Women empowerment and equality
160
Views

ഇന്ന് സമൂഹത്തില്‍ നമ്മള്‍ ഏറെ കേള്‍ക്കുന്ന വാക്കാണ് ‘സ്ത്രീ ശാക്തീകരണം’ അല്ലെങ്കിൽ ‘വിമൺ എംപവർമെന്റ്’. പെണ്‍കുട്ടികള്‍ നന്നായി പഠിക്കണം, ജോലി നേടണം, സമ്പാദിക്കണം, ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റ് ആകണം, സ്വയം തീരുമാനമെടുക്കണം, അഭിപ്രായങ്ങള്‍ പറയണം എന്നൊക്കെ നമ്മള്‍ നിരന്തരം പറയാറുണ്ട്. അത് സമൂഹത്തില്‍ പ്രതിഫലിക്കുന്നതും കാണുന്നുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകള്‍ ഉയര്‍ന്നുവരുന്നു. അവര്‍ സ്വന്തം കാലില്‍ നില്‍ക്കാനും സമ്പാദിച്ച പണംകൊണ്ട് അവർ ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാനും ശ്രമിക്കുന്നുണ്ട്.

എന്നാല്‍, അങ്ങനെ സ്വതന്ത്രമായി ചിന്തിക്കുന്ന, സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു സ്ത്രീയ്‌ക്കൊപ്പം ജീവിക്കാന്‍ നമ്മള്‍ ആണ്‍കുട്ടികളെ വളര്‍ത്തിയെടുത്തോ? ഈ ചോദ്യം വളരെ പ്രസക്തമാണ്. നമ്മള്‍ എംപവേര്‍ഡ് വുമണിനോടൊപ്പം ചേര്‍ത്തു വായിക്കാന്‍ മറന്നുപോയ, ചേര്‍ത്തു പറയാന്‍ വിട്ടുപോയ ഒന്നാണത്.

ഒരു എംപവേർഡ് വുമണിനെ സ്വീകരിക്കാൻ പാകത്തിന് നമ്മുടെ സമൂഹം മാറിയിട്ടുണ്ടോ?  

അഭിപ്രായങ്ങള്‍ അഹങ്കാരമല്ല; അത് നിലപാടാണ്

ആള്‍കൂട്ടത്തിനിടയില്‍നിന്നുകൊണ്ട് ഒരു ആണ്‍കുട്ടി ഉറക്കെ സംസാരിക്കുമ്പോൾ, കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അതിനെ പുകഴ്ത്തുന്നവരുണ്ട്. എന്നാൽ, അതേ സമൂഹം തന്നെ കൃത്യമായ നിലപാട് പറയുന്ന ഒരു പെണ്‍കുട്ടിയെ അഹങ്കാരിയെന്നോ തന്റേടിയെന്നോ മുദ്രകുത്താറാണ് പതിവ്. ഒരു പെണ്‍കുട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവുമുണ്ടാകുന്നത് അഹങ്കാരമല്ലെന്നും മറിച്ച് അവളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും ഇനിയുമെന്താണ് നമ്മുടെ ആണ്‍കുട്ടികളും സമൂഹവും പഠിക്കാത്തത്? 

സ്ത്രീയുടെ ശബ്ദത്തെ അടിച്ചമര്‍ത്താനോ തിരുത്താനോ ശ്രമിക്കാതെ, അതിനെ ബഹുമാനിക്കാന്‍ പുരുഷന്മാര്‍ക്ക് കഴിയണം.

ഈഗോയും ഇന്‍സെക്യൂരിറ്റിയും മാറ്റിവെക്കാം

പാർട്ട്ണർ അല്ലെങ്കിൽ ഭാര്യ തന്നേക്കാള്‍ കൂടുതല്‍ സമ്പാദിക്കുമ്പോഴോ, ജോലിയില്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തുമ്പോഴോ പുരുഷന്മാരില്‍ ഈഗോയും ഇന്‍സെക്യൂരിറ്റിയും ഉണ്ടാകുന്ന പ്രവണത ഇന്നും നിലനില്‍ക്കുന്നുണ്ട്. സ്വന്തം പങ്കാളി ഉയർന്നുവരുമ്പോൾ സന്തോഷിക്കേണ്ട സമയത്ത് എങ്ങനെയാണ് ഒരുപക്ഷം പുരുഷന്മാരിൽ അവിടെ ഈഗോ വർക്കൗട്ട് ആകുന്നത്?

പ്രണയത്തിലും വിവാഹത്തിലും പങ്കാളിയെ ഒരു എതിരാളിയായി കാണരുതെന്നാണ് നമ്മൾ  ആദ്യം മനസ്സിലാക്കേണ്ടത്. പരസ്പരം വിജയങ്ങളില്‍ സന്തോഷിക്കാനും ബഹുമാനിക്കാനും കഴിയുമ്പോൾ റിലേഷൻഷിപ്പ് അടിപൊളിയാകും. 

handshake
Handshake | Magnific/tohamina

ഡബിള്‍ ഡ്യൂട്ടി നിര്‍ത്തി തുല്യ പങ്കാളിത്തം ഉറപ്പാക്കാം

ഇന്ന് ഒരുപാട് സ്ത്രീകള്‍ പുറത്തുപോയി ജോലി ചെയ്യുന്നുണ്ടെങ്കിലും, വീട്ടിലെത്തിയാല്‍ പാചകവും വീട്ടുജോലികളും കുട്ടികളുടെ ഉത്തരവാദിത്തവും അവര്‍ തന്നെ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. രാവിലെ എഴുന്നേറ്റാല്‍ പല വീടുകളിലും നെട്ടോട്ടമാണ്. സ്ത്രീകള്‍ നേരത്തെ എഴുന്നേറ്റ് ഭക്ഷണം പാചകം ചെയ്യുന്നു. കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞു വിടുന്നു, വീട് വൃത്തിയാക്കുന്നു, ശേഷം ജോലിക്ക് പോകുന്നു. തിരിച്ചു വന്നാല്‍ വീണ്ടും ഭക്ഷണം പാകം ചെയ്യുന്നു. ഇത് ശാക്തീകരണമല്ല, മറിച്ച് സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഇരട്ടി ഭാരമാണ്.

പാചകം ചെയ്യലും വീട് വൃത്തിയാക്കലും സ്ത്രീകളുടെ മാത്രം ബാധ്യതയല്ല. അത് ജീവിക്കാന്‍ ആവശ്യമായ ഒരു അടിസ്ഥാന കഴിവ് മാത്രമാണെന്ന് ബഹുഭൂരിപക്ഷ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല. പുരുഷനും കൂടി അടുക്കളയിലേക്കും വീട്ടുജോലികളിലേക്കും പങ്കാളിയായി ഇറങ്ങുമ്പോള്‍ മാത്രമാണ് അവിടെ യഥാര്‍ത്ഥ തുല്യതയുണ്ടാകുന്നതെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. 

gender equality
Gender equality sign | Shutterstock/DKI Designs

സ്വാതന്ത്ര്യത്തെ കണ്‍ട്രോള്‍ ചെയ്യലല്ല പ്രണയം

‘എന്റെ പങ്കാളിയാണ്, ഞാന്‍ പറയുന്നത് കേള്‍ക്കണം’ എന്ന ന്യായമൊക്കെ എടുത്ത് കളയേണ്ട സമയം കഴിഞ്ഞു. ഒരാളുടെ തീരുമാനങ്ങളെ, യാത്രകളെ, സൗഹൃദങ്ങളെ, ഭക്ഷണത്തെ, വസ്ത്രത്തെ, അഭിപ്രായങ്ങളെ നിയന്ത്രിക്കുന്നത് ടോക്‌സിക്കാണെന്ന് ഇനിയും മനസ്സിലാക്കിയില്ലെങ്കില്‍ മണ്ടത്തരമായി പോകും. പങ്കാളിയുടെ വ്യക്തിപരമായ സ്‌പേസിനെയും ചോയ്‌സുകളെയും ബഹുമാനിക്കുന്നതാണ് ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ ലക്ഷണം.

വൈകാരികമായ പങ്കാളിത്തം 

ആണ്‍കുട്ടികള്‍ കരയാനോ സങ്കടം പ്രകടിപ്പിക്കാനോ പാടില്ല എന്ന തെറ്റായ ചിന്താഗതി ചെറുപ്പത്തിലേ മാറ്റണം. അത്തരം സ്റ്റീരിയോടൈപ്പ് വിശ്വാസങ്ങൾ വലുതാകുമ്പോൾ പുരുഷന്മാരിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാം. പെണ്‍കുട്ടികളുടെ വൈകാരിക ആവശ്യങ്ങളെയും മാനസിക സമ്മര്‍ദ്ദങ്ങളെയും മനസ്സിലാക്കാനും, സ്വന്തം വികാരങ്ങള്‍ തുറന്നുപറയാനും അവരെ പഠിപ്പിക്കണം. വൈകാരികമായ പങ്കാളിത്തം ഉണ്ടാവേണ്ടത് റിലേഷൻഷിപ്പിൽ ആവശ്യമാണ്. 

തീരുമാനങ്ങളിലെ പങ്കാളിത്തം 

സാമ്പത്തിക കാര്യങ്ങള്‍, വീടുവയ്ക്കല്‍, അല്ലെങ്കില്‍ കുടുംബത്തിലെ മറ്റ് പ്രധാന തീരുമാനങ്ങള്‍ എന്നിവ പുരുഷന്‍ മാത്രം എടുക്കുന്ന രീതി മാറണം. രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുന്ന ‘ഈക്വല്‍ പാര്‍ട്ണര്‍ഷിപ്പ്’ വളര്‍ത്തിയെടുക്കണം. 

കരിയര്‍ ബ്രേക്കുകളിലെ പിന്തുണ 

പ്രസവം, കുട്ടികളുടെ വളര്‍ച്ച എന്നിവ കാരണം സ്ത്രീകളുടെ കരിയറില്‍ ഇടവേളകള്‍ വരാറുണ്ട്. ആ സമയങ്ങളില്‍ അവരെ വീണ്ടും ജോലിയിലേക്ക് തിരികെ വരാന്‍ പ്രോത്സാഹിപ്പിക്കുന്ന പങ്കാളിയാകാന്‍ പുരുഷന്മാര്‍ക്ക് കഴിയണം. 

വേണ്ടത് എംപവേര്‍ഡ് റിലേഷന്‍ഷിപ്പ്

പെണ്‍കുട്ടികളെ മാത്രം ശക്തരാക്കിയതുകൊണ്ട് സമൂഹം മാറാന്‍ പോകുന്നില്ല. മാറിയ സ്ത്രീകളെ കേള്‍ക്കാനും, ബഹുമാനിക്കാനും, ഉത്തരവാദിത്തങ്ങള്‍ തുല്യമായി പങ്കുവയ്ക്കാനും ആണ്‍കുട്ടികളെക്കൂടി നമ്മള്‍ ചെറുപ്പത്തിലേ പഠിപ്പിക്കേണ്ടതുണ്ട്. നമുക്ക് വേണ്ടത് ഒരു ‘എംപവേര്‍ഡ് വുമണ്‍’ മാത്രമല്ല, പരസ്പര ബഹുമാനവും പിന്തുണയുമുള്ള ഒരു ‘എംപവേര്‍ഡ് റിലേഷന്‍ഷിപ്പ്’ ആണ്.

gender equality
Representative Image | AI Image Generator/Gemini

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Love, Lust & Beyond · Swap Mode

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading