”ഒരു കുട്ടിയെ വളർത്തണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, പങ്കാളി വേണ്ട. അതൊന്നും എനിക്ക് പറ്റില്ല.”
ഇങ്ങനെ പറയുന്ന ഒരു സുഹൃത്തെങ്കിലും നിങ്ങളുടെ സൗഹൃദ വലയത്തിൽ ഉണ്ടാവില്ലേ? കല്യാണം കഴിക്കാനോ, പ്രണയിക്കാനോ താൽപര്യമില്ലാതെ, പങ്കാളി വേണ്ടെന്ന ശാഠ്യത്തിൽ നിൽക്കുന്നവർ സമൂഹത്തിൽ കുറവല്ല. എന്നാൽ, അതിൽ ചിലരെങ്കിലും ഒരു കുട്ടിയെ വളർത്താൻ ആഗ്രഹിക്കുന്നുണ്ട്. എനിക്കൊരു നല്ല അച്ഛനോ അമ്മയോ ആകാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. നല്ലൊരു വ്യക്തിയായി ആ കുട്ടിയെ വളർത്തിയെടുക്കണമെന്നാണ് അവരുടെ താൽപര്യം.
അവിവാഹിതയോ, അവിവാഹിതനോ ആയൊരു വ്യക്തി ഒരു കുഞ്ഞിനോടൊപ്പം ജീവിക്കുന്നത് സമൂഹത്തിന് ഇന്നും അംഗീകരിക്കാൻ കഴിയാത്തതാണ്. കല്യാണം, കുടുംബം, കുഞ്ഞ് എന്നതാണല്ലോ അലിഖിത നിയമം. ഈ ക്രമം തെറ്റിയാൽ പല ചോദ്യങ്ങളും, സംശയങ്ങളും, ആശങ്കകളും ദിവസേന നേരിടേണ്ടി വരും. ഒരു കുഞ്ഞിനെ ഒറ്റയ്ക്കു വളർത്തുന്നത് അത്ര എളുപ്പവുമായിരിക്കില്ല. എന്നിട്ടും എന്തുകൊണ്ട് പലരും ഇത്തരമൊരു ജീവിതം ആഗ്രഹിക്കുന്നു? കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും മനഃശാസ്ത്രപരമായി ഒരുപാട് കാരണങ്ങൾ ഈ തോന്നലിനു പിന്നിലുണ്ട്.

ഒരു കുഞ്ഞിന്റെ അച്ഛനോ അമ്മയോ ആകാൻ ആഗ്രഹിക്കുന്നവർ കുട്ടിയെ സ്നേഹിക്കണം, നല്ല രീതിയിൽ വളർത്തണം, ജീവിതത്തിന് ഒരു അർഥം വേണം എന്നൊക്കെയാവും ചിന്തിക്കുക. അതേ സമയം കല്യാണത്തെ ഒരു പൊരുത്തപ്പെടലായും, തർക്കങ്ങളായും, സഹിഷ്ണുതയായും, സ്വാതന്ത്ര്യമില്ലായ്മയായും കരുതുന്ന വ്യക്തിയാണെങ്കിൽ വിവാഹവും പങ്കാളിത്തവും ഒരു ബുദ്ധിമുട്ടായി കരുതും. അങ്ങനെയൊരാൾ പങ്കാളി വേണമെന്ന് ആഗ്രഹിക്കില്ലല്ലോ.
ഇന്നത്തെ വാർത്തകളും, ചുറ്റിലും നടക്കുന്ന സംഭവങ്ങളും കാണുന്ന ഒരു വ്യക്തി വിവാഹത്തെയും പങ്കാളിത്തത്തെയും ഭയക്കാനാണ് കൂടുതൽ സാധ്യത. ചിലരെ, മുൻ കാലങ്ങളിലെ പ്രണയത്തകർച്ചയോ മോശം അനുഭവങ്ങളോ ഇനിയൊരു പങ്കാളിയോ വിവാഹമോ വേണ്ട എന്ന തീരുമാനത്തിലേക്ക് നയിക്കാം. ചിലർക്ക് വിവാഹത്തോടെ തന്റെ സ്വാതന്ത്ര്യത്തിൽ മറ്റൊരാളുടെ കടന്നുകയറ്റമുണ്ടായേക്കാം, സ്വന്തം കാര്യങ്ങൾ മറ്റൊരാളിനോട് ചർച്ച ചെയ്യേണ്ടി വരാം എന്നതിൽ അതൃപ്തിയോ അനുഭവപ്പെടാം, ഇത്തരക്കാരും പങ്കാളി വേണ്ടെന്ന് തീരുമാനിക്കും. എന്നാൽ, ഈ കാരണങ്ങളുണ്ടെന്നാലും ഒരു കുട്ടിയെ വളർത്താനുള്ള അവരുടെ ആഗ്രഹം ഇല്ലാതാവുന്നില്ല. ചിലരെങ്കിലും സ്വന്തം ജീവിതത്തിൽ കിട്ടാതെ പോയ സ്നേഹവും ലാളനയും കരുതലുമെല്ലാം തന്റെ കുഞ്ഞിനു നൽകണമെന്ന് ആഗ്രഹിക്കുന്നു. ഒരു കുട്ടിയെ എങ്ങനെ വളർത്തണമെന്ന് കാണിച്ചുതരാമെന്ന വാശിയും പലപ്പോഴും ഇങ്ങനെയൊരു ആഗ്രഹത്തിനു കാരണമാകാം.

ഇക്കാലത്ത് ദത്തെടുക്കൽ, സ്പേം ഡൊണേഷൻ എന്നിവ വഴി ‘കുഞ്ഞ്’ എന്ന സ്വപ്നം സാധിക്കാവുന്നതാണ്. അതേസമയം ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്നതിൽ ഉത്തരവാദിത്തങ്ങളും കൂടുതലാണ്. കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാകണം. ആവശ്യമായതെല്ലാം നൽകണം. ഇമോഷണലി, ഫിനാൽഷ്യലി തയ്യാറാണെങ്കിൽ മാത്രമേ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുവരാൻ പാടുള്ളു. സമയക്കുറവ് ഉള്ളവരോ, മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയോ, സമ്പാദ്യം ഇല്ലാത്തയാളോ ആണെങ്കിൽ ഭാവിയിൽ കുട്ടിയാകും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക.
നിലവിലെ ഇന്ത്യൻ നിയമപ്രകാരം ഒരു വ്യക്തിക്ക് കുഞ്ഞിനെ ദത്തെടുക്കാൻ കഴിയുമോ എന്ന് പലർക്കും സംശയമാണ്. സിംഗിൾ ആയ സ്ത്രീക്ക് ആൺകുട്ടിയെയോ പെൺകുട്ടിയെയോ ദത്തെടുക്കാം. എന്നാൽ, സിംഗിൾ ആയ പുരുഷനു ആൺകുട്ടിയെ മാത്രമേ ദത്തെടുക്കാനാകൂ. വ്യക്തിയുടെ സാമ്പത്തിക സ്ഥിതി, മാനസിക–ശാരീരിക ആരോഗ്യം, ക്രിമിനൽ പശ്ചാത്തലം, കുഞ്ഞിനെ പരിപാലിക്കാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷം മാത്രമേ കുഞ്ഞിനെ ദത്തെടുക്കാൻ കഴിയൂ.
ഐവിഎഫ് വഴിയും സ്പേം ഡൊണേഷൻ വഴിയും സിംഗിൾ ആയ സ്ത്രീകൾക്ക് ഗർഭം ധരിക്കാവുന്നതാണ്. സർക്കാർ അംഗീകൃത സ്പേം ബാങ്കിലൂടെയോ ഫെർട്ടിലിറ്റി ക്ലിനിക്ക് വഴിയോ ഇവ സാധ്യമാണ്. ഡോണറുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. അതേസമയം ഇന്ത്യയിൽ വാടക ഗർഭധാരണം അഥവാ സറോഗസിക്ക് കൃത്യമായ നിയന്ത്രണമുണ്ട്. സിംഗിൾ പാരന്റ്, സ്വവർഗ ദമ്പതികൾ, വിദേശികൾ എന്നിവർക്ക് ഇന്ത്യയിൽ വാടക ഗർഭധാരണത്തിന് അർഹതയില്ലെന്നാണ് നിയമം.

Discover more from Ivide LIVE
Subscribe to get the latest posts sent to your email.




