അങ്ങനെ ഒരു ഓണക്കാലം കൂടി കടന്നുപോയി. ഇൻസ്റ്റഗ്രാം റീൽസിലും ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിലും ഇപ്പോഴും ഓണം കോൺടെന്റ് നിറഞ്ഞുനിൽക്കുകയാണ്. പക്ഷേ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ആഘോഷങ്ങളുടെ പിന്നാമ്പുറങ്ങളിൽ ആരും അധികം സംസാരിക്കാതെ പോകുന്ന ഒന്നാണ് നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും അടുക്കള അധ്വാനം. മലയാളിയുടെ സാംസ്കാരിക ഓർമ്മയിലുള്ള മാവേലി നാടുവാണ കാലത്തെ സമത്വ–തുല്യതാ സങ്കൽപ്പങ്ങൾ പാടിപ്പുകഴ്ത്തുമ്പോഴും, ഇന്നും മലയാളിയുടെ ഓണം എന്നാൽ സ്ത്രീകളുടെ വിയർപ്പൊഴുക്കലും അടുക്കളയിലെ കഷ്ടപ്പാടുമാണോ?
കാലം എത്ര മാറിയെന്ന് നമ്മൾ അവകാശപ്പെട്ടാലും, ആഘോഷങ്ങളുടെ പേരിൽ ഇന്നും അടുക്കളയിൽ മാത്രം ഒതുങ്ങിപ്പോകുന്ന സ്ത്രീജീവിതങ്ങൾ ഒട്ടനവധിയാണ്. ഈ കാലത്ത് ഒരു പരിധിവരെ അതിനു മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, പുറംലോകമറിയാതെ പോകുന്ന അടുക്കളകളിൽ ഓണവും വിഷുവും പെരുന്നാളും ഒക്കെ ആഘോഷിക്കപ്പെടുന്നു…
ഇത്തരം സ്ത്രീജീവിതങ്ങളുടെ നേരെ ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ഒരു പുനർചിന്തയാണ് ഈ ഓണക്കാലം ആവശ്യപ്പെടുന്നത്.
അടുക്കളയാണ് തൊഴിലരങ്ങ്
മുറ്റം നിറയെ അത്തപൂക്കളം ഇടുന്ന കുട്ടികൾ, വീടിനു പൂമുഖത്തു വർത്തമാനം പറഞ്ഞിരിക്കുന്ന ആണുങ്ങൾ, വരുന്നവർക്കെല്ലാം ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ സ്ത്രീകൾ. പണ്ട് ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയിലെ ഓണാഘോഷത്തിന്റെ നേർചിത്രമായിരുന്നു ഇത്. ഓണസദ്യയുടെയും വീട്ടൊരുക്കങ്ങളുടെയും പ്രധാന ഉത്തരവാദിത്തം അമ്മമാരുടെയും പെൺമക്കളുടെയും ആയിരുന്ന ഒരു കാലം.
തിരുവോണനാളിൽ പുലർച്ചെ മുതൽ കരിഞ്ഞ വിറകിനും പുകയ്ക്കും ഇടയിൽ അടുക്കളയിൽ പത്തും പതിനഞ്ചും കൂട്ടം കറികളും തിരുവോണനാളിൽ പുലർച്ചെ മുതൽ കരിഞ്ഞ വിറകിനും പുകയ്ക്കും ഇടയിൽ അടുക്കളയിൽ പത്തും പതിനഞ്ചും കൂട്ടം കറികളും പായസങ്ങളും ഉണ്ടാക്കാൻ വിയർപ്പൊഴുക്കുന്നത് ഏറെയും സ്ത്രീകളായിരുന്നു. അതിനും മുന്പേ തുടങ്ങും ഓണത്തിനുള്ള കായ വറുക്കലും അച്ചാറ് കൂട്ടലും മറ്റ് പലഹാരങ്ങളുണ്ടാക്കുന്നതും. ഓണാഘോഷങ്ങൾ ഭംഗിയാക്കാൻ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന ശാരീരികവും മാനസികവുമായ തൊഴിൽഭാരം അസമമായി സ്ത്രീകൾ ചുമക്കുന്ന വീടുകൾ!
മാറ്റങ്ങളുണ്ടായോ?
എന്നാൽ, കാലം കുറച്ചൊക്കെ മാറിമറിയുന്നുണ്ട്. ഇന്ന് മലയാളി സ്ത്രീകൾ ഓണാഘോഷത്തെ തങ്ങളുടേതായ രീതിയിൽ തിരിച്ചുപിടിക്കുകയാണ്. പാരമ്പര്യത്തിന്റെ പേരിൽ മുഴുവൻ ദിവസവും അടുക്കളയിൽ പണിയെടുത്ത് തീർക്കേണ്ടതില്ലെന്ന് ഇന്നത്തെ സ്ത്രീകൾ തീരുമാനിക്കുന്നു. പതിനഞ്ച് കറികൾക്ക് പകരം അഞ്ചെണ്ണമാക്കിയോ, സദ്യ പുറത്തുനിന്ന് ഓർഡർ ചെയ്തോ ആഘോഷങ്ങൾക്ക് രുചി പകരാൻ അവർ തയ്യാറാകുന്നു.
മാറ്റത്തിന്റെ മറ്റൊരു ലക്ഷണം അടുക്കളയിലേക്ക് പുരുഷന്മാരും കടന്നുവരുന്നുണ്ട് എന്നതാണ്. പണ്ടുകാലത്ത് അടുക്കളയിലേക്ക് പ്രവേശനം സ്വാഭാവികമല്ലായിരുന്ന, തീൻമേശയിലേക്ക് ഓർഡർ ചെയ്ത് മാത്രം ശീലിച്ച പുരുഷന്മാർക്കിന്ന് അരി കഴുകാനും, കഷ്ണങ്ങൾ നുറുക്കാനും, ഊണുകാലായാൽ വിളമ്പാൻ കൂടിയും ഉത്തരവാദിത്തങ്ങൾ പങ്കിടാൻ തുടങ്ങിയിട്ടുണ്ട്.
അടുക്കളയുടെ വരാന്തകളിൽ നിന്ന് സ്ത്രീകൾ പൊതുഇടങ്ങളിലേക്ക് തങ്ങളുടെ ആഘോഷങ്ങളെ മാറ്റിയിട്ടുണ്ട്. തിരുവാതിരക്കളിയിലും ഊഞ്ഞാലാട്ടത്തിലും ഒതുങ്ങിനിൽക്കാതെ, കോളേജുകളിലും ജോലിസ്ഥലങ്ങളിലും കുടുംബശ്രീ കൂട്ടായ്മകളിലും സ്ത്രീകൾ ഓണത്തിന്റെ സംഘാടകരാകുന്നു. സ്റ്റേജുകളിൽ പാട്ടും നൃത്തവുമായി സ്വന്തം സന്തോഷങ്ങൾ വീണ്ടെടുക്കുകയാണവർ. കസവുസാരിയെ സ്വന്തം ഫാഷൻ സ്റ്റേറ്റ്മെന്റാക്കി മാറ്റാനും സോഷ്യൽ മീഡിയയിൽ ഓണം ട്രെൻഡുകൾ സൃഷ്ടിക്കാനും ഇന്നത്തെ സ്ത്രീകൾക്ക് കഴിയുന്നുണ്ട്.
ഇൻസ്റ്റഗ്രാമിലെ തിളക്കമുള്ള ചിത്രങ്ങൾക്കപ്പുറം, ജോലി കഴിഞ്ഞ് പാഞ്ഞെത്തി പാചകം തീർക്കുന്നവരും ഒറ്റയ്ക്ക് ഓണം ആഘോഷിക്കുന്നവരുമായ സ്ത്രീകളുമുണ്ട്. എങ്കിലും, മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന ഒന്നാണ്. സ്ത്രീകൾ തങ്ങളുടെ ആഘോഷങ്ങൾ എങ്ങനെയെന്ന് സ്വയം തീരുമാനിച്ചു തുടങ്ങിയിരിക്കുന്നു.
യഥാർത്ഥത്തിൽ ഓണം എന്നത് ഒരു വിഭാഗം ആളുകളുടെ മാത്രം അധ്വാനത്തിന്മേൽ കെട്ടിപ്പൊക്കേണ്ട ഒന്നല്ല. അടുക്കളയിൽ നിന്ന് അമ്മമാരുടെ മുഖത്തെ ക്ഷീണമകന്ന്, എല്ലാവരുടെയും കൂട്ടായ സന്തോഷമായി ഓണം മാറണം. ആ മാറ്റത്തിലേക്കുള്ള ചുവടുവെപ്പുകളാണ് ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




