ഡേറ്റിങ് ആപ്പുകളും റിയാലിറ്റി ഷോകളും ഇന്ന് വളരെ സാധാരണമാണ്. എന്നാൽ, മാരക രോഗങ്ങളെ അതിജീവിച്ചവർക്കായി നടത്തപ്പെടുന്ന ഡേറ്റിങ് റിയാലിറ്റി ഷോയെ കുറിച്ച് നിങ്ങൾക്ക് അറിയാമോ?
സൗത്ത് കൊറിയയിലാണ് ‘ലവ് എഗെയ്ന്‍സ്റ്റ് ടൈം’ എന്ന പേരിൽ പുതിയ ഷോ ആരംഭിച്ചിരിക്കുന്നത്. ഗുരുതരമായ രോഗങ്ങളോട് പൊരുതി, അതിജീവിച്ച യുവതി– യുവാക്കള്‍ക്ക് ജീവിതപങ്കാളികളെ കണ്ടെത്തുന്നതിനാണ് ഈ ഷോ നടത്തുന്നത്. ഓഗസ്റ്റ് 3 മുതൽ ആരംഭിച്ച സീസൺ 1ൽ പത്ത് എപ്പിസോഡുകളാണുള്ളത്.
ലീ യൂൻ-സോളാണ് എസ്ബിഎസിന്റെ (Seoul Broadcasting System) ഈ ഷോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കൊറിയൻ താരങ്ങളായ ലീ സേ യങ്, ജങ് യോങ്-ഹ്വ, ഡികെ, ചോയ് യേ-നാ എന്നിവരാണ് അവതാരകർ.
നാല് എപ്പിസോഡുകളാണ് ഇതുവരെ റിലീസായിട്ടുള്ളത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ റിയാലിറ്റി ഷോ വലിയ ചർച്ചയായിട്ടുണ്ട്.
20 മുതൽ 30 വരെ വയസ്സിന് ഇടയിൽ പ്രായമുള്ള 4 യുവാക്കളും 4 യുവതികളുമാണ് ഷോയിൽ പങ്കെടുക്കുന്നത്. അവരുടെ ജീവിതാനുഭവങ്ങളും ഭാവിസങ്കല്‍പ്പങ്ങളും ആഗ്രഹങ്ങൾ ചേർത്ത ബക്കറ്റ് ലിസ്റ്റുമെല്ലാം ഷോയുടെ പശ്ചാത്തലമാണ്. മത്സരാർഥികളുടെ ദൈനംദിന ജീവിതം, ആദ്യ ഡേറ്റിംഗിന്റെ ആവേശം, ഒരുമിച്ചുള്ള ഷോപ്പിംഗ്, പാചകം എന്നിവ ഉൾപ്പെടുന്നതാണ് ഇതിലെ എപ്പിസോഡുകൾ.
ജീവിതത്തില്‍ ചെറിയ കാര്യങ്ങളില്‍ പോലും പതറുകയും ടെൻഷനാകുകയും ചെയ്യുന്ന ആളുകൾക്ക് മുന്നിലാണ് ഇവർ രോഗവും ജീവിതവും തുറന്ന് പറയുന്നത്. സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ട മനുഷ്യരുടെ ജീവിതത്തിലെ വേദനയും പ്രണയവും ഷോയിൽ അവതരിപ്പിക്കുന്നു.
ഇന്ത്യയിൽ Viu, Amazon Prime, Netflix എന്നീ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് ലവ് എഗെയ്ന്‍സ്റ്റ് ടൈം ലഭ്യമായിട്ടുള്ളത്.
ഹൃദയം തൊടുന്ന ഡയറിക്കുറിപ്പിന്റെ ശൈലിയിലാണ് ആദ്യ എപ്പിസോഡിൽ ഓരോരുത്തരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത്. പ്രണയബന്ധത്തിലായിരുന്നവരെ രോഗം പിടികൂടി എന്ന് അറിഞ്ഞതിന് പിന്നാലെ പ്രണയിനി ഉപേക്ഷിച്ച് പോയെന്നും തങ്ങൾക്ക് രോഗം ബാധിച്ചതിനാൽ പ്രണയബന്ധം വേണ്ടെന്ന് വച്ചെന്നും പലരും വെളിപ്പെടുത്തുന്നുണ്ട്.
പ്രേമത്തിന് കണ്ണില്ല, മൂക്കില്ല എന്നൊക്കെ കാവ്യത്മകമായി പറയാമെങ്കിലും പ്രേമത്തിന് ഇതെല്ലാമുണ്ടെന്ന് ഇവരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നു.
ജീവിതത്തെയും പ്രണയബന്ധങ്ങളെയും ഉലച്ചു കളയുന്ന മാരക രോഗങ്ങളെ ഷോ പരിചയപ്പെടുത്തുന്നു. പക്ഷേ, ഈ രോഗങ്ങളല്ല ഹൈലൈറ്റ്. സഹതാപമല്ല ഇവർ ആവശ്യപ്പെടുന്നതും. രോഗത്തിനപ്പുറം അവര്‍ക്കും ജീവിതമുണ്ട്. ആ ജീവിതത്തിന് പിന്തുണയായാണ് ഡേറ്റിങ് ഷോ ആരംഭിച്ചത്.
ഡേറ്റിങ് സങ്കൽപ്പങ്ങളെല്ലം ഇന്ന് വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. എങ്കിലും പൊതുവേ വിമർശിക്കുന്നവരും ഏറെയുണ്ട്. ഈ റിയാലിറ്റി ഷോയെ വിമർശിച്ച് ആദ്യം നിരവധി പേർ എത്തിയിരുന്നു. എന്നാൽ, ഷോ ചർച്ചയായതോടെ നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ ഇതിനെ പ്രശംസിക്കുന്നുണ്ട്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: 'ബുൾഡാക്' റാമൻ വമ്പൻ ഹിറ്റാണ് | How Buldak Ramen Used Fear and Fire to Conquer the World | Buldak Ramen | Samyang noodles | Fire Noodle Challenge | spicy Korean ramen | Buldak Bokkeum Myeon | Korea