മറ്റ് ആഘോഷങ്ങളെ അപേക്ഷിച്ച് മലയാളികൾ ഏറ്റവും കൂടുതൽ കാലം ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ചില പ്രധാന കാഴ്ചകളെയും ആചാരങ്ങളെയും ഒറ്റ നോട്ടത്തിൽ ഒന്ന് പരിചയപ്പെടാം.
പൂക്കളം
ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെ പത്തു ദിവസവും മുറ്റങ്ങളിൽ പൂക്കളങ്ങൾ ഒരുക്കാറുണ്ട്. പണ്ട് ചാണകം മെഴുകിയ മുറ്റത്താണ് പൂക്കളം ഒരുക്കിയിരുന്നത്. ഓരോ ദിവസവും ഓരോ തരത്തിലുള്ള പൂക്കൾ ചേർത്ത് പൂക്കളത്തിന്റെ വലുപ്പം കൂട്ടും. അങ്ങനെ ഒൻപത് ദിവസത്തിന് ശേഷം തിരുവോണനാളിൽ വീടിന്റെ മുറ്റം നിറഞ്ഞുനിൽക്കുന്ന വലിയൊരു പൂക്കളം തയ്യാറാകും.
പൂത്തറ (ഓണത്തറ)
മഹാബലിയെ വരവേൽക്കാൻ ഓരോ പ്രദേശത്തും വ്യത്യസ്ത രീതിയിലാണ് ഓണത്തറകൾ (അല്ലെങ്കിൽ പൂത്തറകൾ) ഒരുക്കുന്നത്. പണ്ട് കുളത്തിലെ ചേറും വെട്ടുകല്ലും (അല്ലെങ്കിൽ ചുടുക്കട്ട) ഉപയോഗിച്ച് മൂന്ന് നിലകളിലാണ് തറ നിർമ്മിച്ചിരുന്നത്. ഈ തറ കാവി പൂശി, അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അലങ്കരിച്ച് വർണ്ണാഭമാക്കും. ഓണത്തപ്പൻ വിഗ്രഹങ്ങൾ ഈ തറയിൽ പ്രതിഷ്ഠിക്കും. ഏറ്റവും വലിയ ഓണത്തപ്പനെ മുകളിലത്തെ നിലയിലും, മറ്റുള്ളവ താഴത്തെ നിലകളിലും പ്രതിഷ്ഠിക്കും. ഏറ്റവും ചെറിയ വിഗ്രഹങ്ങൾ ഉമ്മറം മുതൽ പടി വരെ നിരത്തിവയ്ക്കും.
കുരുത്തോല, ചൊട്ട, തുമ്പ
പൂത്തറ മുതൽ പടി വരെ കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങൾ കാണാം. കുരുത്തോലകൾ ചേർത്ത് കെട്ടി അതിനിടയിൽ പൂമാലകൾ തൂക്കും. വാഴത്തടയിൽ കുരുത്തോല തറച്ച് പല രൂപങ്ങൾ ഉണ്ടാക്കാറുണ്ട്. ഓണത്തപ്പനെ വരവേൽക്കാൻ പൂത്തറയ്ക്ക് സമീപം തെങ്ങിൻ പൂക്കുല (ചൊട്ട) വിടർത്തി വയ്ക്കും. ഇതിന് സമീപം ചെറിയ മൺരൂപങ്ങളും വെക്കാറുണ്ട്. ഇവയ്ക്കെല്ലാം ഭംഗി കൂട്ടാൻ വയലേലകളിൽ പൂത്തുനിൽക്കുന്ന തുമ്പപ്പൂക്കളും ഉണ്ടാകും. ഉത്രാട രാത്രിയിൽ തുമ്പപ്പൂക്കൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ഉപ്പേരി, ശർക്കരവരട്ടി, പൂവട
തിരുവോണ നാളിൽ രാവിലെ മുതിർന്നവരുടെ നേതൃത്വത്തിൽ നടക്കുന്ന പൂജയോടെയാണ് ആഘോഷങ്ങൾ തുടങ്ങുന്നത്. പൂജയ്ക്ക് മുന്നോടിയായി വാഴയിലയിൽ ചില വിഭവങ്ങൾ ഒരുക്കും. അവിൽ, മലര്, ഉപ്പേരി, ശർക്കരവരട്ടി, പിന്നെ ഓണത്തിന്റെ പ്രത്യേക പലഹാരമായ പൂവട എന്നിവയാണ് പ്രധാനം. മിക്ക വീടുകളിലും ഓണത്തിന് മാത്രമാണ് പൂവട ഉണ്ടാക്കാറുള്ളത്. വറുത്ത അരിപ്പൊടിയിൽ ഏലയ്ക്കാപ്പൊടി, ശർക്കര, നാളികേരം (തേങ്ങ) എന്നിവ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരമാണിത്. വാഴയിലയുടെ ചെറിയ കഷണങ്ങളിലാണ് ഇത് ഉണ്ടാക്കുന്നത്. വിളക്ക് കൊളുത്തി മുതിർന്നവർ ‘ആർപ്പോ ഇറോ’ വിളികൾ മുഴക്കുന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും.
സദ്യയോടെ തിരുവോണം
തിരുവോണ ദിവസം രാവിലെ തന്നെ എല്ലാവരും ഉണരും. ലളിതമായ പ്രഭാതഭക്ഷണത്തിന് ശേഷം എല്ലാവരും ചേർന്ന് സദ്യയൊരുക്കുന്നത് പണ്ടത്തെ രീതിയായിരുന്നു. എന്നാൽ ഇന്ന് ഓണസദ്യ പുറത്തുനിന്ന് വാങ്ങുന്ന ശീലം കൂടിവരുന്നുണ്ട്. എങ്കിലും, തിരുവോണ നാളിൽ എല്ലാവരും ചേർന്ന് ഇലയിട്ട് ഓണസദ്യ കഴിക്കാറുണ്ട്. സദ്യയ്ക്ക് ശേഷം പായസവും കുടിച്ചുകഴിഞ്ഞാൽ തിരുവോണ ആഘോഷങ്ങൾക്ക് ഒരു പൂർണ്ണത ലഭിക്കും. ശേഷം അല്പം വിശ്രമവുമാകാം.
ലോകത്തിന്റെ ഏത് കോണിലായാലും മലയാളികൾ ഓണം ആഘോഷിക്കാൻ മറക്കില്ല. ഒത്തുചേരലുകളും, വിവിധ കലാപരിപാടികളും ഒക്കെയായി ഓണക്കാലം മനോഹരമായ ഓർമ്മകളാക്കി മാറ്റി അടുത്ത ഓണത്തിനായി കാത്തിരിക്കും. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന പഴഞ്ചൊല്ല് മലയാളികൾ ഇന്നും മുറുകെപ്പിടിക്കുന്നു. എത്ര കഷ്ടപ്പെട്ടായാലും ഓണസദ്യ കഴിക്കണം എന്ന സന്ദേശമാണിത് നൽകുന്നത്. സമ്പൽസമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു തിരുവോണം കൂടി വന്നെത്തി. നമുക്ക് ഒന്നിച്ച് ആഘോഷിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ഓണത്തിന്റെ അടുക്കളയിൽ സ്ത്രീകളുടെ വിയർപ്പും അധ്വാനവും | Women | Kerala | Onam Kitchen Workload | Gender Equality & Onam | What's Happening Around |