ആടി സെയിൽ തുടങ്ങീ മക്കളെ, ഇപ്പോൾ വിറ്റാൽ ഇരട്ടി വാങ്ങാം! ഇത്തവണയെങ്കിലും കപ്പടിക്കുമോ? ഗോകുലം കേരളയെ കണ്ടുപഠിക്ക്, പണം താ മുഖ്യം ആരാധക രോഷം അടങ്ങിയ ഇത്തരത്തിലൊരു കമന്റ് ബോക്സ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? ഹ്… ഇത്രയും പറഞ്ഞിട്ടും മനസിലായില്ലേ, ന്നാ ഞാൻ വേറൊരു കാര്യം പറയാം. അപ്പോ ആരെ കുറിച്ചാ പറയുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. കപ്പടിക്കണം, കലിപ്പടക്കണം! ഇപ്പോ കത്തിയോ? നമ്മുടെ കൊമ്പന്മാരെ കുറിച്ച് – കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച്. ഫാൻബേസ് ഏറ്റവും കൂടുതലുള്ള ക്ലബുകളിലൊന്നാണ്. പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം, അടച്ചുപൂട്ടലിന്റെ വക്കിലാണ് കൊമ്പന്മാർ. മഞ്ഞപ്പടയുടെ ഓഹരികൾ വിൽക്കുന്ന മാഗ്നം സ്പോർട്സ് ആരാണ്? നിങ്ങൾക്കറിയുമോ അവരെ കുറിച്ച്?
മഞ്ഞപ്പടയുടെ ഓഹരികൾ വിൽക്കുന്ന മാഗ്നം സ്പോർട്സ് ആരാണ്, നിങ്ങൾക്കറിയുമോ അവരെ കുറിച്ച്?
സ്പോർട്സ് വെയറുകളും കായികോപകരണങ്ങളും വിൽക്കുന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മാഗ്നം സ്പോർട്സ്. ബ്ലാസ്റ്റേഴ്സിന്റെ ഉടമകളായതോടെയാണ് കമ്പനി പ്രശസ്തമായത്. 2010–ൽ രൂപീകരിച്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യകാല ഉടമ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു. എന്നാല്‍ പിന്നീട് നാലുവർഷങ്ങൾക്ക് ശേഷം മാസ്റ്റർ ബ്ലാസ്റ്റർ ക്ലബിന്റെ ഉടമസ്ഥാവകാശം വിറ്റു. 2016ല്‍ നിമ്മഗഡ്ഡ പ്രസാദ്, നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം ക്ലബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിക്കുകയായിരുന്നു. 2018ല്‍ സച്ചിന്‍ തന്റെ 20 ശതമാനം ഓഹരികളും കണ്‍സോര്‍ഷ്യത്തിന് കൈമാറി പൂര്‍ണമായും ക്ലബ് വിട്ടു. തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എക്കാലവും ക്ലബിനായി തുടിക്കുമെന്നും ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് അഭിമാനമുണ്ടെന്നും പറഞ്ഞാണ് സച്ചിൻ ക്ലബുമായി വേർപിരിഞ്ഞത്. സച്ചിൻ കൈമാറിയ ഓഹരികൾ ആര് ഏറ്റെടുക്കും എന്നതിനെച്ചൊല്ലി ആരാധകർക്കിടയിൽ ചർച്ചകൾപൊടി പൊടിച്ചെങ്കിലും ആ ഓഹരികൾ കൺസോർഷ്യമാണു കൈവശംവയ്ക്കുകയെന്ന് മാനേജ്മെന്റ് ആരാധകരെ അറിയിക്കുകയായിരുന്നു. 2021ലാണ് ഈ കണ്‍സോര്‍ഷ്യം, മാഗ്‌നം സ്‌പോര്‍ട്‌സ് എന്നു പേരു മാറ്റിയത്. ഇതോടെയാണ് ക്ലബിന്റെ തലവര മാറി മറിഞ്ഞതും.
2021-22 സീസൺ. ഗാലറിയിലിരുന്ന് ബ്ലാസ്റ്റേഴ്സിനായി ആർപ്പുവിളിക്കുന്നൊരു യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വെറുമൊരു ആരാധകനായിരുന്നില്ല അയാൾ, കൊമ്പന്മാരുടെ ഡയറക്ടർ നിഖിൽ ഭരദ്വാജ് ആയിരുന്നു ആ യുവാവ്. ബ്ലാസ്റ്റേഴ്സ് ഉടമ ആന്ധ്ര സ്വദേശി നിമ്മഗഡ്ഡ പ്രസാദിന്റെ മകനാണു നിഖിൽ.
പറയുന്നതൊന്ന് പ്രവർത്തിക്കുന്നതൊന്ന് എന്ന രീതിയിലേക്ക് കാര്യങ്ങളുടെ പോക്ക് മാറിയപ്പോൾ ആരാധകരുടെ സ്വരവും മടുത്തു. ഓരോ വര്‍ഷം കഴിയുന്തോറും വരുമാനം കുറയുകയാണെന്ന് ക്ലബ്ബ് പറയുകയും ചെയ്തു. എന്നാൽ ശരിക്കും ക്ലബിന്റെ വരുമാനത്തിൽ ഇടിവു സംഭവിച്ചോ? സംപ്രേക്ഷണാവകാശത്തിലൂടെയും ഫ്രാഞ്ചൈസി ഫീസ്, സ്പോൺസർഷിപ്പ്, മെർച്ചൻഡൈസ്, മാച്ച് ഡേ റവന്യൂ എന്നിവയിലൂടെയാണ് ഐഎസ്എല്ലിന്റെ ധനസമാഹരണം. ഇതിൽ നിന്നുള്ള ഒരുവിഹിതം ടീമുകൾക്കും നടത്തിപ്പുക്കാർ നൽകുന്നുണ്ട്.
‘യുവതാരങ്ങളിലാണു ക്ലബ്ബിന്റെ ഊന്നൽ. അവർക്കു ദീർഘകാല കരാറാണു നൽകിയിരിക്കുന്നത്. അവർ കേന്ദ്രബിന്ദുക്കളായ ടീമായിരിക്കും വരുംവർഷങ്ങളിൽ’
മാച്ച് ഡേ (ടിക്കറ്റുകളുടെ വിൽപ്പന, ഹോസ്പിറ്റാലിറ്റി), സ്പോൺസർഷിപ്പ്, മെർച്ചൻഡൈസ് ഡീൽസ് എന്നിവയിലൂടെയാണ് ബ്ലാസ്റ്റേഴ്സും പണം കണ്ടെത്തുന്നത്. പ്ലേയർ ട്രാൻസ്ഫറിലൂടെയും പണം ലഭിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിനു എങ്ങനെയാകും സാമ്പത്തിക നഷ്ടം സംഭവിച്ചിരിക്കുക? മത്സരനടത്തിപ്പിന്റെ ചെലവ് വർധിച്ചത് തിരിച്ചടിയായെന്ന് പറയുമ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. പക്ഷേ ആരാധകരാണല്ലോ എല്ലാം..

ക്ലബ്ബിന്റെ പ്രകടനം മോശമായി കാണികള്‍ കുറഞ്ഞതോടെ ടിക്കറ്റില്‍ നിന്നുള്ള വരുമാനവും കുറഞ്ഞു. ക്ലബു കൊണ്ട് ഉപകാരമില്ലെന്ന് മനസിലായതോടെയാണ് ബ്രാൻഡ് നേം ഉപയോഗിച്ച് മറ്റൊരു ബിസിനസിലേക്ക് തിരിഞ്ഞത്. Kravin എന്ന പേരിൽ ചിപ്സ് ബിസിനസും Tish എന്ന ബ്രാൻഡിനു കീഴിൽ ഹൈജീൻ പ്രോഡക്ടുമിറക്കിയാണ് പച്ചപിടിക്കാൻ ശ്രമിച്ചതെങ്കിലും കാരവിൻ അടച്ചുപൂട്ടി. ടിഷിന്റെ കാര്യം എന്തായെന്ന് ആർക്കറിയാം. നഷ്ടം കാരണമാണ് ക്ലബിന്റെ ഓഹരികൾ വിൽക്കുന്നതെന്നു പറയുമ്പോൾ മറ്റുടീമുകൾക്കും ഈ നഷ്ടം സംഭവിച്ചിട്ടുണ്ടാകില്ലേ?
ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ തൃപ്തരാണോ?
ശരാശരി 30 കോടി മുതൽ 50 കോടിവരെ ഓരോ ക്ലബുകൾക്കും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. High Player Salaries, Low Commercial Revenue, Weak Broadcast Revenue, Franchise Fees തുടങ്ങിയവയോക്കെയാണ് ഈ നഷ്ടത്തിനു പിന്നിൽ. മാർക്കറ്റ് വാല്യൂവിൽ മുംബൈ സിറ്റിക്കും മോഹൻ ബഗാനും താഴെയാണ് ബ്ലാസ്റ്റേഴ്സ്. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മുംബൈയുടെ കണക്ഷൻ അറിയുന്നവർക്ക് അറിയാം ആ ‘സ്റ്റാർ’ വാല്യൂ.

കേരളാ ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ വിൽക്കുകയും, ലോൺ അടിസ്ഥാനത്തിൽ മറ്റു ക്ലബുകൾക്ക് നൽകുകയും ചെയ്തതോടെയാണ് മാഗ്നം സ്പോർട്സ് ആരാധകരുടെ കണ്ണിലെ കരടായി മാറിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ആരാധകർ മാനേജ്മെന്റിന്റെ നിലപാടിനെതിരെയും ടീമിന്റെ ദയനീയ പ്രകടനത്തിൽ പൊട്ടിത്തെറിച്ചും രംഗത്തെത്തുമെന്ന് സ്വപ്നത്തിൽ പോലും ആരും വിചാരിച്ചു കാണില്ല. ആരാധകരുടെ അഭിപ്രായങ്ങൾക്ക് ക്ലബ് ചെവി കൊടുക്കാതെ വന്നതോടെ കലൂരിലെ ഹോം മത്സരങ്ങളിൽ കാലിയായ ഇരിപ്പടങ്ങളെ സാക്ഷിയാക്കിയാണ് കൊമ്പന്മാർ കളിക്കാനിറങ്ങിയത്. ചാന്റിങും വൈക്കിങ് ക്ലാപുമില്ലാതെ ഈസ്റ്റ് ഗാലറി നിശബ്ദമായപ്പോൾ കൂടെ നിന്നവരെ ചേർത്തുനിർത്തിയില്ലെങ്കിൽ പണിപാളുമെന്ന് ക്ലബിനും തോന്നി. ആരാധകരെ അനുനയിപ്പിക്കാനായി പലശ്രമങ്ങളും നടത്തി. ഒടുവിൽ ഫാൻ അഡ്വൈസറി കമ്മിറ്റി വരെ ഉണ്ടാക്കി. എന്നിട്ടും ചങ്കരൻ എന്നും തെങ്ങിന്മേൽ തന്നെ! പണം താ മുഖ്യം എന്നും പറയും പോലെ താരങ്ങളേം വിറ്റു.
ഗതിയറിയാതെ ഒഴുകുന്ന ഐഎസ്എല്ലിലേക്ക് കൊമ്പന്മാർ കലിപ്പടക്കാൻ എത്തുമോ? അതോ ചത്ത കിളിക്കെന്തിനാ കൂടെന്ന് പറയുന്നതു പോലെ വീരവാദം മുഴക്കി കൊണ്ടിരിക്കുമോ! എന്താണെങ്കിലും കണ്ടറിയാം കോശി..









