247
Views

ഒരു പുസ്തകം സിനിമയാകുമ്പോൾ സംഭവിക്കുന്നതെന്ത് എന്ന കൗതുകത്തിന് ഒരു അന്ത്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോ തവണയും ബുക്ക്–സിനിമ അഡാപ്റ്റേഷൻ പുറത്ത് വരുമ്പോൾ സംഭവിക്കുന്ന ചർച്ചകൾ പോലെയല്ല, അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ ലോകേഷ് കനകരാജ് നായകനായെത്തിയ തമിഴ് ചിത്രം ഡിസി ഇറങ്ങിയപ്പോൾ ഉണ്ടായവ.

ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ആക്ഷൻ ത്രില്ലർ എന്നതിനപ്പുറത്തേക്ക് ഡിസിയുടെ പ്രാധാന്യം എന്താണ്?

ദേവദാസ്

സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഡിസി ചർച്ചയാകാൻ കാരണം നൂറിലധികം വർഷങ്ങൾ പഴക്കമുള്ള ഒരു ബംഗാളി നൊവെല്ലയാണ്. 1917ൽ ശരത്ചന്ദ്ര ചതോപാധ്യായ് എഴുതിയ ‘ദേവദാസ്‘.

Devdas book cover (Hindi) | Amazon/Pusthak Mahal

തന്റെ ബാല്യകാല സുഹൃത്തായ പാറുവിനെക്കുറിച്ചുള്ള ഓർമ്മകളാണ് ദേവദാസ് എന്ന നൊവെല്ലയായി ശരത്ചന്ദ്ര എഴുതി തീർത്തത്. സ്വന്തം ജീവിതത്തിന്റെ വിരഹപശ്ചാത്തലം, എഴുതിയ കൃതിയിലും വന്നുഭവിച്ചു. തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന ദേവദാസും പാറുവും. പണം, പ്രൗഢി, ജാതി എന്നീ കാരണങ്ങൾ കൊണ്ട് പാറുവിനെ പിരിയേണ്ടി വന്ന ദേവദാസ് നിരാശനായി തന്റെ ജീവിതം തള്ളി നീക്കുന്നതാണ് പ്രധാന കഥ.

ഈ കഥയിൽ എന്താണ് പ്രത്യേകത? ഈ ചോദ്യം അറിയാതെയെങ്കിലും എല്ലാവരും ചോദിച്ച് പോകുക, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമ അഡാപ്റ്റേഷനുകള്‍ക്ക് ആധാരമായത് ദേവദാസ് ആണ് എന്നറിയുമ്പോഴാണ്. 1928ൽ വന്ന നിശബ്ദചിത്രം മുതൽ പല കാലങ്ങളിലായി ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, അസമീസ്, ഉറുദു എന്നിങ്ങനെ പല ഭാഷകളിൽ ഇരുപതിലധികം അഡാപ്റ്റേഷനുകൾ പുറത്തുവന്നു. മിക്കവയും യഥാർത്ഥ കഥയിൽ ഉറച്ചു നിന്നപ്പോൾ, മറ്റു ചിലത് കുറച്ചു ഭാഗങ്ങൾ മാത്രം എടുത്ത് സിനിമയായി മാറി. അതിലൊന്നാണ് ഡിസി.

1935നും 1937നും ഇടയിൽ പി.സി. ബറുവ ബംഗാളി, ഹിന്ദി, ഭാഷകളിൽ മൂന്ന് പതിപ്പുകളായി ദേവദാസ് സംവിധാനം ചെയ്തതോടെയാണ് ഈ കഥയ്ക്ക് ഉന്നത സാംസ്കാരിക പദവി ലഭിക്കുന്നത്. തുടർന്ന്, 1955ൽ ബിമൽ റോയിയുടെ സംവിധാനത്തിൽ ദിലീപ് കുമാർ നായകനായെത്തിയ ചിത്രം ഹിന്ദി സിനിമയുടെ പൊൻതൂവലായി. പിന്നീട്, 2002ൽ സഞ്ജയ് ലീല ബൻസാലി തന്റെ പ്രൗഢഗംഭീരമായ ദൃശ്യഭാഷയിലൂടെ ദേവദാസിനെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തിച്ചു. ഷാരൂഖ് ഖാനും ഐശ്വര്യ റായിയും അഭിനയിച്ച ഈ ചിത്രം കാൻ ചലച്ചിത്രമേളയിലടക്കം പ്രദർശിപ്പിക്കപ്പെട്ടു. ഈ ചിത്രമാണ് ഇന്നത്തെ തലമുറയിലുള്ള പലരും കണ്ടിരിക്കുക.

Devdas Movie poster

വെറും പ്രണയകഥയോ?

അല്ല. അന്നേവരെ നിഷ്കളങ്കരും സത്യസന്ധന്മാരും മാത്രം നായകന്മാരായി വന്നിരുന്ന സാഹിത്യത്തിൽ, ദേവദാസ് വ്യത്യസ്തനാണ്. വെറും പ്രണയമല്ല അയാളുടെ വിഷയം. വ്യവസ്ഥാപിത വിരുദ്ധനായ (Antihero) നായകനാണ് അയാൾ. പലപ്പോഴും ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ പോകുന്ന ഒരാൾ. വാശിയുള്ള, ദേഷ്യമുള്ള, വിരഹത്തിന്റെ തീയിൽ മരിച്ചു വീഴാൻ തീരുമാനിക്കുന്ന നായകന്‍. നായക സങ്കൽപ്പങ്ങളെ തച്ചുടച്ചുകൊണ്ട് ശരത്ചന്ദ്ര, പോരായ്മകളുള്ള ഒരു മനുഷ്യനിലേക്ക് നോക്കി എന്നത് ദേവദാസിനെ വേറിട്ട് നിർത്തി.

തന്റെ പ്രണയം തുറന്ന് പറയാൻ ഒരു മടിയുമില്ലാത്ത, അഭിമാനത്തിന് ക്ഷതമേൽക്കുമ്പോൾ പ്രതികരിക്കുന്ന ഫെമിനിസ്റ്റ് ചിഹ്നമായി മാറി പാറു. അമിത മൃദുത്വമുള്ള, സർവംസഹയല്ല. പ്രണയം കാത്തുസൂക്ഷിക്കുമ്പോഴും തന്റെ ഉത്തരവാദിത്വങ്ങളിൽ ഉറച്ച് നിൽക്കുന്നവൾ. ഡിസിയിലെ പാര്‍വതി, ഗായികയാകാൻ തീരുമാനിച്ച് തന്റെ നിലപാടിൽ മുന്നോട്ടു പോകുന്നവളാണ്. വൈകാരിക ഭാവത്തിനിടയിലും അവളിൽ ശക്തി പ്രതിഫലിക്കുന്നുണ്ട്.

പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ വേദനകളെ പ്രതിനിധീകരിച്ച ചന്ദ്രമുഖി എന്ന കഥാപാത്രം, ‘വേശ്യയ്ക്ക് പ്രണയമോ’ എന്ന് അധിക്ഷേപിച്ച സമൂഹത്തിനു നേർക്കുള്ള അടിയാണ്. പുരുഷാധിപത്യ സമൂഹത്തിനെതിരെ പ്രതിരോധം തീർക്കുന്ന പ്രതീകമായ ചന്ദ്രമുഖി (ഡിസിയിൽ ചന്ദ്ര), സിഗ്മണ്ട് ഫ്രോയിഡിന്റെ മനഃശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള കഥാപാത്രമാണ്. അമർത്തിവയ്ക്കപ്പെട്ട ആഗ്രഹങ്ങൾ, മാതൃത്വപരമായ ഇല്ലായ്മകൾ എന്നിവ ചന്ദ്രയുടെ കഥാപാത്രത്തിലൂടെ കൃത്യമായി വിശകലനം ചെയ്യപ്പെടുന്നു.

DC Movie poster ​| Sun Pictures

ചന്ദ്ര(മുഖി) തനിക്കുള്ള ആഗ്രഹങ്ങൾ തുറന്നുപറയുകയും ദേവദാസിനോട് പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്യുമ്പോൾ പരമ്പരാഗത സ്ത്രീസങ്കൽപ്പങ്ങളെയാണ് പൊളിച്ചെഴുതുന്നത്. സമൂഹം സ്ത്രീയെ എക്കാലത്തും പുരുഷന്റെ കീഴിലുള്ള ‘മറ്റൊരാൾ’ (The Other) ആയി കാണുന്നതിനെ ചോദ്യം ചെയ്ത, ഫ്രഞ്ച് ചിന്തകയായ സിമോൺ ഡി ബൂവ (Simone de Beauvoir) മുന്നോട്ടുവെച്ച സ്ത്രീവാദ ആശയമാണത്.

സമൂഹത്തിന്റെ വിലക്കുകളെ ധിക്കരിച്ച് ജീവിച്ച മൂന്ന് പേരുടെ കഥയാണ് ദേവദാസ്. തകർന്നു പോകുമ്പോഴും തോറ്റു കൊടുക്കാത്തവർ.

പുതിയ ദേവദാസ്

പരമ്പരാഗത ദേവദാസ് കഥയിൽ നിന്ന് ഡിസിയിലേക്ക് വരുമ്പോൾ പുതുമകൾ നിരവധിയാണ്. പ്രണയം പൂർണ്ണമാകുന്നതിന് മുൻപ് പാർവതി കൊല്ലപ്പെട്ടാൽ ദേവദാസിന്റെ അവസ്ഥ എന്തായിരിക്കും? പുതിയ ദേവദാസ് സമ്പന്നനല്ല, സമാധാനമുള്ള ഒരു ദിവസം പോലും അയാളുടെ ജീവിതത്തിലില്ല. അവിടേക്ക് തന്റെ ഏക ആശ്വാസമായിരുന്ന അമ്മയെ ഓർമ്മിപ്പിക്കുന്ന, പാർവതി എത്തുന്നു. ഡിസിയിൽ ദാസും പാർവതിയും തമ്മിൽ പ്രണയമല്ല. ദുഃഖത്തിലും മടുപ്പിലും പരസ്പരം പങ്കുവെയ്ക്കൽ സാധ്യമാകുന്ന രണ്ടുപേരാണ്. അവരുടെ ആ ചെറിയ സൗഹൃദം ആഴത്തിലുള്ള പ്രണയമായി മാറും മുൻപ്, പാർവതി കൊല്ലപ്പെടുന്നു. അതും പോലീസിന്റെ കൈകൊണ്ട്! നിയമം നടപ്പാക്കേണ്ടവർ തന്നെ നടത്തുന്ന വേട്ടയാടലുകളാണ് ചിത്രത്തിൽ പ്രമേയമാകുന്നത്.

പ്രിയപ്പെട്ടവളിൽനിന്ന് അകറ്റപ്പെട്ട്, സ്വയം നശീകരണത്തിലേക്ക് കൂപ്പുകുത്തുന്ന ദേവദാസിന്റെ കഥ ഇവിടെയില്ല. മനുഷ്യന്റെ ഏകാന്തതയും അപൂർണ്ണമായ ഒരു കൂടിക്കാഴ്ചയുടെ വേദനയും അധികാര വർഗ്ഗത്തോടുള്ള ചെറുത്തുനിൽപ്പുമാണ് ഡിസി. വേദനയുടെ പര്യായമായിരുന്ന ക്ലാസിക് കഥാപാത്രത്തിന് നൽകിയിരിക്കുന്ന ആധുനിക മുഖം അതിജീവനത്തിന്റേതാണ്. പഴയ ദേവദാസ് ദുഃഖംകൊണ്ട് നശിക്കുമ്പോൾ, പുതിയ കാലത്തിന്റെ ദേവദാസ് പ്രതികാരംകൊണ്ട് കത്തുന്നു.

DC Movie poster | Sun Pictures

മാതേശ്വരന്റെ സിനിമാറ്റിക് പ്രപഞ്ചത്തിൽ, അക്രമം വെറുമൊരു ഉപകരണമല്ല, അത് മനഃശാസ്ത്രപരമായ പ്രതിരോധമാണ്. പ്രതികാരത്തിനൊപ്പം പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള രക്ഷാദൗത്യവുമായി അത് മാറുന്നു. സ്വകാര്യ ദുഃഖത്തിനപ്പുറം അത് പൊതു ആവശ്യമായി മാറുന്നു. നിയമത്തിന്റെ കാവൽക്കാരായ ഭരണകൂടവും പുറത്തുള്ള നിയമലംഘകരും അക്രമത്തെ സാധാരണവൽക്കരിക്കുന്നുണ്ട്. രണ്ട് കൂട്ടരും കൊല്ലാൻ മടിക്കുന്നില്ല. മടിക്കുന്ന നിമിഷത്തിലൊക്കെ ദാസ് തോറ്റു പോകുന്നതാണ് നാം കാണുന്നത്. അക്രമം ഒരു ഭാഷയായി നിലനിൽക്കുന്നയിടത്ത് നന്മയുള്ള ആളായി തുടരാൻ സാധ്യമല്ലെന്ന് അത് തെളിയിക്കുന്നു.

ആറാം വയസ്സ് മുതൽ വേശ്യാലയത്തിൽ തടവിലാക്കപ്പെട്ട ചന്ദ്രയും കുറ്റകൃത്യങ്ങളുടെയും ലോകത്തുനിന്ന് വന്ന ദാസും തമ്മിലുള്ള ബന്ധം ‘ഭ്രാന്ത് ഭ്രാന്തിനെ തിരിച്ചറിയുന്ന’ പ്രക്രിയയാണ്. 1982ലെ ബാലു മഹേന്ദ്രയുടെ ക്ലാസിക് ചിത്രമായ മൂന്ദ്രം പിറയ് ടിവിയിൽ കാണുന്ന ചന്ദ്രയുടെ ആദ്യ ഷോട്ടിൽ തന്നെ, അവളെ തേടി രക്ഷകൻ വരുമെന്ന സൂചനയാണ് കാണിക്കുന്നത്.

ദാസോ ചന്ദ്രയോ വിശുദ്ധരല്ല. അവർ ആഴത്തിൽ മുറിവേറ്റവരാണ്. ജീവനോടെയിരിക്കാൻ കൊല്ലാനും അവർ മടിക്കുന്നില്ല. തകർന്നടിഞ്ഞ രണ്ട് മനുഷ്യരുടെ പരസ്പര മനസ്സിലാക്കലാണ് അവർക്കിടയിൽ നടക്കുന്നത്. നിഷ്കളങ്കതയുടെയും ധീരതയുടെയും മിശ്രിതമായ ചന്ദ്രയും സ്വതന്ത്രനാണെങ്കിലും ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുന്ന ദാസും, മനുഷ്യരുടെ നിസ്സഹായാവസ്ഥകളെയും ഒളിച്ചോട്ടങ്ങളെയും അതിജീവനത്തിനായുള്ള അവരുടെ നെട്ടോട്ടങ്ങളെയും വരച്ചുകാട്ടുന്നു.

പറയപ്പെടാതെ പോകുന്ന ചിലത്

ദേവദാസ് ഒരു പ്രണയകഥയായതുകൊണ്ട് മാത്രമല്ല ശ്രദ്ധിക്കപ്പെട്ടത്, ലക്ഷണമൊത്ത ഒരു കൃതിയ്ക്ക് വേണ്ട ഗുണങ്ങൾ അതിനുള്ളതുകൊണ്ടാണ്. ഒരു മനുഷ്യനെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ അതിലുണ്ട്. പ്രണയം, വിരഹം എന്നീ വിഷയത്തിനൊപ്പം ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ രസങ്ങളും ഭാവങ്ങളും അരിസ്റ്റോട്ടിലിന്റെ ദുരന്ത സിദ്ധാന്തവും ദേവദാസിൽ കൃത്യമായി ഇടകലർന്നിരിക്കുന്നു.

DC Movie poster | Sun Pictures

ഭാരതീയ നാടകകലയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും അടിസ്ഥാന ഗ്രന്ഥമാണ് ഭരതമുനി രചിച്ച നാട്യശാസ്ത്രം. മനുഷ്യവികാരങ്ങളെയും (ഭാവങ്ങൾ) അവയുടെ ഫലമായുണ്ടാകുന്ന ആസ്വാദനത്തെയും (രസങ്ങൾ) ഇതിൽ വിവരിക്കുന്നു. നവരസങ്ങളിലെ ശൃംഗാര രസത്തിന്റെ ഒരു വിഭാഗമാണ് വിപ്രലംഭ ശൃംഗാരം. പരസ്പരം പ്രണയിക്കുന്ന നായകനും നായികയും വിവിധ കാരണങ്ങളാൽ വേർപെട്ടിരിക്കുമ്പോഴുള്ള വിരഹവും ദുഃഖവും ഇതിലൂടെ ആവിഷ്കരിക്കുന്നു. അകൽച്ച പ്രണയത്തെ കൂടുതൽ ആഴമുള്ളതാക്കുന്നു എന്ന ആശയമാണ് ദേവദാസിന്റെ കഥയുടെ കാതൽ. വിജയിച്ച പ്രണയത്തേക്കാൾ വേർപിരിയൽ മനുഷ്യമനസ്സിലേക്ക് വേരുന്നും എന്ന തന്ത്രം എഴുത്തുകാരൻ കൃത്യമായി പ്രയോജനപ്പെടുത്തി.

നാട്യശാസ്ത്രം പ്രകാരം, പ്രധാന വികാരത്തെ (സ്ഥായിഭാവം) പുഷ്ടിപ്പെടുത്താൻ സഹായിക്കുന്ന താത്കാലിക വികാരങ്ങളാണ് വ്യഭിചാരി ഭാവങ്ങൾ. ഇതിൽ ‘സ്മൃതി’ (പഴയകാല ഓർമ്മകൾ) ഒരു പ്രധാന ഭാവമാണ്. ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകളും അതോടനുബന്ധിച്ചുള്ള ഉറക്കമില്ലായ്മയും മാനസിക തകർച്ചയും കഥാപാത്രങ്ങളെ നിരന്തരം വേട്ടയാടുന്നു.

DC Movie poster | Sun Pictures

ദേവദാസിലുള്ള മറ്റൊരു രചനാപാടവമാണ് അരിസ്റ്റോട്ടിലിന്റെ ദുരന്ത സിദ്ധാന്തപ്രകാരമുള്ള കഥയെഴുത്ത്. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ തന്റെ പൊയറ്റിക്സ് (Poetics) എന്ന ഗ്രന്ഥത്തിൽ ക്ലാസ്സിക്കൽ ദുരന്തനാടകങ്ങളുടെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിലെ മുഖ്യമായ 3 ഘടകങ്ങളും ദേവദാസിലുണ്ട്.

ഹമാർട്ടിയ (Hamartia): നായകന്റെ സ്വഭാവത്തിലെ ദൗർബല്യം അല്ലെങ്കിൽ കൈപ്പിഴയാണ് ഹമാർട്ടിയ. ദേവദാസിന്റെ കാര്യത്തിൽ എടുത്തുചാട്ടവും അമിത വൈകാരികതയുമാണ് അയാളുടെ വീഴ്ചയ്ക്ക് കാരണമാകുന്നത്. അതിനൊപ്പം പുസ്തകത്തിലെ നായകന് പണത്തിന്റെയും പ്രൗഢിയുടെയും അഹങ്കാരവും കാണാമെങ്കിൽ ഡിസിയിൽ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള വീഴ്ചയാണ് നായകനുള്ളത്. പുസ്തകത്തിൽ വിരഹം തീർക്കുന്നത് മദ്യപാനത്തിലൂടെയാണെങ്കിൽ ഡിസിയിൽ അത് ആക്രമണത്തിലൂടെയാണ്.

അനഗ്നോറിസിസ് (Anagnorisis): നായകന് താൻ ചെയ്തുകൂട്ടിയ അബദ്ധങ്ങളെക്കുറിച്ചും അതിന്റെ ദുരന്തഫലങ്ങളെക്കുറിച്ചും വൈകിയുണ്ടാകുന്ന തിരിച്ചറിവാണ് അനഗ്നോറിസിസ്. എല്ലാം നഷ്ടപ്പെട്ടതിനു ശേഷം മാത്രം ബോധോദയം ഉണ്ടാകുന്ന അവസ്ഥയാണിത്. പാർവതിയുടെ നഷ്ടപ്പെടൽ തന്നെയാണ് പുസ്തകത്തിലും സിനിമയിലും അനാഗ്നോറിസിസിനു കാരണം.

കതാർസിസ് (Catharsis): കഥാപാത്രങ്ങളുടെ ദുരന്തം കാണുമ്പോൾ കാണികളിലുണ്ടാകുന്ന ഭയവും അനുകമ്പയും വഴി മനസ്സ് ശുദ്ധീകരിക്കപ്പെടുന്ന പ്രക്രിയയാണ് കതാർസിസ്. ഒരിക്കൽ നഷ്ടപ്പെട്ടു പോയതിന്റെ വില മനസ്സിലാക്കുന്ന ദേവദാസിനെ പോലെ വായനക്കാരിലും കാണികളിലും കതാർസിസ് നടക്കുന്നു. തെറ്റുകൾ ചെയ്യാതെ ഇനി എങ്ങനെ മുന്നോട്ട് പോകാം എന്ന് ചിന്തിക്കുന്നു.

DC Movie poster/Sun Pictures

വെല്ലൂർ, ഗോബിച്ചെട്ടിപാളയം, സത്യമംഗലം, ഈറോഡ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലൂടെ അതിവേഗം സഞ്ചരിക്കുന്ന ഡിസി എന്ന ചിത്രം, പുതിയ കാലത്തിന്റെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും ഉൾക്കൊണ്ട് രൂപമാറിയ ദേവദാസ് ആണ്. രക്തരൂക്ഷിതമായ ലോകത്താണ് അതിലെ കഥാപാത്രങ്ങൾ ജീവിക്കുന്നത്. നിഴലുകളും ഇരുട്ടും നിറഞ്ഞ ഫ്രെയിമുകൾ വർണ്ണങ്ങളുടെയും മനഃശാസ്ത്രത്തിന്റെയും ദൃശ്യഭാഷയായി മാറുന്നു. വികാരങ്ങളുടെ ഭാഷയായി അക്രമം മാറുമ്പോൾ, ദുഃഖം പ്രതികാരത്തിനായുള്ള കാരണമാണ് ഇവിടെ.

അതിജീവനത്തിലാണ് ഡിസിയിലെ കഥയുടെ നിലനിൽപ്പ് തന്നെ. ദുഃഖിച്ച് മരിക്കുന്ന ദേവദാസിന്റെ കാലഘട്ടം കഴിഞ്ഞു. വ്യക്തിപരമായ വേദനകള്‍ക്ക് മുകളിൽ കെട്ടിപ്പൊക്കിയ ജീവിതമാണ് ഇനി ബാക്കിയുള്ളത്.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Prime Time · Swap Mode

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading