ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചില ഈണങ്ങളാണ്. റേഡിയോയിലും ടേപ്പ് റെക്കോർഡറുകളിലും കേട്ട് വളർന്ന ആ പഴയ ഗാനങ്ങൾ ഇന്ന് സ്മാർട്ട്‌ഫോണുകളിലേക്ക് മാറിയെങ്കിലും ഓണാഘോഷത്തിലെ പാട്ടുകളുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. കാലഘട്ടത്തിനനുസരിച്ച് പാട്ടുകളുടെ ശൈലിയും ആസ്വാദനശീലവും മാറിയെങ്കിലും, പഴയ ക്ലാസിക് ഗാനങ്ങൾക്കും പുതിയ കാലത്തെ ട്രെൻഡി പാട്ടുകൾക്കും ആസ്വാദകരുടെ മനസ്സിൽ അതിന്റേതായ പ്രത്യേക സ്ഥാനമുണ്ട്.
ഹൃദയം തൊടുന്ന പഴയ ക്ലാസിക്കുകൾ
പഴയകാല ഓണപ്പാട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത അവ നൽകുന്ന ഗൃഹാതുരത്വമാണ്. പ്രകൃതിയെയും ഗ്രാമീണ ഭംഗിയെയും ഒപ്പം മനുഷ്യസ്നേഹത്തെയും തൊട്ടറിഞ്ഞായിരുന്നു ആ പാട്ടുകളുടെ വരികളും ഈണങ്ങളും പിറന്നത്. അത്തരത്തിൽ ക്ലാസിക് ആയ ഓണപ്പാട്ടാണ് ‘പൂ വിളി പൂവിളി പൊന്നോണമായി…’ (വിഷുക്കണി – 1977) എന്ന ഗാനം. സലിൽ ചൗധരിയുടെ സംഗീതത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് യേശുദാസ് ശബ്ദം നൽകിയപ്പോൾ അത് എക്കാലത്തെയും വലിയ ഒരു ഹിറ്റായി മാറി.
എം.കെ അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തി വാണി ജയറാം ആലപിച്ച ‘തിരുവോണ പുലരിതൻ…’ (തിരുവോണം – 1975) എന്ന ഗാനവും പ്രകൃതിയെയും ഓണത്തെയും ഒരുപോലെ പ്രണയിക്കുന്നതാണ്. അതുപോലെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി കെ.ജെ യേശുദാസും സുജാത മോഹനും ചേർന്ന് ആലപിച്ച ഓണപ്പാട്ട് ആൽബത്തിലെ ഗാനമാണ് ‘പറ നിറയെ പൊന്നളക്കും‘ (തിരുവോണ കൈനീട്ടം – 1998). വിപണിയിലെയും ടിവി പരിപാടികളിലെയും സ്ഥിരം സാന്നിധ്യമാണ് ഈ ഗാനം. ഇപ്പോഴും ഇത് സോഷ്യൽ മീഡിയയിൽ പുതുമയോടെ നിൽക്കുന്നു.
രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ ഹംസധ്വനി രാഗത്തിൽ ഒരുക്കിയ ഗാനമാണ് ‘ഉത്രാടപ്പൂനിലാവേ വാ‘ (ഉത്സവഗാനങ്ങൾ – ആൽബം, 1983) ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് യേശുദാസ് ശബ്ദം നൽകി. ആഘോഷങ്ങളിൽ പങ്കുചേരാൻ കഴിയാത്തവർക്കുള്ള ഒരു ആശ്വാസമായാണ് ഈ ഗാനത്തെ പലരും കാണുന്നത്.
പിന്നെ, ദി മോസ്റ്റ് റിപീറ്റ് വാല്യൂ ഉള്ള ഗാനം ‘മാവേലി നാടു വാണീടും കാലം…’ – ഓണത്തിന്റെ അവിഭാജ്യമായ ‘ഓണപ്പാട്ട്’. നീതിയും ന്യായവും നിറഞ്ഞ മഹാബലിയുടെ ഭരണകാലത്തെ വർണ്ണിക്കുന്ന ഈ ഗാനം ഓണപാട്ടുകളുടെ ഉറവിടമെന്ന് തന്നെ പറയാം.
അതേസമയം, ഓണപ്പാട്ടുകൾക്ക് ഒരു പുതിയ കാലത്തിന്റെ താളം നൽകിയ ഗാനമാണ് ‘ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ…’ (ക്വട്ടേഷൻ – 2004). ബ്രജേഷ് രാമചന്ദ്രന്റെ വരികൾക്ക് സബീഷ് ജോർജ് ഈണം നൽകി സബീഷ് ജോർജ്ജും കൂടെ കല്യാണിയും ഹാർമണി ഗ്രൂപ്പും ചേർന്ന് ആലപിച്ച ഈ ഗാനം പെട്ടെന്ന് തന്നെ തരംഗമായി.
പുതിയ കാലത്തിന്റെ ‘വൈബ്’ പാട്ടുകൾ
സോഷ്യൽ മീഡിയയും റീൽസുകളും സജീവമായ ഇക്കാലത്ത് പുതിയ ഓണപ്പാട്ടുകൾ നൽകുന്ന വൈബ് ചെറുതല്ല. അവ പെട്ടെന്ന് തന്നെ ട്രെൻഡ് ആകുന്നുമുണ്ട്. പിന്നെ ആ ഓണ സീസൺ തീരുന്നതുവരെ സോഷ്യൽ മീഡിയ ഭരിക്കാൻ പോകുന്നത് ആ പാട്ടുകളാണ്. അവയും നമ്മെ സന്തോഷിപ്പിക്കുന്നു, ഡാൻസ് കളിപ്പിക്കുന്നു, റീലുകൾ എടുപ്പിക്കുന്നു… മൊത്തത്തിൽ ഒരു ആഘോഷത്തിന്റെ വൈബ് തരാൻ പുതിയ പാട്ടുകൾക്ക് സാധിക്കുന്നു.
അതിനേറ്റവും നല്ല ഉദാഹരണമാണ് സാഹസം എന്ന സിനിമയിലെ ‘ഓണം മൂഡ്‘ എന്ന പാട്ട്. “ഏത് മൂഡ്, ഓണം മൂഡ്…” എന്ന് വരിയിലൂടെയാണ് പുതു തലമുറ ഓണത്തെ വരവേൽക്കുന്നത്. ‘ഓണവെയിൽ ഓളങ്ങളിൽ‘, ‘തിരുവാവണി രാവ്‘ തുടങ്ങിയ പാട്ടുകളും മലയാളികൾ നെഞ്ചിലേറ്റി. പുത്തൻ പാട്ടുകളിൽ ഏറ്റവും കൂടുതൽ ഫാൻസും റിപ്പീറ്റ് വാല്യു ഉള്ളതും ‘തിരുവാവണി രാവ്‘ ആണ്.
സിനിമാ ഗാനങ്ങൾക്കു പുറമേ എല്ലാ ഓണത്തിനും റിലീസാകുന്ന നിരവധി ആൽബം പാട്ടുകളുമുണ്ട്. അന്നും ഇന്നും.
ഓണപ്പാട്ടുകളിലെ ഈ മാറ്റം മലയാളിയുടെ ആഘോഷരീതികളിൽ വന്ന സ്വാഭാവികമായ ട്രാൻസിഷൻ തന്നെയാണ്. ശാന്തമായി കേട്ടിരിക്കാൻ പഴയ ക്ലാസിക്കുകൾ സഹായിക്കുമ്പോൾ, ആഘോഷങ്ങൾക്ക് എനർജി നിറയ്ക്കാനും കൂട്ടത്തോടെ ആടിപ്പാടാനും പുതിയ ട്രെൻഡി പാട്ടുകൾ വഴിയൊരുക്കുന്നു.
കൂടാതെ, പഴയ പാട്ടുകളെ ഇന്നത്തെ വൈബിന് വേണ്ടുന്ന രീതിയിൽ മോഡി വരുത്തി പുതുക്കി ഉപയോഗിക്കുന്നുമുണ്ട്. പാട്ടുകളുടെ ഡിജെ, റീമിക്സ് വേർഷനുകൾ വൻ തരംഗമാണ്. ഓണപ്പാട്ടിനും സിനിമാ ഗാനങ്ങൾക്കും പുറമേ പണ്ടുകാലത്തെ നാടൻ പാട്ടുകളും ഇന്നത്തെ ഓണം പ്ലേലിസ്റ്റുകളിൽ ഉഷാറോടെ പ്ലേ ആകുന്നുണ്ട്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: കസവും സ്വാഗും! ഇത് വൈബ് ഓണം | How Gen Z Is Redefining Kerala's Festival with Reels and Swag | Gen Z Onam | Onam fusion fashion | modern Onam celebration | Kasavu saree styling | Onam reels ideas | Kerala fe