിരുന്നു കമൽഹാസൻ അന്ന് വേദിയിൽ നടത്തിയത്. പാർട്ടി പ്രഖ്യാപിക്കും മുൻപേ അതിഥിയായെത്തുന്ന ചാനൽ പരിപാടികളിലെല്ലാം തന്റെ രാഷ്ട്രീയ പ്രവേശനം അദ്ദേഹം സൂചിപ്പിക്കുമായിരുന്നു. ബിഗ്ബോസ് തമിഴിന്റെ ആദ്യ സീസണുകളിൽ അവതാരകനായെത്തിയ കമൽഹാസൻ ആ വേദിയെയും പ്രചരണയിടമാക്കിയിരുന്നു.

എന്തുപറയാനാ…പാർട്ടി പ്രഖ്യാപിച്ച് അടുത്ത വർഷം തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റുതുന്നംപാടി. 37 സീറ്റിൽ മത്സരിച്ചിട്ടും നേട്ടമുണ്ടായില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ സ്ഥാനാർഥിയായി. 1728 വോട്ടിനാണ് ബിജെപിയുടെ വാനതി ശ്രീനിവാസനോട് തോറ്റത്. സംസ്ഥാനത്ത് 3 ശതമാനത്തോളം വോട്ട് പാർട്ടിക്ക് നേടാൻ കഴിഞ്ഞതാണ് ഏക ആശ്വാസം.

A political rally scene with a crowd of enthusiastic supporters waving flags and confetti in the air, celebrating a leader on a platform.
പ്രചാരണത്തിനിടെ കമൽഹാസൻ (Photo:X/@Kamaladdict7)

പിന്നീട് പാർട്ടി സാക്ഷ്യം വഹിച്ചത് പൊട്ടിത്തെറികളാണ്. കുറേ മുതിർന്ന നേതാക്കൾ പാർട്ടിവിട്ടു. ഇതോടെ മക്കൾ നീതി മയ്യം തുലാസ്സിലായി. പേരിനൊരു പാർട്ടിയെന്ന അവസ്ഥയിലെത്തി. ഇപ്പോൾ ഡിഎംകെയുടെ പിന്തുണയോടെ കമൽഹാസൻ രാജ്യസഭ എംപിയാണ്. ആരെയാണോ തോൽപ്പിക്കാൻ ഇറങ്ങിയത്, അവർക്കൊപ്പം തന്നെ കൂട്ടുചേർന്ന് പദവിയിലെത്തി. അടുത്തിടെ, ഇളയരാജയെ ആദരിക്കുന്ന സർക്കാർ ചടങ്ങിൽ എം.കെ സ്റ്റാലിന്റെ ഇടതും വലതുമായി കമൽഹാസനും രജനീകാന്തും ഇരിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്!

A politician holds a golden ceremonial staff while speaking into a microphone during a public event, dressed in a white shirt.
ടിവികെ റാലിയിൽ സംസാരിക്കുന്ന വിജയ്‌ (Photo:X/@politics_vibes)

തുടർച്ചയായി സിനിമകളിലൂടെ തമിഴ്നാട് സർക്കാരിന്റെ കഴിവുകേടുകളെ തുറന്നുകാട്ടിയതോടെ വിവാദങ്ങൾ ആളിക്കത്തി. കേന്ദ്രത്തെയും വെറുതെ വിട്ടില്ല. ഇതിന്റെ ഫലം തുടർച്ചയായുള്ള ഇഡി റെയ്ഡ് ആയിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ… ജനങ്ങളെ സേവിക്കാൻ താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേ മതിയാകൂ എന്ന അവസ്ഥയിലേക്ക് വിജയ്‌യെ തള്ളുകയായിരുന്നുവെന്ന് പറയാം.

കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ഒന്നും വേണ്ടെന്ന് വച്ചാണ് ദളപതി വിജയ്‌ 2024ൽ രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത്. അതിനുമുൻപ് തന്നെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കത്തെ (VMI) മുൻനിർത്തി തമിഴ്നാട്ടിൽ ഒരു സർവേ നടത്തിയിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണോ എന്നതാണ് ചോദ്യം. ഭൂരിഭാഗം ആളുകളും പിന്തുണച്ചു. ഇതോടെ 2021ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഫാൻസ് അസോസിയേഷൻ അംഗങ്ങളെ മത്സരത്തിനിറക്കി. 169 സീറ്റിൽ മത്സരിച്ച വിഎംഐ 115 സീറ്റിൽ വിജയം കണ്ടു. പിന്നീടാണ് തമിഴക വെട്രിക കഴകം (TVK) എന്ന പാർട്ടിക്ക് തുടക്കമിടുന്നത്.

പുരട്ചി തലൈവർ എംജിആർ നടത്തിയതുപോലെ തമിഴ്നാടിന്റെ മുക്കിലും മൂലയിലും പ്രചരണം നടത്താനായിരുന്നു വിജയ്‌യുടെ പ്ലാൻ. എന്നാൽ കരൂര്‍ സമ്മേളനത്തിൽ 40 ജീവൻ പൊലിഞ്ഞതോടെ പ്രചരണം നിർത്തിവച്ചു. എങ്കിലും 90’s, Gen’z പിള്ളേർക്കിടയിൽ ദളപതിയുടെ ഇമേജ് തകർന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എംജിആറിന്റെ ആയുധം സ്ത്രീകളും പാവപ്പെട്ടവരുമാണെങ്കില്‍ വിജയ്‌യുടെ ആയുധം യുവജനതയാണ്.

ഒരാളെ പരമാവധി പ്രകോപിപ്പിച്ച്, അവരെ താഴ്ത്തികെട്ടുമ്പോൾ ഉണ്ടാകുന്ന ദേഷ്യമുണ്ടല്ലോ…അതാണ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയപാർട്ടികളുടെ ഉദയത്തിന് കാരണമാകുന്നത്. ഡിഎംകെയുടെ ട്രഷറർ ആയിരുന്ന എംജിആറിന് മന്ത്രി സ്ഥാനം നിഷേധിച്ചപ്പോഴാണ് അദ്ദേഹം ഡിഎംകെ വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്. ഉദയസൂര്യനെ എതിർക്കാൻ ഉദിച്ച എഡിഎംകെ! അതുപോലെയാണ് വിജയ്‌യുടെ കാര്യവും.

1973ൽ തമിഴ്നാട്ടിൽ നടന്നത് ചരിത്രമായിരുന്നു. കൊടികുത്തി വാണ ഡിഎംകെ എംജിആർ എന്ന സിനിമാക്കാരന്റെ മുൻപിൽ തവിടുപൊടിയായി. തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് റിലീസ് ആയ ‘ഉലകം സുട്രും വാലിബൻ’ എന്ന സിനിമയിലെ എംജിആറിന്റെ പവർഫുള്‍ ഡയലോഗ് ജനങ്ങളെ സ്വാധീനിച്ചു. അതും വോട്ടായി മാറുകയായിരുന്നു. പിന്നീട് എംജിആറിന്റെ കാലമായിരുന്നു. ഡിഎംകെയ്ക്ക് തിരിച്ചുവരാനാകാത്ത വിധം ശക്തിയാർജിച്ചു. പുരട്ചി തലൈവറിന്റെ കാലത്തിനുശേഷമാണ് ഡിഎംകെ വീണ്ടും ശക്തിയാർജിച്ചത്.

ടിവികെ പാർട്ടിയുടെ ഔദ്യോഗിക ഗാനം

അന്ന് എംജിആർ പയറ്റിയ ട്രംപ് കാർഡ് വിജയ്‌യുടെ കൈയിലുമുണ്ട്. വെള്ളിത്തിര! അവസാന ചിത്രമെന്ന് പ്രഖ്യാപിച്ച ‘ജന നായകനി’ലൂടെ  എന്ത് സന്ദേശമാണ് വിജയ് ജനങ്ങൾക്ക് നൽകാൻ പോകുന്നതെന്ന് ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

എന്തായാലും രജനീകാന്തിനും കമൽഹാസനുമില്ലാത്ത ഒരു ‘മാസ് പവർ’ വിജയ്ക്ക് ഉണ്ടെന്നതിൽ സംശയമില്ല. തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിൽ വരുന്നവർ ആരാധക കൂട്ടം മാത്രമാണെന്ന് എതിർ പാർട്ടികൾ പറയുന്നുണ്ടെങ്കിലും അത് പൂർണമായും സത്യമല്ലെന്നത് അവർക്കും അറിയാം. 1973ലുണ്ടായ ചരിത്രതോൽവി വീണ്ടും ആവർത്തിക്കുമോ എന്ന ആശങ്ക ഡിഎംകെയ്ക്ക് ഉണ്ട്. കരൂർ അപകടം വിജയ്യുടെ പതനത്തിന് കാരണമാകുമെന്ന് കരുതിയെങ്കിലും സോഷ്യൽമിഡിയ വിജയ്‌ക്ക് സഹായകമായി.

A large crowd gathered around a political rally with colorful banners and vehicles, showcasing enthusiastic supporters.
വിജയ്‌യുടെ പ്രചാരണത്തിൽ നിന്ന് (Photo:X/@politics_vibes)

അന്ന് നടന്ന സംഭവത്തിന്റെ പല ദൃശ്യങ്ങളും പുറത്തുവന്നതോടെ, ദുരന്തത്തിന് വിജയ് മാത്രം ഉത്തരവാദിയല്ലെന്ന് ജനങ്ങൾ മനസ്സിലാക്കി. ഡിഎംകെയുടെ ‘പൊളിറ്റിക്കൽ ട്രാപ്’ ആണെന്നും വ്യാപകമായി പ്രചാരണമുണ്ട്. ഈ വിഷയത്തിൽ കോടതി വിധി ആർക്കൊപ്പമാണെന്ന് അറിയില്ല. എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പറയും, യഥാർഥ വിധി!


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · · · · ·
Article Categories:
Whats Happening Around

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading