234
Views

കേരളത്തിലെ ഓരോ ജില്ലയെക്കുറിച്ചും ഇത്തരത്തിലുള്ള ഒരു പാട്ടെങ്കിലും ചുരുങ്ങിയത് നമ്മൾക്ക് കണ്ടെത്താനാകും. ഏറെയും സിനിമകളിൽ ഉൾപ്പെടുന്നവയാണെങ്കിലും ചിലത് ഒറ്റയ്ക്കുള്ള മ്യൂസിക് വിഡിയോകളാണ്. ഇവയൊന്നും തീരെ പഴയതല്ലതാനും!

തിരു… തിരു… തി… തിരുവനന്തപുരമേ

ഏതാനും പ്രധാന സ്ഥലങ്ങൾ, നിയമസഭ, ചരിത്ര സംഭവങ്ങൾ, ഉത്സവം, തനത് ഭക്ഷണം എന്നിവയെക്കുറിച്ചുള്ള പരാമർശം ഉള്‍പ്പെടുത്തിയാണ് തലസ്ഥാന നഗരിയെക്കുറിച്ചുള്ള ‘തിരുവനന്തപുരമേ’ എന്ന സിനിമാ ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഇതെന്തുവാടാ…. കൊല്ലം പാട്ട് ആണേ

അതിമനോഹരമായാണ് കൊല്ലത്തെ ഓരോ സ്ഥലത്തേക്കുറിച്ച് ചോദിച്ച് ചോദിച്ച് പാട്ടിലൂടെ പരിചയപ്പെടുത്തുന്നത്. ഒപ്പം കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന ചൊല്ലും ആൾക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാമർശിക്കപ്പെടുന്ന വരികളും ‘കൊല്ലം പാട്ടി’ന്റെ തുടക്കത്തിൽ കേൾക്കാം.

ഇത് ഞങ്ങടെ തിട്ട… പത്തനംതിട്ട

നാടിന്റെ സംസ്കാരിക കാര്യങ്ങളെക്കുറിച്ച് സ്വന്തമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വരികളിലൂടെയാണ് ‘പത്തനംതിട്ടയ്ക്കുണ്ടൊരു ഗാനം’ എന്ന് അറിയിക്കുന്നത്. സ്ഥലപ്പേരുകൾ, സംസ്കാരിക കലാരൂപങ്ങൾ, കൃഷി, ദേവാലയങ്ങൾ തുടങ്ങി ജില്ലയുടെ പല തലത്തിലുള്ള കാര്യങ്ങളും പ്രശസ്ത വ്യക്തികളെക്കുറിച്ചും പറഞ്ഞുവയ്ക്കുന്നതാണ് ഈ ഒരു ഗാനം.

മിടുക്കി ഇടുക്കി സുന്ദരിയാ

ഒരു സ്ഥലത്തിന്റെ സൗന്ദര്യം കാവ്യാത്മകമായി അത്രമേൽ പകര്‍ത്തിയ പാട്ടാണ് ‘ഇടുക്കി സോങ്’. കാറ്റിന്റെ ദിശയ്ക്കൊപ്പം സ്ഥലങ്ങളിലൂടെ വരികൾ ശ്രോതാവിനെ കൊണ്ടുപോകുന്നുണ്ട്. സാംസ്കാരികമായും സാമ്പത്തികമായും സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഈ സ്ഥലം വഹിക്കുന്ന പങ്കും ജനങ്ങളുടെ ചില ശീലങ്ങളും ഈ പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നു.

കോട്ടയം പട്ടണം

മുഴുവനും പറഞ്ഞു തീരാൻ നേരമില്ലെന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്ന ‘വട്ടോളം വാണിയാരേ’ പാട്ട് ദിശ ചൂണ്ടി ഏറെക്കുറെ പ്രധാന സ്ഥലങ്ങളും, കെട്ടിടങ്ങളും സ്ഥാപനങ്ങളും പറഞ്ഞുവച്ചാണ് രസിപ്പിക്കുന്നത്. ഇവിടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചും മാർഗങ്ങളെക്കുറിച്ചും പറഞ്ഞുവയ്ക്കുന്നത് കൗതുകമുണർത്തുന്നതാണ്.

പാലങ്ങൾ കേറിയിറങ്ങി ആലപ്പുഴ

വട്ടം കറക്കണ പെണ്ണിനോടുപമിച്ച്, ജലാശയങ്ങളും തോടുകളും നിറഞ്ഞയിടത്ത് അവയ്ക്ക് കുറുകെയുള്ള പാലങ്ങളിലൂടെ കടന്നെത്തിക്കുന്നതാണ് ആലപ്പുഴയെക്കുറിച്ചുള്ള ‘ആലപ്പുഴ സോങ്’. സ്ഥലത്തെക്കുറിച്ച് നേരിട്ട് അവതരിപ്പിക്കാതെയുള്ളൊരു ശൈലിയാണ് ഇതിലെ വരികൾക്ക്.

കമ്പനിയായി കമ്പനികളുടെ എറണാകുളം

ജില്ലയൊട്ടുക്കുള്ള സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതിലുപരി കായലിനരികലെ, കടലിനെ മുത്തുന്ന പ്രധാനിയായ കൊച്ചിയുടെ വ്യാപാര ചരിത്രവും അതിന്റെ ഭാഗമായ കമ്പനികളുടെയും കപ്പലുകളുടെയും പേരുകൾ വിളക്കിയെടുത്ത വരികളാണ് ‘കായലിനരികെയുടേത്’. ചില കമ്പനിയുെട ലോഗോ ഉൾപ്പടെയാണ് പരിചയപ്പെടുത്തുന്നത്.

നാടിനൊത്താടി പൂരങ്ങടെ പൂരമുള്ളൊരു തൃശ്ശൂർ

എത്രമേൽ പ്രസിദ്ധമാണിവിടുത്തെ പൂരമെന്നതിൽ തുടങ്ങി സ്ഥലത്തെ വ്യത്യസ്തമാക്കുന്ന പ്രധാന സ്ഥലങ്ങളെക്കുറിച്ച് വിവരിക്കുന്ന വരികളാണ് ‘പൂരങ്ങടെ പൂരം’ നിറയെ. ഒപ്പം, പണ്ടുമുതലെ മലയാളികൾ കേട്ട് ശീലിച്ചിട്ടുള്ള ‘‘കാന്താ… ഞാനും വരാം’’ എന്ന പാട്ടിന്റെ വരികളും ഇഴചേർത്താണ് തൃശ്ശൂരിനെ ഈ പാട്ടിൽ വരച്ചുകാട്ടുന്നത്.

പത്തുവെളുപ്പിനിൽ പറഞ്ഞുപോകുന്ന പാലക്കാട്

പ്രാസമൊപ്പിച്ചും, ചില പൈതൃക രീതികളുടെയും പരാമർശത്തോടൊപ്പം പാലക്കാട്ടെ ചില സ്ഥലങ്ങളും പാവക്കൂത്ത് പോലുള്ള തനത് കലാരൂപങ്ങളുടെ പേരും ചേർത്താണ് ‘പത്തുവെളുപ്പിന്’ എന്ന പാട്ട്.

സ്നേഹത്തിൻറെ മൊഞ്ചും ചരിത്രവുമായി മലപ്പുറം

മതസൗഹാര്‍ദം നിറഞ്ഞ ജീവിതാന്തരീക്ഷവും കാൽപന്ത് പ്രണയവും ഈണത്തിൽ ഓതുന്നുണ്ട് ‘മലപ്പുറത്തെ പെരുമ’. തുഞ്ചത്ത് എഴുത്തച്ഛനെയും ഭാഷയെയും കോട്ടക്കൽ ആര്യ വൈദ്യശാലയെക്കുറിച്ചും ഉൾപ്പെടുത്തിയാണ് വരികള്‍.

ഖൽബിന്റെ ഓളങ്ങളായി ലൈവാണ് കോയിക്കോട്

രുചികളും സ്ഥലങ്ങളും പാട്ടും സ്നേഹവും ആളുകളും എല്ലാം നിറഞ്ഞ വരികളായിട്ടാണ് കോഴിക്കോടിന്റെ ‘കോയിക്കോട് സോങ്ങ്’. വളരെ ചെറിയ ഒരു പാട്ടിലൂടെയാണ് പെരുത്ത് സംഗതികളുള്ള ഈ ഇടത്തെ ജിൽ ജിൽ ആയിട്ട് അവതരിപ്പിച്ചിട്ടുള്ളത്.

കാണാം പുലരിമഞ്ഞിൽ പൊതിഞ്ഞ വയനാട്

സ്വപ്നത്തിലെ പെണ്ണിനെ വിവരിക്കുന്ന കൂട്ടത്തിൽ വയനാട്ടിലെ പ്രകൃതിരമണീയമായ ഏതാനും സ്ഥലങ്ങൾ പറഞ്ഞുവയ്ക്കുന്ന പാട്ടാണ് ‘വയനാടൻ പുലരിമഞ്ഞിൽ’. പ്രധാന കാർഷിക വിളകളെക്കുറിച്ചും പരാമര്‍ശിച്ചാണ് ഇതിലെ താരമ്യങ്ങള്‍.

കൊടുത്താ കിട്ടണ, നിറയെ കയിപ്പിക്കണ കണ്ണൂർ

നാടിന്റെ പ്രധാന കടൽക്കരയും കോട്ടയും ചരിത്രവും നിറയെ ഭക്ഷണവും നിറച്ചാണ് ‘കണ്ണൂര്‍ ആൻതം’. നാട് കാത്ത രാജ ചരിത്രവും നാട് കാക്കണ നാവികസേനയുടെ കേന്ദ്രത്തെക്കുറിച്ചുമെല്ലാം ഉൾപ്പെടുത്തിയാണ് കണ്ണൂരിനെക്കുറിച്ച് പാട്ടിൽ പറയുന്നത്.

അതിർത്തികൾ കടന്ന് ഒരു കാസർഗോഡ് പെരുമ

മലയാളത്തിൽ അല്ല എങ്കില്‍ കൂടിയും കാസർഗോഡിനെ കുറിച്ച് ഭംഗിയായി രചിച്ച വരികളാണ് ‘കാരവലി’ എന്ന കന്ന‍‍ഡ പാട്ടിലുള്ളത്. കോട്ടകളെക്കുറിച്ചും കാർഷിക വിളകളെക്കുറിച്ചും ഭൂമിശാത്രപരമായ കാര്യങ്ങളുമെല്ലാം ലളിതമായി ചേർത്തതാണ് ഇതിലെ വരികള്‍.

Article Categories:
Prime Time

Leave a Thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading