248
Views

ഓര്‍മകളുടെയും പാരമ്പര്യത്തിന്റെയും ഉത്സവമായ ഓണം മലയാളിക്ക് എന്നും ഒരു വികാരമാണ്. എന്നാല്‍, നിങ്ങള്‍ എപ്പോഴെങ്കിലും ഓണത്തിന്റെ സീനൊക്കെ മാറിയതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പാരമ്പര്യത്തിന്റെ തനിമ ഒട്ടും കളയാതെ തന്നെ, പുതുതലമുറ ഓണത്തെ അങ്ങ് ‘വേറെ ലെവല്‍’ ആക്കി കഴിഞ്ഞു. റീല്‍സും ഫ്യൂഷന്‍ ഫാഷനും കൊണ്ട് അവര്‍ മിനുക്കിയെടുത്ത ആ പുതിയ ഓണക്കാഴ്ചകളിലൂടെ ഒന്നു കണ്ണോടിച്ചാലോ?

പാരമ്പര്യവും ‘സ്വാഗും’ ചേരുന്ന ഫ്യൂഷന്‍ വിപ്ലവം

നിങ്ങളൊന്ന് ചുറ്റും നോക്കിയേ… ഓണത്തിന്റെ ഡ്രസ്സ് കോഡെല്ലാം മാറി! എന്താണ് പുതുതലമുറയുടെ ഫാഷന്‍ ട്രെൻഡുകൾ എന്നറിയണ്ടേ?

കസവുമുണ്ടും സെറ്റ് സാരിയും ഇല്ലാതെ മലയാളികള്‍ക്ക് എന്ത് ഓണം… അല്ലേ? എന്നാല്‍, ഇന്ന് അത് ഉടുക്കുന്ന രീതിയിലും അണിയുന്ന ആക്‌സസറീസിലും ജെന്‍സി വരുത്തിയ മാറ്റങ്ങള്‍ ഓണത്തെ വേറെ ലെവലിലേക്ക് എത്തിച്ചിരിക്കുന്നു. 

കസവ് സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസിന് പകരം ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പ്, ബോഡിസ്യൂട്ടുകള്‍ അല്ലെങ്കില്‍ കോര്‍സെറ്റ് സ്റ്റൈൽ ടോപ്പ്. കാലില്‍ ഹൈ ഹീല്‍സിന് പകരം വൈറ്റ് അല്ലെങ്കിൽ ഫ്ലോറൽ സ്‌നീക്കേഴ്സും കാന്‍വാസ് ഷൂസുകളും ഗേള്‍സ് സ്‌റ്റൈല്‍.

എങ്ങനെയുണ്ട് കൊള്ളാമോ?

കസവ് സാരിയുടെ പല്ലു കൃത്യമായി ഒതുക്കിനിര്‍ത്താനും വെസ്റ്റേണ്‍ ലുക്ക് നല്‍കാനുമായി അരയില്‍ ലെതര്‍ ബെല്‍റ്റുകളോ മെറ്റാലിക് വേസ്റ്റ് ബെല്‍റ്റുകളോ ഉപയോഗിക്കുന്നതും ട്രെന്‍ഡാണ്.

ഇതിലും വെറൈറ്റിയായി ചിന്തിക്കുന്നവരും ഉണ്ട്. ബ്ലൗസിനോടൊപ്പം ബാഗി പാന്റുകളും കസവു മുണ്ടുമൊക്കെ സ്റ്റൈലായി പെയർ ചെയ്ത് കോളേജിൽ ചെത്തി നടക്കുന്നതും ഒരു ട്രെൻഡ് ആയിട്ടുണ്ട്. ബോഡികോൺ സ്‌കെർട്ടുകളും ബ്ലൗസും ഈ ഓണക്കാലത്തു ജെൻസിക്കിടയിൽ താരംഗമായിട്ടുണ്ടെന്നു വേണം പറയാൻ.

അതുപോലെത്തന്നെ ഇൻ‍‍ഡോ-വെസ്റ്റേണ്‍ കുര്‍ത്തകളും കഫ്താനും എത്‌നിക് കോ–ഓര്‍ഡ് സെറ്റുകളും ഓണത്തിന്റെ ഭാഗമായി കാണാം. കുര്‍ത്തയ്‌ക്കൊപ്പം പൈജാമയ്ക്ക് പകരം ഡെനിം ജീന്‍സുകള്‍ സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്നു.

കസവ് കരകളുള്ള എത്‌നിക് ക്രോപ്പ് ടോപ്പും സ്‌കേര്‍ട്ടും ചേര്‍ന്ന കോര്‍ഡ് സെറ്റ് പെണ്‍കുട്ടികള്‍ക്കിടയില്‍ പട്ടുപാവാടയ്ക്ക് പകരം പുതിയ തരംഗമായി മാറിയിട്ടുണ്ട്.

മുണ്ടും ഓവര്‍സൈസ്ഡ് ഷര്‍ട്ടും 

അപ്പോള്‍ ബോയ്‌സിന് വേറെ സ്‌റ്റൈലൊന്നുമില്ലേ എന്നായിരിക്കും ചിന്തിക്കുന്നത്. ഉണ്ടല്ലോ… മടക്കിക്കുത്തിയ കസവുമുണ്ടിനൊപ്പം ഫ്ലോറല്‍ അല്ലെങ്കില്‍ പ്രിന്റഡ് ഓവര്‍സൈസ്ഡ് ഷര്‍ട്ടുകളാണ് ബോയ്‌സിനിടയില്‍ താരം പിന്നെ കളർ മുണ്ടുകളും പ്രിന്റഡ് മുണ്ടുകളുമുണ്ട്.

മുണ്ട് പാരമ്പര്യ രീതിയില്‍ ഉടുക്കുമെങ്കിലും, അതിനൊപ്പം ഹൈ-ആംഗിൾ സ്‌നീക്കേഴ്‌സും കട്ടിംഗ് ഷൂസുകളും പെയര്‍ ചെയ്യും.

ഇത് കണ്ട് അയ്യോ ഓണമൊക്കെ കോലംകെട്ട് പോയല്ലോ എന്ന് പറഞ്ഞ് തലയില്‍ കൈവയ്ക്കണ്ട! പാരമ്പര്യത്തെയോര്‍ത്ത് കണ്‍ഫ്യൂഷനാവാതെ സ്വന്തം പേഴ്‌സണല്‍ സ്‌റ്റൈല്‍ ലോകത്തിന് കാട്ടിക്കൊടുക്കുക എന്നതാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യം.

ഹെയര്‍സ്‌റ്റൈലിലും മേക്കപ്പിലും വന്ന ഏസ്തെറ്റിക് ട്വിസ്റ്റ്

തലമുടിയില്‍ മുല്ലപ്പൂ വയ്ക്കുന്നതിന് പകരം, ‘മെസ്സി ബണ്‍’ ഇടുകയോ, പകുതി മുടി കെട്ടി വയ്ക്കുകയോ ചെയ്ത്, കുറച്ച് മുല്ലപ്പൂ ഏസ്തെറ്റിക് രീതിയില്‍ അറ്റാച്ച് ചെയ്യുന്നു.

ഓവര്‍ മേക്കപ്പിന് പകരം ഗ്ലോയി ആയ, നാച്ചുറല്‍ ‘നൂഡ് മേക്കപ്പ്’ ലുക്കാണ് പെണ്‍കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

ഇന്‍സ്റ്റാഗ്രാം ഫോട്ടോഷൂട്ടുകള്‍ക്കും സിനിമാറ്റിക് വാക്ക് റീല്‍സുകള്‍ക്കും സണ്‍ഗ്ലാസ് നിര്‍ബന്ധമാണ്. വലിയ സ്വര്‍ണ്ണമാലകള്‍ക്ക് പകരം മിനിമലിസ്റ്റിക് മെറ്റാലിക് മാലകള്‍, ആന്റിക് ഓര്‍ണമെന്റ്‌സ്, കയ്യില്‍ സ്മാര്‍ട്ട് വാച്ചുകളോ തടിയുടെ വളകളോ ബ്രേസ്ലെറ്റുകളോ ആണ് പുതിയ ട്രെന്‍ഡ്.

പൂക്കളത്തില്‍ അനിമേഷനും മിനിമലിസവും!

കേവലം വട്ടത്തില്‍ കണ്ടുവരുന്ന പരമ്പരാഗത പൂക്കളങ്ങളുടെ കാലമൊക്കെ ഏറെക്കുറെ കഴിഞ്ഞു. മിനിമലിസ്റ്റിക് ഡിസൈനുകളാണ് ഇപ്പോള്‍ പൂക്കളത്തിലെ മെയിന്‍. പൂക്കളമിട്ടു കഴിഞ്ഞാല്‍ പിന്നെ അടുത്ത ഘട്ടമായി. ഫോട്ടോ ഷൂട്ടും റീല്‍സും.

‘ഏസ്‌തെറ്റിക്’ സദ്യയും പോസ്റ്റ്-സദ്യ റീല്‍സും

ഇലയിട്ട് ഇരുപത്തി ആറ് കൂട്ടം വിഭവങ്ങള്‍ വിളമ്പുന്ന സദ്യ ഇന്നും മലയാളികള്‍ക്കിടയില്‍ ജനപ്രിയമാണ്. എന്നാല്‍, കഴിക്കാന്‍ തുടങ്ങുന്നതിന് അവര്‍ക്കും ചെറിയ ആചാരങ്ങളൊക്കെയുണ്ട്. നല്ല വെളിച്ചത്തില്‍ സദ്യയുടെ ഒരു ഏസ്‌തെറ്റിക് ലേഔട്ട് ഷോട്ട്… അത് നിര്‍ബന്ധമാണ്. അത് ഇന്‍സ്റ്റാഗ്രാമിലോ സ്നാപ്പിലോ പോസ്റ്റ് ചെയ്ത് കഴിഞ്ഞാലേ കഴിക്കാനൊരു ഗുമ്മൊള്ളൂ…

ചെണ്ടമേളവും റാപ്പ് ബീറ്റുകളും!

ഇന്ന് കോളേജ് ക്യാമ്പസുകളിലെ ഓണാഘോഷങ്ങള്‍ വെറുമൊരു ആഘോഷമായി കാണാനാവില്ല. വൈറല്‍ കോണ്ടന്റുകള്‍ പിറക്കുന്ന ഒരു സ്‌റ്റേജ് തന്നെയാണത്. ചെണ്ടമേളത്തിന്റെ താളത്തിനൊപ്പം ഹിപ്പ്-ഹോപ്പ് ട്രോപ്പ് ബീറ്റുകള്‍ ചേര്‍ത്തുള്ള ഹൈ-എനര്‍ജി ഫ്ലാഷ് മോബുകളൊക്കെ അവിടെ കാണാം.

ട്രെന്‍ഡിംഗ് ‘മാസ്സ്’ വടംവലി 

ജെന്‍സി രംഗത്തിറങ്ങിയതോടെ ഓണാഘോഷങ്ങളിലെ കളികളും മത്സരങ്ങളും കേവലം കായികബലത്തിന്റെയോ പാരമ്പര്യത്തിന്റെയോ മാത്രം വേദിയല്ല; മറിച്ച് ക്രിയേറ്റിവിറ്റിയുടെയും ഫണ്ണിന്റയും ട്രെന്‍ഡുകളുടെയും ഒരു കലവറ തന്നെയാണ്.

പഴയപോലെ വെറുതെ വടം വലിച്ച് സമ്മാനവും വാങ്ങി പോവാന്‍ വരട്ടെ! ഇന്ന് കഥ മാറി! വടംവലിക്ക് ഇറങ്ങുന്ന ടീമുകള്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെയും കളര്‍ സ്‌മോക്കിന്റെയും അകമ്പടിയോടെ സിനിമാറ്റിക് സ്ലോ-മോഷനിലാണ് മത്സരത്തിന് കളത്തിലിറങ്ങുന്നത്. കളിക്കുന്നതിനോടൊപ്പം തന്നെ ആവേശകരമായ നിമിഷങ്ങള്‍ സ്ലോ-മോയില്‍ പകര്‍ത്തി വൈറല്‍ റീല്‍സ് ആക്കുന്നതിലും ജെന്‍സികള്‍ക്ക് പ്രത്യേക ശ്രദ്ധയാണ്.

ഉറിയടിയില്‍ നിന്ന് ‘സ്‌റ്റൈലിഷ്’ കണ്ണുകെട്ടല്‍ മത്സരങ്ങള്‍

ഉറിയടി ഇന്നും ഓണാഘോഷത്തിന്റെ ഭാഗമായി കണ്ടുവരുന്നുണ്ടെങ്കിലും അപകടങ്ങള്‍ ഒഴിവാക്കാനും കൂടുതല്‍ തമാശ സൃഷ്ടിക്കാനും ഇവര്‍ പുതിയ ട്രെന്‍ഡുകള്‍ കൊണ്ട് വന്നു. കണ്ണുകെട്ടി ഉറി അടിക്കുന്നതിന് പകരം വാട്ടര്‍ ബലൂണുകളോ കളര്‍ പൊടികള്‍ നിറച്ച ബലൂണുകളോ വടി കൊണ്ട് പൊട്ടിക്കുന്ന തരം കളികളെല്ലാം ഇപ്പോള്‍ കാണാവുന്നതാണ്.

സുന്ദരിക്ക് പൊട്ടുതൊടൽ 

പഴയ ലൈന്‍ ഡ്രോയിംഗ് ബോര്‍ഡിന് പകരം കൂടുതല്‍ തമാശ നിറഞ്ഞ ട്രെന്‍ഡിയായ മാറ്റങ്ങള്‍ വന്നു. വലിയ സ്‌ക്രീനുകളിലോ ഡിജിറ്റലായി വരച്ച ചിത്രങ്ങളില്‍ കണ്ണുകെട്ടി പൊട്ടുവയ്ക്കുന്ന ഗെയിമുകളും കണ്ടുവരുന്നുണ്ട്. സുഹൃത്തുക്കളുടെ മുഖത്ത് കണ്ണുകെട്ടി മേക്കപ്പ് ഇട്ടു കൊടുക്കുന്ന ‘Blindfold Makeup Challenge’ പോലുള്ള രസകരമായ മത്സര ഇനങ്ങളും ഇടം പിടിച്ചെന്നുതന്നെ പറയാം.

നാടന്‍ പാട്ടില്‍ നിന്ന് ‘ഫ്‌ലാഷ് മോബും’ ബാറ്റിലും

വഞ്ചിപ്പാട്ടും തിരുവാതിരയും പുലിക്കളിയുമെക്കെ ഉണ്ടായിരുന്ന വേദികളില്‍ ഇന്ന് ഫ്യൂഷന്‍ തരംഗമാണ്. കസവുമുണ്ടും സാരിയുമുടുത്ത് ഒട്ടും കംഫര്‍ട്ട് നഷ്ടപ്പെടാതെ തന്നെ ട്രെന്‍ഡിംഗ് പാട്ടുകള്‍ക്ക് ഗ്രൂപ്പായി ചുവടുവയ്ക്കുന്ന മത്സരങ്ങള്‍ ഇപ്പോൾ ശ്രദ്ധയമാണ്.

ഡിജിറ്റല്‍ & ക്രിയേറ്റീവ് മത്സരങ്ങള്‍

ഇന്ന് ഓണഘോഷം കുറച്ചുകൂടെ ഡിജിറ്റലൈസ്ഡ് ആണ്. കായിക മത്സരങ്ങള്‍ക്ക് പുറമെ നിരവധി ഡിജിറ്റല്‍ മത്സരങ്ങളും ഇപ്പോള്‍ ഓണാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞു. ക്യാമ്പസുകളിലും ഓഫീസുകളിലും ഓണം റീല്‍സ് ഉണ്ടാക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന ഒരു ഇനം തന്നെ ഉണ്ടായി. ഓണാഘോഷത്തിനിടയില്‍ നടക്കുന്ന തമാശകളെ വെച്ച് ഇന്‍സ്റ്റാഗ്രാമില്‍ മീമുകളും ട്രോളുകളും ഉണ്ടാക്കുന്ന മത്സരങ്ങള്‍. ആരാണ് ഏറ്റവും വേഗത്തില്‍ സദ്യ കഴിച്ചു തീര്‍ക്കുന്നത് എന്ന രസകരമായ ചലഞ്ചുകള്‍.

ചുരുക്കം പറഞ്ഞാല്‍ പഴയ മത്സരങ്ങളുടെ ആവേശം ഒട്ടും കുറയാതെ തന്നെ, കൂടുതല്‍ തമാശയും ഡിജിറ്റല്‍ കോണ്ടന്റുകളും കൂട്ടിയിണക്കിയാണ് ജെന്‍സി ഓണം ആഘോഷിക്കുന്നത്. പഴയ ആ പാരമ്പര്യത്തിന്റെ ഭംഗിയും കൂടെ ജെന്‍സിയുടെ ഈ പുതിയ വൈബും റീല്‍സും ഫ്യൂഷന്‍ ഫാഷനും ഒക്കെ ചേര്‍ന്നപ്പോള്‍ ഓണം ശരിക്കും കളറായി.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Prime Time

All Comments